ഈ വരുന്ന പൊങ്കല്‍ ആരാധകര്‍ക്ക് നിര്‍ണായകമാകും. തലയുടെ ചിത്രം കാണണോ തലൈവറുടെ ചിത്രം കാണണോ എന്ന കണ്‍ഫ്യൂഷനിലേക്ക് ആരാധകരെ തള്ളിയിടുകയാണ് തമിഴ് സിനിമ. രജിനികാന്ത് നായകനാകുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രം ‘പേട്ട’യും അജിത് നായകനാകുന്ന ശിവയുടെ ചിത്രം വിശ്വാസവുമാണ് പൊങ്കലിന് തിയേറ്ററുകളില്‍ എത്തുന്നത്.

ദീപാവലിക്ക് ‘വിശ്വാസം’ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ഇത് 2019 ലേക്ക് മാറ്റുകയായിരുന്നു. രണ്ടുദിവസത്തിനുള്ളില്‍ വിശ്വാസത്തിന്റേയും പേട്ടയുടേയും അണിയറപ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും എന്നാണ് അറിയുന്നത്.

Read More: മാസ് ആക്ഷനുമായി അജിത്തിന്റെ ‘വിശ്വാസം’ ചിത്രീകരണം; ചിത്രങ്ങൾ

‘വിശ്വാസ’ത്തില്‍ അജിത് ഇരട്ടവേഷത്തിലാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നയന്‍താരയാണ് ചിത്രത്തിലെ നായിക. ‘ബില്ല’, ‘ആരംഭം’, ‘അയേഗന്‍’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്തും നയന്‍താരയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വിശ്വാസം. ഈ ചിത്രത്തിനായി നയന്‍താര മറ്റു ചിത്രങ്ങളുടെ ഡേറ്റുകള്‍ വരെ അഡ്ജസ്റ്റ് ചെയ്തിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അജിത്തിനോടുള്ള ബഹുമാനംകൊണ്ട് കഥ പോലും കേള്‍ക്കാതെയാണ് നയന്‍താര സിനിമ ചെയ്യാന്‍ തയ്യാറായത് എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

‘വീരം’, ‘വേഗം’, ‘വേതാളം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സംവിധായകന്‍ ശിവ അജിത്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രം കൂടിയാണ് ‘വിശ്വാസം’. കഴിഞ്ഞ മൂന്നു ചിത്രങ്ങളും ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നത്.

Read More: രജനീകാന്ത് ചിത്രം ‘പേട്ട’ ചിത്രീകരണം പൂര്‍ത്തിയായി

പേട്ടയുടെ ചിത്രീകരണം കഴിഞ്ഞദിവസമാണ് പൂര്‍ത്തിയായത്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ രജനിയുടെ വില്ലനായി എത്തുന്നത്. ഇന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായ നവാസുദ്ദീന്‍ സിദ്ദിഖി, സിമ്രാന്‍, തൃഷ, ബോബി സിന്‍ഹ തുടങ്ങി വലിയ താരനിരയാണ് പേട്ടയില്‍ അണിനിരക്കുന്നത്.

അനിരുദ്ധ് രവിചന്ദറാണ് പശ്ചാത്തല സംഗീതം നല്‍കുന്നത്. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത്. സണ്‍ പിക്‌ചേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രഖ്യാപിച്ച ദിവസം മുതല്‍ ‘പേട്ട’യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ