/indian-express-malayalam/media/media_files/uploads/2018/04/Kaala-1.jpg)
ചെന്നൈ: രജനീകാന്തിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാലയുടെ സാറ്റലൈറ്റ് അവകാശം വിറ്റു. സ്റ്റാർ നെറ്റ്‌വർക്ക് 75 കോടിക്ക് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വാങ്ങിയെന്നാണ് റിപ്പോർട്ട്. ശങ്കർ സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം 2.0 യ്ക്ക് ശേഷം ഏറ്റവും കൂടുതൽ സാറ്റലൈറ്റ് അവകാശം ലഭിക്കുന്ന ചിത്രമെന്ന റെക്കോർഡാണ് കാലയ്ക്ക് ഉളളത്.
ശങ്കർ ചിത്രം 2.0 യ്ക്ക് 110 കോടിയാണ് സീ നെറ്റ്‌വർക്ക് സാറ്റലൈറ്റ് അവകാശമായി നൽകിയത്. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാല. കബാലിക്കു ശേഷം പാ രഞ്ജിത്തും സ്റ്റൈല്‍ മന്നനും ഒന്നിക്കുന്ന ചിത്രമാണ് കാല. പാ രഞ്ജിത്തിനൊപ്പം സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ ചേർന്ന് പ്രവര്‍ത്തിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
ചേരിയിൽ നിന്ന് വളർന്നുവന്ന അധോലോക നേതാവായാണ് കാലയിൽ രജനി എത്തുന്നതെന്നാണ് വിവരം. മുംബൈയിലെ അധോലോക നായകൻ ഹാജി മസ്‌താന്റെ ജീവിതത്തെ ആസ്‌പദമാക്കിയാണ് ചിത്രമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഹാജി മസ്‌താന്റെ ദത്തുപുത്രൻ രജനീകാന്തിന് വക്കീൽ നോട്ടീസ് അയച്ചതോടെ അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്‌പദമാക്കിയല്ല സിനിമയെന്ന് അവർ വിശദീകരണം നൽകി.
ജൂൺ 7 ന് ചിത്രം തിയേറ്ററിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ നേരത്തെ വ്യക്തമാക്കിയത്. അതേസമയം മെയ് 9 ന് ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറക്കുമെന്ന് നിർമ്മാതാവായ ധനുഷിന്റെ ട്വിറ്ററിൽ പേജിലൂടെ അവർ അറിയിച്ചിരുന്നു. രജനിയുടെ ആരാധകർ വൻ ആവേശത്തോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.