പല വേഷപകർച്ചകളും ഭാവപകർച്ചകളും നമ്മൾ വെളളിത്തിരയിൽ കണ്ടിട്ടുണ്ട്. എന്നാൽ ഒരൊന്ന് ഒന്നര മേക്ക് ഓവർ കൊണ്ട് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് രാജ്കുമാർ റാവു.

ദിനേഷ് വിജൻ സംവിധാനം ചെയ്ത ‘രാബ്ത’ എന്ന സിനിമയിലാണ് ഞെട്ടിക്കുന്ന ലുക്കിൽ രാജ്കുമാർ റാവുവെത്തുന്നത്. രാബ്തയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ട്രെയിലറിൽ നിറഞ്ഞ് നിൽക്കുന്നത് സുഷാന്ത് സിങ് രജ്പുതും കൃതി സാനണുമാണ്. പക്ഷേ ട്രെയിലറിന്റെ അവസാന ഭാഗങ്ങളിൽ ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് ഒരു കഥാപാത്രമെത്തുന്നുണ്ട്. ആ വ്യത്യസ്‌തമായ വേഷത്തിലെത്തിയിരിക്കുന്നത് സാക്ഷാൽ രാജ്കുമാർ റാവുവാണ്. 324 വയസ് പ്രായമുളള തിരിച്ചറിയാനാകാത്ത വേഷപ്പകർച്ചയിലാണ് രാജ്കുമാർ രാബ്തയിലെത്തുന്നത്.

രാജ്കുമാർ തന്റെ ട്വിറ്റർ പേജിലാണ് ഈ കഥാപാത്രത്തെ കുറിച്ചെഴുതി ചിത്രങ്ങൾ പങ്ക്‌വച്ചത്. രാബ്‌തയിലെ തന്റെ അതിഥി വേഷമിതായെന്ന് പറഞ്ഞാണ് ട്വിറ്ററിൽ ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

വ്യത്യസ്‌തമായ ഈ ലുക്കിലേക്ക് രാജ്കുമാറിനെത്തിക്കുക എളുപ്പമല്ലായിരുന്നെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. കഥാപാത്രത്തിന്റെ അവസാന ലുക്ക് കിട്ടാനായി ദിവസങ്ങളാണ് രാജ്കുമാർ റാവുവും സംവിധായകൻ ദിനേഷ് വിജനും മേക്കപ്പ് ടീമിനൊപ്പം ചെലവഴിച്ചത്. 16 ലുക്ക് ടെസ്റ്റുകൾക്ക് ശേഷമാണ് 324കാരനായ ഈ കഥാപാത്രത്തിന്റെ അവസാന ലുക്ക് ഉറപ്പിച്ചത്. ലൊസാഞ്ചൽസിൽ നിന്നുളള പ്രത്യേക സംഘമാണ് ഈ മേക്ക് ഓവറിന് പിന്നിൽ പ്രവർത്തിച്ചത്.

കഥാപാത്രമാവാനായി രാജ്‌കുമാർ വളരെയധികം സമയം ചെലവഴിച്ചിരുന്നു. നിത്യവും അഞ്ചും ആറും മണിക്കൂർ നീളമുളള പ്രോസ്തെറ്റിക്ക് മേക്കപ്പിനാണ് രാജ്കുമാർ റാവു വിധേയനായത്. ശരീരത്തിൽ ടാറ്റു പതിക്കുകയും ചെയ്‌തു.

ഓരോ ദിവസവും വളരെ ക്ഷമയോടെയാണ് രാജ്‌കുമാർ മേക്കപ്പിനായി ഇരുന്നത്. പ്രോസ്തെറ്റിക്‌സ് മേക്കപ്പ് വളരെ വ്യത്യസ്‌തവും തിരിച്ചറിയാനാവാത്തതുമായ മാറ്റമാണ് നൽകിയതെന്ന് സംവിധായകൻ ദിനേഷ് വിജൻ പറയുന്നു.

rajkumar rao

രാജ്കുമാർ റാവു.

ഒരു നടനെന്ന നിലയിൽ വളരെ രസിച്ചാണ് ഈ വേഷം ചെയ്‌തത്. സംവിധായകനെന്ന നിലയിൽ ദിനേഷിന് കൃത്യമായ കാഴ്‌ചപ്പാട് ഉണ്ടായിരുന്നു. പൂർണ സ്വാതന്ത്ര്യവും തന്നിരുന്നു. അഞ്ചും ആറും മണിക്കൂർ നീണ്ടു നിൽക്കുന്ന മേക്കപ്പായിരുന്നു. ഇതിന് ക്ഷമ വേണമെന്നും രാജ്‌കുമാർ പറയുന്നു.

ജൂൺ ഒൻപതിനാണ് രാ‌ബ്ത തിയേറ്ററിലെത്തുന്നത്. രാജ്‌കുമാറിന്റെ വേഷപകർച്ചയറിഞ്ഞതോടെ പ്രേക്ഷകരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തിനായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ