അപമര്യാദയായി പെരുമാറിയ ആളെ അടിച്ചിട്ടുണ്ടെന്ന് അനുരാഗ കരിക്കിൻ വെളളത്തിലൂടെ ശ്രദ്ധേയയായ നായിക രജീഷ വിജയൻ. ഗൃഹലക്ഷ്‌മിക്ക് നൽകിയ അഭിമുഖത്തിൽ സ്ത്രീ സുരക്ഷയെ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് രജീഷ ഇക്കാര്യം പറഞ്ഞത്.

സ്ത്രീസുരക്ഷ വലിയ പ്രശ്‌നമായിരിക്കുന്ന സാഹചര്യത്തിൽ ഈ വിഷയത്തിൽ പ്രതികരിക്കേണ്ടി വന്നിട്ടുണ്ടോയെന്ന ചോദ്യത്തിനാണ് ഒരാളെ അടിച്ചിട്ടുണ്ടെന്ന് രജീഷ പറഞ്ഞത്.

“ഞാൻ ഒരാളെ അടിച്ചിട്ടുണ്ട്‌. ശരിക്കും മുഖത്ത് നോക്കി പൊട്ടിച്ചു. എന്റെ സമ്മതമില്ലാതെ എന്റെ ശരീരത്തിൽ ഒരു വിരൽ വയ്ക്കാൻ പോലും നിങ്ങൾക്ക് അധികാരമില്ലെന്ന് ഞാൻ പറഞ്ഞു.” രജീഷ അഭിമുഖത്തിൽ പറയുന്നു.

നമ്മളെ ഒരാൾ തുറിച്ചു നോക്കുകയും ആവശ്യമില്ലാതെ പിന്തുടരുകയും ചെയ്യുകയാണെങ്കിൽ പ്രതികരിക്കണമെന്നും രജീഷ പറയുന്നു. ഒരാളുടെ പെരുമാറ്റം പരിധി വിടുമ്പോൾ മനസിലാക്കാനുളള ബോധം സ്ത്രീകൾക്കുണ്ടെന്നും ഒരിക്കൽ പ്രതികരിക്കുമ്പോൾ രക്ഷിക്കുന്നത് വേറൊരു സ്ത്രീയുടെ ജീവിതം കൂടിയാണെന്നും രജീഷ കൂട്ടിച്ചേർത്തു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പെരുകിവരുന്ന സാഹചര്യത്തിൽ ഇവിടുത്തെ പ്രധാന പ്രശ്‌നം കർശനമായ ശിക്ഷയില്ലാത്തതാണ്. കാശുണ്ടെങ്കിൽ ഏത് കേസിൽ നിന്നും നിഷ്‌പ്രയാസം ഊരിപോരാമെന്നതും കേസ് നീണ്ടാൽ മരണം വരെ വിധി വരില്ലെന്ന വിശ്വാസമാണ് തെറ്റ് ചെയ്യുന്നവർ വച്ച് പുലർത്തുന്നത്. ഒരാളെ മര്യാദയ്‌ക്ക് ശിക്ഷിച്ചാൽ ഒരു പേടി അടുത്ത തവണ തെറ്റ് ചെയ്യാൻ പോവുന്നവനിലുണ്ടാവും. ആ പേടിയില്ലായ്‌മയാണ് ഇപ്പോഴത്തെ പ്രശ്‌നമെന്നും രജീഷ പറയുന്നു.

ഒരു സ്ത്രീയെ ആദ്യം തുറിച്ച് നോക്കിയും കമന്റടിച്ചും തോണ്ടിയും തെറിവിളിച്ചുമാണ് ഒരാൾ തെറ്റ് ചെയ്യാൻ തുടങ്ങുന്നത്. അത് പിന്നീട് സൈബർ അബ്യൂസാവും. പലരും ഇത് തുടങ്ങുന്നത് പേടിയോടെയാവും. എന്നാൽ ഒരു സ്ത്രീ ശക്തമായി പ്രതികരിച്ചാൽ ഈ ശല്യക്കാരുടെ ധൈര്യം ചോർന്നു പോവുമെന്നും രജീഷ പറയുന്നു.

അനുരാഗ കരിക്കിൻ വെളളത്തിലൂടെയാണ് രജീഷ സിനിമയിലെത്തുന്നത്. എലിസബത്ത് എന്ന കഥാപാത്രത്തെ തേടി മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും രജീഷയെ തേടിയെത്തിയിരുന്നു. ദിലീപ് നായകനാവുന്ന ജോർജേട്ടൻസ് പൂരമാണ് പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന രജീഷയുടെ ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ