ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി 2018 ഓസ്കറിലേക്ക് തിരഞ്ഞെടുത്ത ബോളിവുഡ് രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രം ന്യൂട്ടണ്‍ വിദേശഭാഷാ ചിത്രങ്ങളുടെ മത്സരവിഭാഗത്തില്‍ നിന്ന് പുറത്തായി. അവസാന റൗണ്ടിലെ 9 ചിത്രങ്ങളുടെ പട്ടിക പുറത്തുവന്നപ്പോള്‍ ന്യൂട്ടന് സ്ഥാനം ലഭിച്ചിട്ടില്ല. ഓസ്കറിന്റെ ഔദ്യോഗിക വെബ്സൈററില്‍ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആഞ്ജലീന ജോളിയുടെ ‘ഫസ്റ്റ് ദേ കില്‍ഡ് മൈ ഫാദര്‍’ എന്ന ചിത്രവും പട്ടികയ്ക്ക് പുറത്താണ്. തിരഞ്ഞെടുക്കപ്പെട്ട ഒമ്പത് ചിത്രങ്ങള്‍ ചുവടെ:
1. എ ഫന്റാസ്റ്റിക് വുമണ്‍- ചിലി
2. ഇന്‍ ദ ഫൈഡ്- ജര്‍മ്മനി
3. ഓണ്‍ ബോഡി ആന്റ് സോള്‍- ഹംഗറി
4. ഫോക്സ്‍ട്രോട്ട്- ഇസ്രയേല്‍
5. ദ ഇന്‍സള്‍ട്ട്- ലെബനന്‍
6. ലൗവ്‍ലെസ്- റഷ്യ
7. ഫെലിസിറ്റ്- സെനഗള്‍
8. ദ വൂണ്ട്- ദക്ഷിണാഫ്രിക്ക
9. ദ സ്ക്വയര്‍- സ്വീഡന്‍
സെപ്റ്റംബര്‍ 22ന് റിലീസ് ചെയ്ത ചിത്രം ന്യൂട്ടണ്‍ എന്ന ഗവണ്‍മെന്റ് ക്ലര്‍ക്കിന്റെ കഥയാണ് പറയുന്നത്. ഒരു നക്സല്‍ അധീന പ്രദേശത്ത് തിരഞ്ഞെടുപ്പ് നടത്താനുളള ശ്രമങ്ങളാണ് ചിത്രം ആക്ഷേപഹാസ്യത്തിലൂടെ വിവരിക്കുന്നത്. പങ്കജ് ത്രിപാഥി, രഘുഭീര്‍ യാദവ്, അഞ്ജലി പാട്ടീല്‍, ഡാനിഷ് ഹുസൈന്‍, സഞ്ജയ് മിശ്ര എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
വെട്രിമാരന്‍ സംവിധാനം ചെയ്ത ദേശീയ പുരസ്‌കാരം നേടിയ വിസാരണൈ എന്ന തമിഴ് ചിത്രമായിരുന്നു ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുത്തിരുന്നത്. 2018 ഫെബ്രുവരിയിലാണ് ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നു.