ഉറങ്ങാന്‍ സാധിക്കാത്ത ദിവസങ്ങളുണ്ട്, എത്രയോ പെണ്‍കുട്ടികളാണ് ഇങ്ങനെ!; രജിഷ വിജയന്‍

“പല സിനിമകളിലും നായകന്റെ ഹീറോയിസം കാണിക്കാനുള്ള ടൂളാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങള്‍,” രജിഷ വിജയൻ അഭിമുഖം

Rajisha Vijayan Interview: ‘അനുരാഗ കരിക്കിന്‍വെള്ളം’ എന്ന സിനിമയിലെ എലിസബത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് രജിഷ വിജയന് 2016 ല്‍ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. രജിഷയ്ക്ക് അവാര്‍ഡ് നല്‍കിയതിനെതിരെ അന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍, പിന്നീടുള്ള സിനിമകളിലൂടെ തന്നില്‍ മികച്ച ഒരു അഭിനേത്രിയുണ്ടെന്നും നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ അതിനെ പക്വമായി അവതരിപ്പിക്കാന്‍ സാധിക്കുമെന്നും രജിഷ തെളിയിച്ചു.

ഇപ്പോൾ, ‘സ്റ്റാൻഡ് അപ്പ്’ എന്ന ചിത്രത്തിലൂടെ തന്നിലെ അഭിനേത്രിയെ കൂടുതൽ രാകി മിനുക്കിയിരിക്കുകയാണ് രജിഷ. ‘പീഡനത്തിന് ഇരയാകുന്ന പെൺകുട്ടി, അവളുടെ തുടർന്നുള്ള ജീവിതം, അവളെ സമൂഹം കാണുന്ന രീതി, സമൂഹം യഥാർഥത്തിൽ അവളെ പരിഗണിക്കേണ്ടത് എങ്ങനെ’ തുടങ്ങിയ ഗൗരവമുള്ള വിഷയങ്ങളിലൂടെയാണ് ‘സ്റ്റാൻഡ് അപ്പ്’ സഞ്ചരിക്കുന്നത്. കേന്ദ്രകഥാപാത്രമായ ദിയയുടെ മാനസിക വ്യഥകളെ സ്ക്രീനിലേക്ക് പകർത്തുന്നതിൽ രജീഷ വിജയൻ പൂർണമായി വിജയിച്ചു. വിധു വിൻസെന്റ് സംവിധാനം ചെയ്‌ത ‘സ്റ്റാൻഡ് അപ്പ്’ സമൂഹവും മലയാള സിനിമയും പതിവായി ഉയർത്തുന്ന ഇരവാദത്തിൽ നിന്ന് അതിജീവിച്ചവളുടെ ലോകത്തേക്ക് പറക്കുമ്പോൾ അത് രജിഷ വിജയൻ എന്ന നടിയുടെ കൂടി വിജയമാണ്.

എന്നാൽ, ദിയ എന്ന കഥാപാത്രത്തിലേക്കുള്ള മാറ്റം അത്ര എളുപ്പമായിരുന്നില്ല എന്നാണ് രജിഷ പറയുന്നത്. ‘സ്റ്റാൻഡ് അപ്പിലെ’ കഥാപാത്രത്തെ കുറിച്ചും മലയാള സിനിമ സ്ത്രീ വിഷയങ്ങൾ കെെകാര്യം ചെയ്‌ത രീതികളെ കുറിച്ചും മനസ്സു തുറന്ന് സംസാരിക്കുകയാണ് രജിഷ.

Read Here: Stand Up Movie Review: കുടുംബം, പ്രേമം തുടങ്ങിയ ആണധികാര നിര്‍മ്മിതികൾക്കെതിരെയുള്ള സ്ത്രീ ശബ്ദം: ‘സ്റ്റാൻഡ് അപ്പ്’ റിവ്യൂ

ഉറങ്ങാൻ പറ്റാത്ത രാത്രികളുണ്ട്

ദിയ എന്ന കഥാപാത്രത്തിന്റെ പല സീനുകളും ചെയ്യുമ്പോൾ ഏറെ മാനസികമായി ബുദ്ധിമുട്ടിയിട്ടുണ്ട്. മറ്റ് കഥാപാത്രങ്ങളെ പോലെയല്ല ദിയ. അവൾ ഒരു പീഡനം നേരിട്ട പെൺകുട്ടിയാണ്. കടുത്ത മാനസിക പിരിമുറുക്കങ്ങൾ അനുഭവിച്ച പെൺകുട്ടിയാണ്. അതു കൊണ്ട് അത്തരം മാനസിക വൃഥകളെല്ലാം എന്നിലുമുണ്ടായിരുന്നു. ആ കഥാപാത്രത്തിന് സംഭവിക്കുന്ന കാര്യങ്ങളെല്ലാം യഥാർഥ ജീവിതത്തിലും എനിക്ക് സംഭവിച്ചതായി ഞാൻ മനസിൽ കണ്ടിരുന്നു. സിനിമ കണ്ടവർക്ക് അറിയാം ദിയ നേരിടുന്ന പ്രശ്നങ്ങൾ.

അത്തരം പ്രശ്നങ്ങൾ നേരിട്ട് അനുഭവിച്ചതു പോലെ ഞാൻ കരുതി. വല്ലാത്ത ഒരു അവസ്ഥയായിരുന്നു അത്. പല ദിവസങ്ങളിലും എനിക്ക് ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഉറങ്ങാൻ സാധിച്ചിട്ടില്ലെന്ന് തന്നെ പറയാം. തൊലിയൊക്കെ വലിഞ്ഞു മുറുകുന്നതു പോലെ തോന്നിയിട്ടുണ്ട്. ഞാൻ ആലോചിച്ചു, ജീവിതത്തിൽ എനിക്ക് നേരിട്ട് ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. ഞാൻ ലെെംഗിക അതിക്രമത്തിനു വിധേയയാട്ടില്ല. സിനിമയിൽ ഇങ്ങനൊരു വേഷം ചെയ്യുമ്പോൾ തന്നെ എന്തൊരു ബുദ്ധിമുട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്. അപ്പോൾ ജീവിതത്തിൽ ഇങ്ങനൊരു അവസ്ഥ നേരിടേണ്ടി വന്നവർ അനുഭവിക്കുന്നത് എത്ര ഭീകരമായ മാനസിക ബുദ്ധിമുട്ടായിരിക്കും? എനിക്കത് ആലോചിക്കുമ്പോൾ തന്നെ വിഷമം വരാറുണ്ട്!

കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത്

സിനിമ പൂർണ്ണമായി കേട്ട ശേഷമാണ് ദിയ എന്ന കഥാപാത്രം ഞാൻ തിരഞ്ഞെടുത്തത്. കേട്ടപ്പോൾ തന്നെ ഇങ്ങനെയൊരു വേഷം ചെയ്യാൻ ഞാൻ തയ്യാറായിരുന്നു. നമുക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള വേഷങ്ങളായിരിക്കണം സിനിമയിൽ ലഭിക്കേണ്ടത് എന്ന് ചിന്തിക്കുന്ന വ്യക്തിയാണ് ഞാൻ. എന്റെ കഥാപാത്രത്തിന് ചെയ്യാൻ എന്തെങ്കിലും ഉണ്ടോ എന്നാണ് ഞാൻ നോക്കാറുള്ളത്.

നായക കേന്ദ്രീകൃതമായ വേഷങ്ങൾ ചെയ്യാൻ മടിയൊന്നുമില്ല. എങ്കിലും എന്റെ കഥാപാത്രത്തിനും എന്തെങ്കിലുമൊക്കെ ചെയ്യാൻ ഉണ്ടാകണം. ‘അനുരാഗ കരിക്കിൻ വെള്ളത്തിൽ’ ബിജു മേനോനും ആസിഫ് അലിയുമാണ് പ്രധാന കഥാപാത്രങ്ങൾ. പക്ഷേ, എന്റെ കഥാപാത്രവും പ്രധാനപ്പെട്ടതായിരുന്നു. അത്തരം കഥാപാത്രങ്ങളാണ് ഞാൻ ഉദ്ദേശിച്ചത്.

‘സ്റ്റാൻഡ് അപ്പ്’ പറയുന്നത്

അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും വിധേയരാകുന്ന പെൺകുട്ടികളെ, സ്ത്രീകളെ നമ്മുടെ സമൂഹം നോക്കുന്ന രീതിയുണ്ട്. അത്തരം രീതികൾക്കെതിരെയാണ് സിനിമ സംസാരിക്കുന്നത്. ദിയയുടെ അച്ഛനും അമ്മയും മകൾക്ക് ഒരു പ്രശ്‌നം നേരിട്ടപ്പോൾ അതിനെ കെെകാര്യം ചെയ്‌തതു കണ്ടില്ലേ? മകൾ എന്തോ തെറ്റ് ചെയ്‌ത പോലെയായിരുന്നു അത്. അങ്ങനെയുള്ള മാതാപിതാക്കൾ ഇന്നത്തെ സമൂഹത്തിലുമുണ്ട്. പലരും അങ്ങനെ തന്നെയാണ്. അവർ മനസ്സിലാക്കണം എത്രത്തോളം ഭീകരമായ അവസ്ഥയിലൂടെയാണ് തങ്ങളുടെ മകൾ കടന്നുവന്നതെന്ന്. അവർക്കൊപ്പം നിൽക്കാൻ സമൂഹം തയ്യാറാകണം. അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും വിധേയരായവരോട് സമൂഹം പുലർത്തുന്ന സമീപനത്തിൽ മാറ്റം വരണം. ഇത്തരം പീഡനങ്ങൾ നേരിട്ടവരെ ഇരകളായി മാത്രം അവതരിപ്പിക്കുന്ന രീതി മാറണം. അവർ അതിജീവിച്ചവരാണ്. അതിജീവിക്കാൻ അവർക്ക് പിന്തുണ നൽകുകയാണ് വേണ്ടത്. അങ്ങനെയൊരു മാറ്റമാണ് സമൂഹത്തിൽ വരേണ്ടത്. ‘സ്റ്റാൻഡ് അപ്പ്’ എന്ന സിനിമയിലൂടെ ഇത്തരം മാറ്റങ്ങളെല്ലാം വരുമെന്നല്ല പറഞ്ഞത്. ‘പല തുള്ളി പെരുവെള്ളം’ പോലെ ഏതെങ്കിലുമൊക്കെ മാറ്റം വരുത്താൻ ‘സ്റ്റാൻഡ് അപ്പിന്’ സാധിച്ചാൽ അത് വലിയ കാര്യമാണ്.

Read Here: ‘സ്റ്റാൻഡ് അപ്പ്’ നിർമ്മിക്കാൻ എന്തുകൊണ്ട് ബി.ഉണ്ണികൃഷ്ണൻ?; വിധു വിൻസെന്റിന്റെ മറുപടി

സമൂഹത്തിൽ മാറ്റങ്ങൾ വരണം

എല്ലാ ക്രെെമുകളും പോലെ, അല്ലെങ്കിൽ മറ്റ് ക്രെെമുകളേക്കാൾ ഭീകരമാണ് ലെെംഗികാതിക്രമങ്ങളും പീഡനങ്ങളും. എന്നാൽ, സമൂഹം ഇതിനെ കാണുന്നത് മറ്റൊരു രീതിയിലാണ്. നീ ശരിയായ വസ്ത്രം ധരിക്കാത്തതു കൊണ്ടല്ലേ? രാത്രി പുറത്തിറങ്ങി നടന്നിട്ടല്ലേ? ആവശ്യമില്ലാത്ത കാര്യത്തിന് പോയിട്ടല്ലേ? ഒരു പെൺകുട്ടി പീഡനത്തിന് ഇരയായാൽ അവൾ കേൾക്കേണ്ടി വരുന്ന ചോദ്യങ്ങൾ ഇതൊക്കെയാണ്. ഒരിക്കൽ പീഡിപ്പിക്കപ്പെട്ടവളെ വീണ്ടും വീണ്ടും പീഡിപ്പിക്കുന്ന അവസ്ഥയാണിത്. വീട്ടിലെ ആരുടെയെങ്കിലും മാലയോ വളയോ മോഷണം പോയാൽ നീ മാലയിട്ടതു കൊണ്ടല്ലേ അതു മോഷ്ടിച്ചത് എന്ന് ആരെങ്കിലും അവരോട് ചോദിക്കുമോ? ഇല്ലല്ലോ..പക്ഷേ, ഒരു പെൺകുട്ടി പീഡനത്തിന് ഇരയായാൽ അത് ആ പെൺകുട്ടി കാരണം തന്നെയാണെന്ന തരത്തിലാണ് സമൂഹം അതിനെ കാണുന്നത്. അത്ര വല്ലാത്തൊരു അവസ്ഥയാണ്. അതെല്ലാം മാറേണ്ടിയിരിക്കുന്നു.

സ്ത്രീകൾക്കെതിരെ എന്തെങ്കിലും ചെയ്യുന്നത് തങ്ങളുടെ അവകാശമായി കാണുന്ന പുരുഷൻമാരുണ്ട് സമൂഹത്തിൽ. എന്റെയാണ്, എന്റെ മാത്രമാണ്, ഞാൻ പറയുന്നത് അവൾ ചെയ്യണം, ഞാൻ പറയുന്നതിന് അപ്പുറത്ത് അവൾ എന്തെങ്കിലും ചെയ്‌താൽ അത് തെറ്റാണ്… എന്നൊക്കെയാണ് പുരുഷൻമാർ ചിന്തിക്കുന്നത്. ലെെംഗിക തൃഷ്‌ണ കൊണ്ട് മാത്രമല്ല, കീഴടക്കാനുള്ള, പക വീട്ടാനുള്ള ഒരു ടൂൾ ആയി കൂടിയാണ് പീഡനത്തെ പലരും കാണുന്നത്.

സിനിമ സ്ത്രീ വിഷയങ്ങൾ കെെകാര്യം ചെയ്യുന്നത്

പണ്ട് തൊട്ടേ സിനിമയിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ് പീഡനങ്ങളെയും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെയും നിസാരവത്‌കരിക്കുന്നത്. പലപ്പോഴും നായകന്റെ ഹീറോയിസം കാണിക്കാനുള്ള ടൂളാണ് പീഡനം. നായകന്റെ അമ്മയോ, ഭാര്യയോ, സഹോദരിയോ പീഡിപ്പിക്കപ്പെടുന്നു. അതിനു ശേഷം പകരം വീട്ടാനായി ഇറങ്ങി തിരിക്കുന്ന നായകൻ. ഇങ്ങനെയെല്ലാം എത്ര സിനിമകളാണ് വന്നിട്ടുള്ളത്. ‘അവളൊന്ന് ഒച്ച വച്ചിരുന്നെങ്കിൽ, കരഞ്ഞിരുന്നെങ്കിൽ’ എന്നൊക്കെയുള്ള ഡയലോഗുകൾ അങ്ങനെയാണ് സിനിമയിൽ വന്നത്. വളരെ നിസാരവത്കരിച്ചാണ് സിനിമയിൽ പീഡനങ്ങളെ അവതരിപ്പിക്കാറുള്ളത്. ഇപ്പോൾ കുറേ മാറ്റങ്ങളൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്. അതെല്ലാം സ്വാഗതാർഹമാണ്.

മാത്രമല്ല, പീഡനങ്ങളെ സിനിമയിൽ അവതരിപ്പിച്ചിരുന്ന രീതിയും അത്തരത്തിലുള്ളതായിരുന്നു. പീഡനത്തിനിടെ സ്ത്രീയുടെ ശരീര ഭാഗങ്ങൾ കാണിച്ച്, അതിനെ സെ‌ക്‌സിയായി പോലും അവതരിപ്പിച്ച്, അത്തരത്തിൽ നിസാരമായാണ് റേപ്പ് സീനുകളെല്ലാം പല സിനിമയിലും. യുട്യൂബിൽ നോക്കിയാൽ അത്തരം പീഡന സീനുകളെല്ലാം ‘സെക്‌സ് വീഡിയോ’ എന്ന നിലയിൽ കിടക്കുന്നത് കാണാം. ഒരു പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സീനുകളെയാണ് ഇങ്ങനെ നിസാരവത്കരിക്കുന്നതെന്ന് ഓർക്കണം. ‘സ്റ്റാൻഡ് അപ്പി’ലേക്ക് വന്നപ്പോൾ എന്നെ ഏറ്റവും ആകർഷിച്ചത് പീഡനത്തെ നിസാരവ‌ത്കരിക്കുന്ന സീനുകളൊന്നും സിനിമയിലില്ല എന്നതാണ്. വളരെ ഗൗരവമായാണ് അത്തരം സീനുകളെയെല്ലാം സ്റ്റാൻഡ് അപ്പിൽ അവതരിപ്പിച്ചിരിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Rajisha vijayans film interview stand up finals anuragha karikkin vellam

Next Story
മോഹൻലാലിന്റെ കൈയ്ക്ക് ശസ്ത്രക്രിയ, ചിത്രം പങ്കുവച്ച് താരംmohanlal, actor mohanlal, mohanlal surgery, mohanlal operation, mohanlal instagram, മോഹൻലാൽ, സർജറി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com