ഒരു പിടി മികച്ച താരങ്ങളെ അണിനിരത്തി അഞ്ജലി മേനോൻ ഒരുക്കിയ ‘കൂടെ’യുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സംവിധായകന് രഞ്ജിത്. സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നിങ്ങനെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന രഞ്ജിത്ഇത്തവണ അഭിനേതാവിന്റെ വേഷത്തിലാണ് അഞ്ജലിയുടെ ‘കൂടെ’യിലുളളത്.
അഭിനേതാവെന്ന നിലയിൽ വളരെ ചുരുക്കം ചില സിനിമകളിൽ മാത്രമേ രഞ്ജിത്തിനെ കണ്ടിട്ടുളളൂ. 2013 ൽ പുറത്തിറങ്ങിയ ‘അന്നയും റസൂലും’ സിനിമയിലാണ് രഞ്ജിത്തിലെ നടനെ അവസാനമായി കണ്ടത്. അഞ്ചു വർഷങ്ങൾക്കുശേഷം രഞ്ജിത്തിനെ ക്യാമറകൾക്ക് മുന്നിൽ എത്തിച്ചിരിക്കുകയാണ് അഞ്ജലി മേനോന്. ‘കേരളാ കഫെ’ എന്ന ചിത്രത്തിന് വേണ്ടി ഇതിനു മുന്‍പും രഞ്ജിത് അഞ്ജലിയുമായി കൈകോര്‍ത്തിട്ടുണ്ട്. രഞ്ജിത്തിന്റെ മേല്‍നോട്ടത്തില്‍ ഉണ്ടായി വന്ന പത്തു ഹ്രസ്വചിത്രങ്ങള്‍ ചേര്‍ന്ന അന്തോലജിയില് ‘ഹാപ്പി ജേര്‍ണി’ എന്ന ചിത്രം സംവിധാനം ചെയ്തത് അഞ്ജലി മേനോനാണ്.
അഞ്ജലിയുടെ സ്നേഹ-നിർബന്ധങ്ങള്‍ക്ക് വഴങ്ങിയാണ് ഒരു ‘reluctant actor’ ആയ താന്‍ ‘കൂടെ’യിൽ അഭിനയിക്കാൻ സമ്മതിച്ചതെന്ന് രഞ്ജിത് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
”പുതിയ ചിത്രത്തില്‍ പൃഥ്വിരാജിന്റെ അച്ഛൻ കഥാപാത്രം ചെയ്യാൻ പറ്റിയ ഒരാളെ വേണമെന്ന് പറഞ്ഞാണ് അഞ്ജലി വിളിക്കുന്നത്. ആ സമയം ഞാൻ എന്റെ പുതിയ സിനിമ ലണ്ടനിൽ ചിത്രീകരിക്കുന്നതിന്റെ തയ്യാറെടുപ്പിലായിരുന്നു. ആ കഥാപാത്രത്തിന് പറ്റിയ ഒരാളെ ഞാൻ നോക്കി തരാമെന്ന് പറഞ്ഞു അഞ്ജലിയെ പിന്തരിപ്പിക്കാന് ശ്രമിച്ചുവെങ്കിലും അവര്‍ സമ്മതിച്ചില്ല. വേറെ ഒരാളെക്കുറിച്ച് ആലോചിക്കുകയേ വേണ്ടെന്നും ഈ ഓഫർ സ്വീകരിക്കണമെന്നുംഅവര് ആവശ്യപ്പെട്ടു. ആ കഥാപാത്രത്തിന് എന്നെയല്ലാതെ മറ്റൊരാളെ ചിന്തിക്കാൻ പറ്റില്ലെന്നും തീര്‍ത്തു പറഞ്ഞു. പക്ഷേ ലണ്ടനിൽ ചിത്രീകരിക്കാൻ തീരുമാനിച്ച ‘ബിലാത്തി കഥ’ എന്ന സിനിമയുടെ ഷൂട്ട് വൈകി. പിന്നെ എനിക്ക് ഒഴിഞ്ഞു മാറാന്‍ കാരണങ്ങള്‍ ഒന്നും കിട്ടിയില്ല. അങ്ങനെയാണ് ‘കൂടെ’യിലേക്ക് എത്തിയത്.”
അഞ്ജലിയുടെ നിർബന്ധപ്രകാരമാണ് ‘കൂടെ’യിൽ അഭിനയിച്ചതെങ്കിലും ആ തീരുമാനം ശരിയായിരുന്നുവെന്ന് പിന്നീട് തനിക്കു ബോധ്യപ്പെട്ടു എന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു.
“ഒരു ക്യാരക്ടർ എന്നതിന് അപ്പുറത്ത് എല്ലാവർക്കും ആസ്വദിക്കാൻ പറ്റിയ ഒന്നായിരിക്കും ഈ സിനിമ എന്നാണ് ചിത്രീകരണ സമയത്ത് തോന്നിയത്. ഞാന്‍ എടുത്ത തീരുമാനം തെറ്റിയില്ല എന്നും ഷൂട്ടിംഗ് നടക്കുമ്പോള്‍ തന്നെ ബോധ്യമായി. എന്നെ ആ സിനിമയിലേക്ക് എത്തിച്ചതിന്റെയും അഭിനയിപ്പിച്ചതിന്റെയും എല്ലാം ക്രെഡിറ്റ് അഞ്ജലിയ്ക്ക് തന്നെയാണ്. അവര്‍ പറഞ്ഞത് പോലെ ഞാന്‍ ചെയ്തു എന്ന് മാത്രം,” രഞ്ജിത് വെളിപ്പെടുത്തി.
ചിത്രത്തിലെ കഥാപാത്രം യഥാർത്ഥ ജീവിതത്തിലെ രഞ്ജിത്തുമായി ഒരുപാട് അകലെ നിൽക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
”ഇതിലെ അച്ഛൻ കഥാപാത്രം ഒരുപാട് വേദന അനുഭവിക്കുന്ന ഒരാളാണ്. അയാൾക്ക് പലതും ചെയ്യാനോ പറയാനോ കഴിയുന്നില്ല. അയാൾ പല സമയത്തും നിശബ്ദനായി പോകുന്നുണ്ട്,” സിനിമയിലെ തന്റെ കഥാപാത്രമായ ആലോഷിയെക്കുറിച്ച് വിവരിച്ച രഞ്ജിത്, നസ്രിയ അവതിരിപ്പിക്കുന്ന ജെന്നി എന്ന കഥാപാത്രമായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നും കൂട്ടിച്ചേര്‍ത്തു.
”ഞാൻ അഭിനയിച്ചത് നന്നായോ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അഞ്ജലി എന്താണോ ആഗ്രഹിച്ചത് അത് കിട്ടിയിട്ടുണ്ടെന്നാണ് അവര്‍ പറഞ്ഞത്. എന്റെ സിനിമകൾ പോലും എനിക്ക് സ്വസ്ഥമായിട്ട് കാണാൻ പറ്റാറില്ല. അതിലെ കുഴപ്പങ്ങൾ മാത്രമായിരിക്കും എന്റെ കണ്ണിൽ ആദ്യം പെടുക. അഭിനയിച്ച സിനിമകളിലും ഞാൻ ചെയ്തതിലെ പാകപ്പിഴവുകളാണ് എന്റെ ശ്രദ്ധയിൽപ്പെടുക. ഈ സിനിമയിൽ ഞാൻ നന്നായിട്ട് അഭിനയിച്ചിട്ടുണ്ടെന്ന് അഞ്ജലി പറയുന്നുണ്ട്,” സ്വതസിദ്ധമായ രീതിയില്‍ രഞ്ജിത് വിശദീകരിച്ചു.
വർഷങ്ങളായുള്ള പരിചയമാണ് രഞ്ജിത്തിന് അഞ്ജലിയുമായി. ഇരുവരും കോഴിക്കോട് സ്വദേശികള്‍ എന്നതാണ് പരിചയത്തിന്റെ അടിത്തറ.
”ആദ്യ ചിത്രമായ ‘മഞ്ചാടിക്കുരു’ ചെയ്യുന്ന സമയം മുതൽ അഞ്ജലിയെ എനിക്ക് പരിചയമുണ്ട്. ‘കേരള കഫേ’ ഞാൻ നിര്‍മിക്കുന്ന സമയത്ത് കുറഞ്ഞത് രണ്ടു സ്ത്രീ സംവിധായകരുടെ സിനിമകൾ വേണമെന്ന് ഉറപ്പിച്ചിരുന്നു. അങ്ങനെയാണ് അഞ്ജലിയും രേവതിയും അതിൽ ഭാഗമാകുന്നത്. അതിൽ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന് അഞ്ജലിയുടേതാണ്. മറ്റൊന്ന് അൻവർ റഷീദിന്റേയും. അഞ്ജലി അപ്പോൾ മുഖ്യധാര സിനിമയിലേക്ക് വന്നിട്ടില്ല. ‘കേരള കഫേ’യിൽ തുടങ്ങിയ സൗഹൃദത്തിൽ നിന്നാണ് അഞ്ജലിയും അന്‍വറും ചേര്‍ന്ന ‘ഉസ്താദ് ഹോട്ടൽ’ എന്ന സിനിമയുണ്ടാകുന്നത്. ‘കേരള കഫേ’ ഇല്ലായിരുന്നുവെങ്കിൽ രണ്ടു സ്ഥലത്ത് നിൽക്കേണ്ടവരായിരുന്നു അഞ്ജലിയും അൻവറുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ‘ഉസ്താദ് ഹോട്ടലി’നുശേഷം അൻവർ റഷീദിന്റെ നിർമ്മാണത്തിൽ അഞ്ജലി സംവിധാനം ചെയ്ത ‘ബാംഗ്ലൂർ ഡേയ്സ്’ ഉണ്ടായി. അതും പ്രേക്ഷകർ സ്വീകരിച്ചു. കമ്മിറ്റഡ് ഫിലിം മേക്കേഴ്സ് ആണ് ഇരുവരും. ഫിലിം സ്കൂളിൽ പഠിച്ചു വന്നതിന്റെ അച്ചടക്കവും ഉണ്ട്. പിന്നെ അവർ ഒരു സിനിമ ചെയ്യുമ്പോൾ അവർക്ക് രണ്ടുപേർക്കും വ്യക്തമായിട്ട് അറിയാം, അവർക്ക് എന്താണ് വേണ്ടതെന്ന്. അഭിനേതാക്കളിൽനിന്നും അത് കിട്ടുന്നതുവരെ അവർ ഓകെ പറയാറില്ല,” ഒരു സംവിധായിക എന്ന നിലയിലുളള അഞ്ജലിയുടെ വളര്‍ച്ചയെ രഞ്ജിത് വിലയിരുത്തിയത് ഇങ്ങനെ.
സിനിമയിലേക്ക് രഞ്ജിത്ത് കൈ പിടിച്ചു കൊണ്ട് വന്ന പൃഥ്വിരാജിനൊപ്പമാണ് ‘കൂടെ’യിൽ അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. രഞ്ജിത് ഗുരു സ്ഥാനത്താണ് എന്ന് പൃഥ്വിരാജും മകനെപ്പോലെയാണ് പൃഥ്വി എന്ന് രഞ്ജിത്തും പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. എങ്കിലും അഭിനയിക്കുന്ന സമയത്ത് മറ്റു ബന്ധങ്ങളൊക്കെ മറന്ന് രണ്ടു അഭിനേതാക്കൾ എന്ന സമീപനമായിരുന്നു തനിക്ക് ഉണ്ടായിരുന്നതെന്ന് രഞ്ജിത്ത് പറഞ്ഞു.
“ഫിലിം മേക്കിങ്ങിന്റെ ഗ്രാമർ നന്നായിട്ട് മനസ്സിലാക്കിയിട്ടുളള ആളാണ് പൃഥ്വി, അത് അയാളുടെ അഭിനയത്തിലും പ്രതിഫലിക്കും. സംഭാഷണങ്ങള്‍ പഠിക്കാനും ഓര്‍ക്കാനും അസാമാന്യ കഴിവുള്ള ഒരാളാണ് പൃഥ്വിരാജ്,” രഞ്ജിത്ത് വ്യക്തമാക്കി.
സ്വന്തം മകനായ അഗ്നിവേശും ‘കൂടെ’യുടെ ഭാഗമാണ് എന്നതാണ് രഞ്ജിത്തിനെ സംബന്ധിച്ച് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഈ സിനിമയിൽ അഞ്ജലിയുടെ അസിസ്റ്റന്റ് ഡയറക്ടർമാരിൽ ഒരാളാണ് അഗ്നിവേശ്.
”പുണെയില്‍ ഡിഗ്രി കഴിഞ്ഞപ്പോൾ സിനിമയിൽ അസിസ്റ്റ് ചെയ്യണമെന്ന് അവൻ എന്നോട് പറഞ്ഞു. ആളെയും അവൻ തിരഞ്ഞെടുത്തിരുന്നു. അഞ്ജലി മേനോന്റെ കൂടെ ജോലി ചെയ്യണമെന്നായിരുന്നു അവന്റെ ആഗ്രഹം. അഞ്ജലിയോട് ഞാൻ സംസാരിച്ചപ്പോൾ എന്തെങ്കിലും ഷോർട് ഫിലിമോ ആഡ് ഫിലിമോ ചെയ്തിട്ടു വരാനാണ് അവര്‍ പറഞ്ഞത്. അങ്ങനെ എന്റെ സുഹൃത്ത് വി.കെ.പ്രകാശിന്റെ കൂടെ അവൻ രണ്ടു മൂന്നു ആഡ് ഫിലിം ചെയ്തു. അതിനു ശേഷമാണ് അഞ്ജലിയ്ക്കൊപ്പം ഈ സിനിമയിൽ അസിസ്റ്റ് ചെയ്തത്,” മകന്റെ വഴികളെക്കുറിച്ച് രഞ്ജിത് പറഞ്ഞു.
അച്ഛന്റെ അഭിനയത്തെക്കുറിച്ച് അഗ്നിവേശിന്റ വാക്കുകളെന്തെന്ന് ചോദിച്ചപ്പോൾ അഞ്ജലിയെപ്പോലെ അവനും ഞാൻ നന്നായി അഭിനയിച്ചുണ്ടെന്നാണ് പറഞ്ഞതെന്നായിരുന്നു രഞ്ജിത്തിന്റെ മറുപടി.
”അച്ഛൻ അഭിനയിക്കാൻ വരുമ്പോൾ അവന് ചമ്മലുണ്ടാവുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ അവന് സന്തോഷമാണുണ്ടായത്.”
‘കൂടെ’ കഴിഞ്ഞാൽ രഞ്ജിത്തിനെ വീണ്ടും നടനായി കാണാൻ കഴിയുമോ എന്നു ചോദിച്ചപ്പോൾ എനിക്ക് കംഫർട്ടബിള്‍ ആയി ചെയ്യാൻ പറ്റുന്ന കഥാപാത്രം ആണെങ്കിൽ മാത്രം… എന്നായിരുന്നു മറുപടി.