കരുണാനിധിയുടെ മരണത്തോടെ തമിഴ്‌നാടിന് നഷ്ടപ്പെട്ടത് ഒരു കാരണവരെയാണെന്ന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. കലൈഞ്ജര്‍ ഇല്ലാത്ത ഒരു തമിഴ്‌നാടിനെക്കുറിച്ച് തനിക്ക് ഓര്‍ക്കാന്‍ പോലും കഴിയുന്നില്ലെന്നും, അദ്ദേഹത്തിന്റെ നഷ്ടം നികത്താന്‍ തമിഴ്‌നാട്ടില്‍ മറ്റൊരാളില്ലെന്നും രജനീകാന്ത് പറഞ്ഞു. സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ നടത്തിയ സ്മരണാഞ്ജലിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഏതു ഉന്നതര്‍ തമിഴ്‌നാട്ടില്‍ വന്നാലും കലൈഞ്ജറെ കണ്ടിട്ടേ മടങ്ങൂ. ഇനി അങ്ങനെയൊരാള്‍ ഇല്ല. മുതിര്‍ന്ന ഒരാളെ വിളിക്കാന്‍ സമയത്ത്, ദളപതി (സ്റ്റാലിന്‍) ആരെ വിളിക്കും എന്നെനിക്കറിയില്ല. അദ്ദേഹം മൂലം രാഷ്ട്രീയത്തിലേക്ക് വന്നത് ലക്ഷങ്ങളാണ്. സജീവരാഷ്ട്രീയത്തിലേക്ക് ആയിരക്കണക്കിനു പേരെ അദ്ദേഹം കൈപിടിച്ചു കൊണ്ടുവന്നു. അദ്ദേഹത്താല്‍ നേതാവായവര്‍ നൂറുകണക്കിനു പേര്‍. ഞാന്‍ പറയുമ്പോള്‍ ആരും തെറ്റിദ്ധരിക്കരുത്. എഐഡിഎംകെയുടെ പരിപാടികളില്‍ പുരട്ചി തലൈവറുടെ(എംജിആര്‍) ചിത്രത്തിനൊപ്പം കലൈഞ്ജറുടെ ചിത്രവും വയ്ക്കണം. കാരണം അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം രൂപപ്പെട്ടത് അദ്ദേഹത്തിന്റെ കൂടി വിയര്‍പ്പിനാലാണ്,’ രജനീകാന്ത് പറഞ്ഞു.

‘അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തെക്കുറിച്ച് ഞാന്‍ ഒന്നും പറയേണ്ട ആവശ്യമില്ല. എല്ലാവര്‍ക്കും അറിയാം. നടനായിരുന്ന എംജിആര്‍ സാറെ താരമാക്കിയത് കലൈഞ്ജറാണ്. ശിവാജി ഗണേശനെ സൂപ്പര്‍സ്റ്റാറാക്കിയതും അദ്ദേഹമാണ്. അദ്ദേഹം പോയി എന്ന വാര്‍ത്ത എനിക്ക് താങ്ങാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ സംസാരം, ഒരുമിച്ച് ചെലവഴിച്ച സമയം അതെല്ലാം ഓര്‍മ്മയിലേക്കു വന്നു. ടിവി തുറന്നപ്പോള്‍ നിറയെ ആളുകള്‍. സാരമില്ലെന്നു പറഞ്ഞ് ഞാന്‍ പോയി. അവിടെ നിറയെ വിഐപിമാരായിരുന്നു. അദ്ദേഹത്തെ കാണാന്‍ വന്നവര്‍. കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍ പിറ്റേന്ന് രാവിലെ വരാമെന്നു കരുതി. പക്ഷെ രാവിലെ ചെന്നപ്പോള്‍ കുറച്ച് ആളുകളേയുള്ളൂ. എന്റെ മനസ് തകര്‍ന്നു പോയി. ഇത്രയും വലിയ തലൈവരെ കാണാന്‍ ഇത്ര കുറച്ച് ആളുകളേ ഉള്ളൂവെന്ന് ഞാന്‍ അതിശയിച്ചു. അദ്ദേഹത്തിന്റെ കൂടപ്പിറപ്പുകള്‍ എവിടെ, അദ്ദേഹത്തെ ശ്വാസം പോലെ സ്‌നേഹിച്ചവരൊക്കെ എവിടെ എന്ന് വിഷമത്തോടെ ചിന്തിച്ചു. തമിഴ് ജനതയോട് എനിക്ക് ദേഷ്യം വന്നു. കുറച്ചു കഴിഞ്ഞ് ടിവി നോക്കുമ്പോള്‍ സമുദ്രത്തിലെ അലകള്‍ പോലെ ആളുകള്‍ തടിച്ചുകൂടുകയായിരുന്നു. അതുകണ്ട് സന്തോഷം തോന്നി. ഒരു അച്ഛനു കൊടുക്കുന്ന ബഹുമാനം അവര്‍ അദ്ദേഹത്തിനു കൊടുത്തു. തമിഴ് ജനത എന്നും തമിഴ് ജനതയാണ്,’ രജനീകാന്ത് വികാരാധീനനായി.

‘മുഴുവന്‍ ഇന്ത്യയും കലൈഞ്ജരെ യാത്രയയയ്ക്കാന്‍ എത്തി. 21 ആചാരവെടി മുഴക്കി. പ്രധാനമന്ത്രി വന്നു, കോണ്‍ഗ്രസ് തലവന്‍ രാഹുല്‍ ഗാന്ധി വന്നു. എന്നാല്‍ ഒരു കുറവ് എനിക്ക് അവിടെ അനുഭവപ്പെട്ടു. തമിഴ്‌നാട് മുഖ്യമന്ത്രിയുടേത്. ആ മന്ത്രിസഭ മുഴുവനായി അവിടെ എത്തേണ്ടതായിരുന്നില്ലേ? ഇതു കണ്ട് മറ്റുള്ളവര്‍ എന്തു വിചാരിക്കും? നിങ്ങള്‍ എംജിആര്‍ സാറോ ജയലളിതയോ ആണോ? ജാംബവാന്റെ കാലത്തെ ശത്രുത മനസില്‍ വയ്‌ക്കേണ്ട സമയമല്ല അത്. അവിടെ ദളപതി അവര്‍കള്‍ കണ്ണീരു പൊഴിക്കുന്നത് കാണാന്‍ എനിക്കു സാധിക്കുന്നുണ്ടായിരുന്നില്ല. കലൈഞ്ജര്‍ക്കൊപ്പം സൗഹൃദം പങ്കിടാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ,’ രജനീകാന്ത് പറഞ്ഞ് അവസാനിപ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook