തലൈവറും തലയും നേർക്കുനേർ വരുന്നു ആവേശത്തിലാണ് രജനീകാന്തിന്റെയും അജിത്തിന്റെയും ആരാധകർ. ഇത്തവണ പൊങ്കലിനാണ് രജനീകാന്തിന്റെ പേട്ട’യുടെയും ‘വിശ്വാസ’ത്തിന്റെയും റിലീസ് വരുന്നത്. ഇരുചിത്രങ്ങളുടെയും ട്രെയിലറുകൾക്ക് ഗംഭീരമായ വരവേൽപ്പാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ആരുടെ ചിത്രമാവും മികച്ചു നിൽക്കുക എന്ന ആകാംക്ഷയിലാണ് ആരാധകർ. തലൈവറുടെയും തലയുടെയും ചിത്രങ്ങളെ വരവേൽക്കാനായി ആഘോഷപരിപാടികളും മുന്നൊരുക്കങ്ങളും തുടങ്ങി കഴിഞ്ഞു.
ശങ്കറിന്റെ ‘2.0’യുടെ വിജയത്തിനു ശേഷം തിയേറ്ററുകളിലെത്തുന്ന രജനീകാന്ത് ചിത്രം എന്ന പ്രത്യേകതയും ‘പേട്ട’യ്ക്കുണ്ട്. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മക്കൾ സെൽവൻ വിജയ് സേതുപതിയും ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖിയും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. വിജയ് സേതുപതി ചിത്രത്തില്‍ രജനിയുടെ വില്ലനായാണ് എത്തുന്നത്. സിമ്രാന്‍, തൃഷ,മാളവിക മോഹന്‍ തുടങ്ങിയവരാണ് നായികാ വേഷത്തില്‍ എത്തുന്നത്. ബോബി സിംഹ,ശശികുമാര്‍ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറാണ് പശ്ചാത്തല സംഗീതം നല്‍കുന്നത്. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത്. സണ്‍ പിക്‌ചേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സിരുത്തെ ശിവയാണ് ‘വിശ്വാസം’ എന്ന ഈ തലചിത്രത്തിന്റെ സംവിധായകൻ. ബില്ല’, ‘ആരംഭം’, ‘അയേഗൻ’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്തും നയന്‍താരയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്’ വിശ്വാസം’. ഈ ചിത്രത്തിനായി നയന്‍താര മറ്റു ചിത്രങ്ങളുടെ ഡേറ്റുകള്‍ വരെ അഡ്ജസ്റ്റ് ചെയ്തിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അജിത്തിനോടുള്ള ബഹുമാനംകൊണ്ട് കഥ പോലും കേള്‍ക്കാതെയാണ് നയന്‍താര സിനിമ ചെയ്യാന്‍ തയ്യാറായത് എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇരുവര്‍ക്കും പുറമെ യോഗി ബാബു,തമ്പി രാമയ്യ,ജഗപതി ബാബു,സത്യരാജ്,പ്രഭു,രാജ്കിരണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി ഇമാന്‍ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. സത്യ ജ്യോതി ഫിലിംസാണ് നിർമ്മാതാക്കൾ.
‘വീരം’, ‘വേഗം’, ‘വേതാളം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സംവിധായകന്‍ ശിവ അജിത്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രം കൂടിയാണ് ‘വിശ്വാസം’. കഴിഞ്ഞ മൂന്നു ചിത്രങ്ങളും ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നത്.