scorecardresearch
Latest News

താരമാകേണ്ട; നടി ആയാല്‍ മതി: രജിഷ വിജയന്‍

പടം കഴിഞ്ഞിട്ടും എനിക്ക് എന്റെ അച്ഛനെ പോലെ തന്നെയാണ് ജോജു. ഇപ്പോഴും പുറത്ത് പലയിടത്തും ഞാന്‍ അപ്പാ എന്നു വിളിച്ചു പോകുന്നുണ്ട്

താരമാകേണ്ട; നടി ആയാല്‍ മതി: രജിഷ വിജയന്‍

വന്‍ താരനിരയോ അത്രത്തോളം ഹൈപ്പോ ഒന്നുമില്ലാതെ തന്നെ വന്നിട്ടും പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറുകയാണ് ‘ജൂണ്‍’ എന്ന കൊച്ചുചിത്രം. രജിഷ വിജയന്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ നേടുകയാണ്. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ പല ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ചിത്രത്തെ ശ്രദ്ധേയമാക്കുന്നൊരു ഘടകം രജിഷയുടെ പ്രകടനം തന്നെയാണ്. ജൂണിന്റെ സ്‌കൂള്‍ ജീവിതവും പ്രണയവും വിവാഹവുമെല്ലാം മനോഹരമായി തന്നെ അവതരിപ്പിക്കാൻ രജിഷയ്ക്ക് കഴിയുന്നുണ്ട്. ഫെബ്രുവരിയില്‍ തന്നെ എത്തിയ ‘ജൂണി’നെ കുറിച്ച് ചിത്രത്തിലെ നായിക രജിഷ വിജയന്‍ സംസാരിക്കുന്നു.

ജൂണിനെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങളൊക്കെ എങ്ങനെയാണ്?

മികച്ച പ്രതികരണങ്ങളാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നത്. ക്രിട്ടിക്‌സും ഓഡിയന്‍സും നല്ലത് പറയുന്നു. തിയേറ്ററില്‍ ആളുകള്‍ കയറുക എന്നതിലുപരി നല്ല റിവ്യൂസ് വരുന്നു എന്നതും വളരെയധികം സന്തോഷമുള്ള കാര്യമാണ്. നല്ലൊരു സിനിമയുടെ ഭാഗമാകാന്‍ സാധിച്ചു എന്നതാണ് ഏറ്റവും വലിയ സന്തോഷം.

ജൂണിന് വേണ്ടിയെടുത്ത തയ്യാറെടുപ്പുകള്‍ വെറുതെയായില്ലെന്ന് അര്‍ത്ഥം?

ഇല്ല. വെറുതയായില്ല. സത്യത്തില്‍ വെറുതയാകില്ലെന്ന് ഉറപ്പുണ്ടായിരുന്നു. കാരണം അത്ര നല്ല സ്‌ക്രിപ്റ്റായിരുന്നു ‘ജൂണി’ന്റേത്. പിന്നെ നല്ല ടീമായിരുന്നു. അതുകൊണ്ട് തന്നെ എഫര്‍ട്ട് എടുത്തത് വെറുതെയായിട്ടില്ല.

ഫൊട്ടോ: രജിഷ വിജയന്‍/ ഇന്‍സ്റ്റഗ്രാം

ചെറുപ്പക്കാരുടെ ഒരു ടീമിനൊപ്പമുള്ള വര്‍ക്കിങ് എക്‌സ്പീരിയന്‍സ് എങ്ങനെയായിരുന്നു?

സമപ്രായക്കാരയത് കൊണ്ടു തന്നെ രസകരമായ അനുഭവമായിരുന്നു. പിന്നെ ഓഡിഷനിലൂടെ കണ്ടെത്തിയവര്‍ക്കായി ഒരു വര്‍ക്ക് ഷോപ്പ് നടത്തിയിരുന്നു. സിദ്ധാര്‍ത്ഥ് ശിവയായിരുന്നു വര്‍ക്ക് ഷോപ്പ് നടത്തിയത്. ഞാനും അതില്‍ പങ്കെടുത്തിരുന്നു. അവിടെ മുതല്‍ എല്ലാവരുമായി നല്ല സൗഹൃദമായി. ഏപ്രിലാണ് ചിത്രത്തിന്റെ ഷീട്ടിങ് തുടങ്ങിയത്. കഴിയുമ്പോഴേക്കും നവംബര്‍ ആയി. ഡബ്ബിങും മറ്റും കഴിഞ്ഞ് റിലീസ് ആകുന്നത് ഫെബ്രുവരിയിലാണ്. ഏതാണ്ട് ഒരുവര്‍ഷത്തോളം എല്ലാവരും ഒരുമിച്ചുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒരുമിച്ച് പഠിച്ച് പാസ് ഔട്ടാവുന്നൊരു ഫീല്‍ ആയിരുന്നു.
കഴിവുള്ള ഒരുപാട് പേര്‍ നമുക്ക് ചുറ്റുമുണ്ട്. ഒരവസരം കിട്ടിക്കഴിഞ്ഞാല്‍ തകര്‍ക്കാന്‍ കഴിയുന്നവര്‍. ഓഡിഷനിലൂടെ കണ്ടെത്തിയവരായിരുന്നു മിക്കവരും. ചുമ്മാ ബാക്കില്‍ ഇരുന്ന് ചിരിക്കുന്ന രംഗമാണെങ്കില്‍ പോലും ഷോട്ട് കഴിഞ്ഞ് വന്ന് എങ്ങനെയുണ്ടായിരുന്നു എന്ന് നോക്കി ഉറപ്പ് വരുത്തുന്നവരായിരുന്നു അവരെല്ലാം. അത്രക്ക് ഡെഡിക്കേറ്റഡ് ആയ ന്യൂ കമ്മേഴ്‌സ്.

ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന അവാര്‍ഡ് നേടി തന്ന കഥാപാത്രമാണ് ‘അനുരാഗ കരിക്കിന്‍ വെള്ള’ത്തിലെ എലി. ജൂണിനേയും എലിയേയും താരതമ്യം ചെയ്യുന്നതെങ്ങനെയാണ്?

എലി, ഭാഗ്യം കൊണ്ട് സംഭവിച്ചതാണ്. സ്വപ്‌നതുല്യമായൊരു തുടക്കമായിരുന്നു അത്. ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച അവസരം. സിനിമയെ കുറിച്ച് ഒരു ഐഡിയയും ഇല്ലാതിരിക്കുമ്പോഴാണ് അത്രയും പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നൊരു റോള്‍ ലഭിക്കുന്നത്. അതേസമയം, ഒരു സിനിമയില്‍ മുഴുവനും/ഏതാണ്ട് എല്ലാ ഫ്രെയിമിലും വരിക, അതും വലിയ സ്റ്റാര്‍ കാസ്റ്റ് ഒന്നുമില്ലാത്തൊരു സിനിമ, ടൈറ്റില്‍ റോളില്‍ അഭിനയിക്കുക അതൊക്കെ കുറേക്കൂടി ഉത്തരവാദിത്വമുള്ളതാണ്. പിന്നെ ഒരു കാലഘട്ട സിനിമ എന്നിരിക്കെ സ്വയം അതിനനുസരിച്ച് മാറണം. അങ്ങനെ നോക്കുമ്പോള്‍ ഉത്തരവാദിത്വവും റിസ്‌ക്കും ‘ജൂണി’ൽ കൂടുതലാണ്. എലിയേക്കാള്‍ മോശമായെന്ന് ഇതുവരേയും ആരും പറഞ്ഞിട്ടില്ല. എലിയോളം തന്നെ നന്നായെന്ന് പറയുന്നവരാണ് കൂടുതലും.

ജൂണ്‍ ആണോ അതോ എലിയാണോ കൂടുതല്‍ അടുത്തു നില്‍ക്കുന്ന കഥാപാത്രം?

എനിക്ക് ഞാന്‍ ചെയ്ത നാല് കഥാപാത്രങ്ങളും എന്റെ കുഞ്ഞുങ്ങളാണ്. എല്ലാം സ്വയം എഫേര്‍ട്ടിട്ട് ചെയ്തതായതു കൊണ്ടു തന്നെ എല്ലാ കഥാപാത്രങ്ങളും പ്രിയപ്പെട്ടതാണ്. പിന്നെ ആദ്യ പ്രണയം എന്നത് മറക്കാനാവാത്തൊരു ഫീല്‍ തന്നെയാണല്ലോ! ‘അനുരാഗ കരിക്കിന്‍വെള്ളം’ യാദൃശ്ചികമായി സംഭവിച്ചൊരു ചിത്രമാണ്. പക്ഷെ ജൂണ്‍ അങ്ങനല്ല, രണ്ട് വര്‍ഷം ഊണിലും ഉറക്കത്തിലും ചിന്തിച്ചിരുന്നത് ജൂണിനെ കുറിച്ചായിരുന്നു. അത്രത്തോളം ഡിവോട്ടഡ് ആയി അഭിനയിച്ച കഥാപാത്രമാണ്. എന്നെ തന്നെ അതിനായി മാറ്റിയതാണ്.

ഫൊട്ടോ: രജിഷ വിജയന്‍/ ഇന്‍സ്റ്റഗ്രാം

ജൂണിലേക്കുള്ള ഫിസിക്കല്‍ മേക്ക് ഓവറിനേക്കാള്‍ ഉപരിയായി മാനസികമായൊരു ട്രാന്‍സ്ഫര്‍മേഷന്‍ എത്തരത്തിലാണ് സാധ്യമായത്?

ഞാന്‍ ജൂണ്‍ ആണെന്ന് മനസിനോട് ആവര്‍ത്തിച്ച് പറയുകയായിരുന്നു ആദ്യ പടി. മനസ് വളരെ പവര്‍ഫുള്ളാണ്. എന്താണോ നമ്മളതില്‍ ഫീഡ് ചെയ്യുന്നത് അത് മനസ് സ്വീകരിക്കും. ജൂണ്‍ ആണെന്ന് സ്വയം പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു ചെയ്തത്. പിന്നീട് ജൂണിന്റെ ഇഷ്ട ഭക്ഷണം, നിറം അങ്ങനെ സിനിമയില്‍ കാണിക്കാത്ത കാര്യങ്ങള്‍ പോലും തീരുമാനിക്കുകയും അതിലൂടെ ജൂണ്‍ ആയി മാറുകയായിരുന്നു. ചിത്രത്തിലെ മിക്ക രംഗങ്ങളിലും പ്രത്യേകിച്ച് നോയലുമൊത്തുള്ളവയില്‍ ജൂണിന്റെ വസ്ത്രത്തിന്റെ നിറം നീലയായിരുന്നു. നേരത്തെ തീരുമാനിച്ചതായിരുന്നു. യാന്ത്രികമായി തന്നെ സംഭവിച്ചതാണ്. അങ്ങനെയുള്ള കുഞ്ഞ് കുഞ്ഞ് കാര്യങ്ങളില്‍ പോലും നടത്തിയ തിരഞ്ഞെടുപ്പുകളൊക്ക അതിന് സഹായിച്ചു. സ്‌കൂളിലായിരിക്കുമ്പോള്‍ നടക്കുന്നത് എങ്ങനെയാണ്? കോളേജിലേക്ക് എത്തുമ്പോള്‍ എങ്ങനെയാണ് നടക്കുക? തുടങ്ങിയ ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിച്ചിരുന്നു.

അതിനേക്കാളുമൊക്കെ ഉപരിയായി സംവിധായകനെ വിശ്വസിക്കുക എന്നതാണ്. അദ്ദേഹത്തോളം ഈ കഥാപാത്രത്തെ അറിയുന്ന വേറാരുമില്ല. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക എന്നതായിരുന്നു അടിസ്ഥാനപരമായ കാര്യം. അഹമ്മദില്‍ കണ്ട ഏറ്റവും നല്ല ക്വാളിറ്റി ഒട്ടും ഈഗോ ഇല്ലെന്നുള്ളതാണ്. നമ്മള്‍ക്ക് ഒരു അഭിപ്രായം ഉണ്ടെങ്കില്‍ അത് കേള്‍ക്കാന്‍ തയ്യാറാണ്. അത് സ്വീകരിക്കണമോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ തീരുമാനമായിരിക്കെ തന്നെ കേള്‍ക്കാന്‍ തയ്യാറാവുക എന്നത് വളരെ നല്ലൊരു ശീലമാണ്. ബേസിക്കലി ‘ജൂണ്‍’ ഒരു ടീം വര്‍ക്കിന്റെ സിനിമയാണ്. മിക്ക സീനുകളും സ്‌പോട്ടിൽ വെച്ച് ഇംപ്രവൈസ് ചെയ്തതാണ്. അതിനുള്ള സ്‌പേസ് ഉണ്ടായിരുന്നു.

ഒരു പുതുമുഖ സംവിധായകന്‍, ചിത്രത്തെ തുടക്കം മുതല്‍ ഒടുക്കം വരെ കൊണ്ടു പോകുന്ന ടൈറ്റില്‍ കഥാപാത്രം. സത്യത്തില്‍ അതൊരു റിസ്‌ക് തന്നെയായിരുന്നില്ലേ?

മഹാഭാഗ്യമല്ലേ, സത്യത്തില്‍ ഇങ്ങനൊരു കഥാപാത്രം ചെയ്യാനാവുക എന്നത്. എന്നെ സംബന്ധിച്ച് അതായിരുന്നു വലുത്. ഒരു നടി എന്ന നിലയില്‍ ഇങ്ങനൊരു കഥാപാത്രം പത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണ്. അഹമ്മദ് എന്റടുത്ത് കഥ പറയാന്‍ വരുമ്പോള്‍ ക്യാമറാമാനും മ്യൂസിക്കും മാത്രമേ തീരുമാനിച്ചിരുന്നുള്ളൂ. രണ്ടു പേരും അഹമ്മദിന്റെ സുഹൃത്തുക്കളായിരുന്നു. സ്‌ക്രിപ്റ്റായിരുന്നു ജൂണിലേക്ക് എന്നെ ആകര്‍ഷിച്ച ഘടകം. വളരെയധികം റിലേറ്റ് ചെയ്യാന്‍ പറ്റുന്നതായിരുന്നു കഥാപാത്രം. അതുകൊണ്ട് തന്നെ എന്നിലൂടെ ജൂണിനെ അവതരിപ്പിക്കണം എന്ന് അതിയായി ആഗ്രഹിച്ചിരുന്നു.

പിന്നെ റിസ്‌ക്, അതിപ്പോ ഏത് സിനിമയാണെങ്കിലും റിസ്‌ക് തന്നെയല്ലേ. ചിത്രം വിജയിക്കുമോ ഇല്ലയോ എന്ന് ഉറപ്പ് പറയാനാകില്ലല്ലോ? ചിലപ്പോള്‍ നല്ല കഥയായിരിക്കാം പക്ഷെ വിജയിച്ചെന്ന് വരില്ല. മറ്റു ചിലപ്പോള്‍ സ്‌ക്രിപ്റ്റില്‍ നന്നായിരുന്നത് എടുത്ത് വരുമ്പോള്‍ മോശമാകും. സിനിമയുടെ വിജയം നിശ്ചയിക്കുന്നത് പല ഘടകങ്ങളാണ്. പക്ഷെ ‘ജൂണി’ന്റെ സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ തന്നെ ഒരു സ്പാര്‍ക്കുണ്ടായി, ഇത് ചെയ്യണം എന്നൊരു തോന്നല്‍.

ഫൊട്ടോ: രജിഷ വിജയന്‍/ ഇന്‍സ്റ്റഗ്രാം

സ്വന്തം ജീവിതം ജൂണില്‍ കാണാന്‍ സാധിച്ചിരുന്നുവോ?

തീര്‍ച്ചയായും. അമ്മയുടെ വഴക്കായാലും ഫോണ്‍ വരുമ്പോള്‍ അടുത്ത് തന്നെ നില്‍ക്കുന്നതും ഫോണില്‍ സംസാരിക്കുമ്പോള്‍ അച്ഛനും അമ്മയും അടുത്ത് എത്തിയാല്‍ കോഡ് പറയുന്നത്. ‘പൗ’വിന് പകരം വേറെയായിരുന്നുവെന്ന് മാത്രം. സ്‌കൂളിലെ നിഷ്‌കളങ്കമായ ക്രഷ്, മഴ ഇതൊക്കെ റിലേറ്റ് ചെയ്യാന്‍ പറ്റുന്നതാണ്. ജൂണ്‍ ജോലിക്കായി മറ്റൊരു നഗരത്തിലേക്ക് പോകുന്നത് പോലെ ഞാനും പഠിക്കാനായി പോയിട്ടുണ്ട്. അങ്ങനെ പൂര്‍ണമായല്ലെങ്കില്‍ കൂടിയും റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ജൂണിലുണ്ട്. സിനിമ കണ്ട് വിളിക്കുന്നവരും പറയുന്നത് അതിനെ കുറിച്ചാണ്.

Read more: June Movie Review: ‘ജൂണ്‍’- ഇതൊരു കംപ്ലീറ്റ് രജിഷ വിജയന്‍ ഷോ

ചിത്രം കണ്ടവരെല്ലാം എടുത്ത് പറയുന്ന ഒരു ഘടകം രജിഷയും ജോജുവുമായുള്ള കോമ്പിനേഷന്‍ സീനുകൾ ആയിരിക്കുമല്ലോ? അച്ഛന്‍-മകള്‍ ബന്ധം നന്നായി ഫീല്‍ ചെയ്യുന്നുണ്ട്. ജോജുവിനൊപ്പമുള്ള അനുഭവം എങ്ങനെയായിരുന്നു?

ജോജു ചേട്ടൻ ഒരു അപാര ആര്‍ട്ടിസ്റ്റാണ്. പോയ ഇടങ്ങളിലെല്ലാം പുള്ളിയെ കുറിച്ച് ഞാന്‍ പറഞ്ഞത് ‘വൈകി വന്ന വസന്തം’ എന്നാണ്. പക്ഷെ ഇതാണ് പുള്ളിക്ക് പറ്റിയ കറക്ട് ടൈം. പ്രായം നോക്കാതെ നല്ല കഥാപാത്രങ്ങള്‍ ചെയ്യാനുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥയും മനോധൈര്യവും എടുത്ത് പറയേണ്ടതാണ്. ചിലപ്പോള്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്ത് കൊണ്ടാകാം, അദ്ദേഹത്തിന്റെ പ്രോസസ് ഭയങ്കര രസമാണ്. അഭിനയിക്കുന്നത് കണ്ടിരിക്കാന്‍ തോന്നും. അഭിപ്രായങ്ങള്‍ ചോദിക്കുകയും പറയുകയും ചെയ്യും. നല്ലൊരു കംഫര്‍ട്ട് ഉണ്ടാക്കിയെടുക്കും. അതുകൊണ്ട് തന്നെയാകും അച്ഛന്‍-മകള്‍ കെമിസ്ട്രി കൊണ്ടു വരാന്‍ സാധിച്ചത്. പടം കഴിഞ്ഞിട്ടും എനിക്ക് എന്റെ അച്ഛനെ പോലെ തന്നെയാണ് ജോജു. ഇപ്പോഴും പുറത്ത് പലയിടത്തും ഞാന്‍ അപ്പാ എന്നു വിളിച്ചു പോകുന്നുണ്ട്.

സിനിമകള്‍ക്കിടയില്‍ ഇടവേളകള്‍ കൂടുതലുണ്ടല്ലോ? നല്ല കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുന്നത് കൊണ്ടാണോ?

കൂടുതലും നോക്കുന്നത് എനിക്ക് എന്ത് ചെയ്യാനുണ്ട് എന്നതാണ്. എന്നെ ചലഞ്ച് ചെയ്യുന്ന എന്തുണ്ട് ആ സിനിമയില്‍ എന്നാണ് നോക്കുന്നത്. കഥ കേള്‍ക്കുമ്പോള്‍ തന്നെ കണക്ട് ചെയ്യാന്‍ സാധിക്കണം. ഈ കഥാപാത്രം എന്നിലൂടെ സംഭവിക്കണം എന്നൊരു സ്പാർക്ക് ഉണ്ടാവണം. ചിലപ്പോള്‍ ആ തോന്നല്‍ വെറും തോന്നലായെന്നും വരാം. ഞാന്‍ എടുക്കുന്ന തീരുമാനങ്ങളൊക്കെയും ശരിയാണെന്നും അഭിപ്രായമില്ല. പക്ഷെ ആ ഫ്‌ളോയില്‍ അങ്ങ് പോവുക എന്നതാണ്. വിജയിക്കുമോ ഇല്ലയോ എന്നൊക്കെ ആലോചിച്ച് സിനിമ ചെയ്യാനാകില്ല. കഥാപാത്രവുമായി കണക്ട് ചെയ്യാന്‍ സാധിക്കുന്നുണ്ടോ എന്നത് മാത്രമാണ് വിഷയം.

‘ഹീറോ സെന്‍ട്രിക്’ ആയൊരു ഇന്‍ഡസ്ട്രിയില്‍ അത്തരം റോളുകള്‍ക്കായി കാത്തിരിക്കുന്നത് തിരിച്ചടിയാകുമോ?

ഇല്ല. ഇന്‍ഡസ്ട്രി അങ്ങനെ മെയില്‍ ഡൊമിനന്റ് ആയതിന് കാരണം അവര്‍ക്കാണ് ഇനീഷ്യല്‍ പുള്ള് എന്നത് കൊണ്ടാണ്. ലാലേട്ടന്റേയോ മമ്മൂക്കയുടേയോ അതോ ദുല്‍ഖറിന്റേയോ ഫഹദിന്റേയോ സിനിമക്ക് വരുന്ന ആളുകള്‍ എന്റെ സിനിമക്ക് വരണം എന്നില്ല. പ്രേക്ഷകര്‍ അവരുടെ പേര് കേട്ടാണ് വരുന്നത്. അതുകൊണ്ടാണ് അവര്‍ക്ക് ആ വാല്യു കൊടുക്കുന്നത്. അവരത് അര്‍ഹിക്കുന്നുണ്ട്.

എനിക്കൊരു സ്റ്റാര്‍ ആകണ്ട, നടി ആയാല്‍ മതി. എണ്ണം കൂട്ടാൻ കൂടുതൽ സിനിമകൾ ചെയ്യുക എന്നതിലും ഞാൻ വിശ്വസിക്കുന്നത് സിനിമയുടെ ക്വാളിറ്റിയിൽ ആണ്. എനിക്ക് തൃപ്തി തരുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടം. അതിനായി കാത്തിരിക്കാന്‍ തയ്യാറാണ്. സിനിമ എന്റെ പാഷന്‍ മാത്രമാണ്. അതില്‍ നിന്നും മറ്റ് നേട്ടങ്ങളൊന്നും ആഗ്രഹിക്കുന്നില്ല.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Rajisha vijayan interview