ഷൂട്ടിങ്ങിനിടെ സൈക്കിളിൽ നിന്ന് വീണ് നടി രജിഷ വിജയന് പരുക്കേറ്റു. സൈക്കിള്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ നിലത്ത് വീണ രജിഷയ്ക്ക് കാലിനാണ് പരിക്കേറ്റത്. രജിഷ നായികയാവുന്ന സ്പോർട്സ് ചിത്രം ‘ഫൈനൽസി’ന്റെ ചിത്രീകരണം കട്ടപ്പന നിര്‍മല്‍ സിറ്റിയിൽ പുരോഗമിക്കുന്നതിനിടെയാണ് താരത്തിന് പരുക്കേറ്റത്. അപകടത്തെ തുടർന്ന് രജിഷയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.
നവാഗതനായ പി ആർ അരുൺ ആണ് ഫൈനൽസ് സംവിധാനം ചെയ്യുന്നത്. നടി മുത്തുമണിയുടെ ഭർത്താവാണ് അരുൺ. ‘ഫൈനൽസി’ന്റെ കഥയൊരുക്കിയിരിക്കുന്നതും അരുൺ ആണ്. ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന ഒരു സൈക്കിൾ താരത്തിന്റെ വേഷമാണ് ചിത്രത്തിൽ രജിഷ കൈകാര്യം ചെയ്യുന്നത്. ആലീസ് എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ശ്രദ്ധേയമായ രു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘തീവണ്ടി’യിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ കൈലാസ് മേനോനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നിരഞ്ജ് ആണ് നായകൻ. മണിയൻ പിള്ള രാജുവും പ്രജീവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
അരുൺ മുൻപ് രജിഷയെ നായികയാക്കി ഒരു നാടകവും സംവിധാനം ചെയ്തിരുന്നു.’ഹാൻഡ് ഓഫ് ഗോഡ്’ എന്ന പേരിൽ അരങ്ങിലെത്തിയ നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Read more: ‘ജൂണാ’യി രജിഷ വിജയന്റെ മേക്കോവര്‍; മുടിമുറിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞു
‘ജൂണ്‍’ എന്ന ചിത്രത്തിനു ശേഷം രജിഷ അഭിനയിക്കുന്ന ചിത്രമാണ് ‘ഫൈനൽസ്’. അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ രജിഷയുടെ കഥാപാത്രവും വേറിട്ട ഗെറ്റപ്പുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയ്ക്ക് വേണ്ടി മുടി മുറിച്ചും തടി കുറിച്ചും പല്ലിൽ ക്ലിപ്പിട്ടുമൊക്കെ ഏറെ മുന്നൊരുക്കങ്ങളും രജിഷ നടത്തിയിരുന്നു.