/indian-express-malayalam/media/media_files/uploads/2018/06/kaala32105267_2068660456742761_6801963934585716736_nOut.jpg)
രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം കാല ഫെയ്സ്ബുക്കിലൂടെ ലൈവ് സ്ട്രീം ചെയ്തയാള്‍ അറസ്റ്റില്‍. സിംഗപ്പൂരില്‍ നിന്നുളള രജനികാന്ത് ആരാധകനാണ് അറസ്റ്റിലായത്. തമിഴ് താരം വിശാല്‍ കൃഷ്ണയുടെ ഇടപെടലിലാണ് ഇയാള്‍ പിടിയിലായത്. തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ അദ്ധ്യക്ഷനായ വിശാല്‍ സമയം കളയാതെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
'ഞങ്ങള്‍ക്ക് കാല വലിയൊരു ചിത്രമാണ്. രണ്ട് വര്‍ഷത്തിന് ശേഷമാണ് രജനി സാര്‍ തിരികെ എത്തുന്നത്. തിയറ്ററില്‍ നിന്നും ചിത്രം ലൈവ് സ്ട്രീം നടത്തുന്നതായി സിഗപ്പൂരില്‍ നിന്നുളള സുഹൃത്താണ് പറഞ്ഞത്. 40 മിനുട്ടോളം ചിത്രം ഫെയ്സ്ബുക്കിലൂടെ പുറത്തുപോയിരുന്നു. സമയം കളയാതെ നടപടി എടുത്തില്ലെങ്കില്‍ ഫലമുണ്ടാകുമായിരുന്നില്ല. അത് ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിച്ചു', വിശാല്‍ പറഞ്ഞു.
'അയാളെ അറസ്റ്റ് ചെയ്യിക്കുക എന്ന് പറയുന്നത് എളുപ്പമുളള കാര്യം ആയിരുന്നില്ല. ഇന്ത്യയ്ക്ക് പുറത്താണ് കുറ്റം നടന്നത് എന്നത് കൊണ്ട് തന്നെ അയാളെ പിടികൂടുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. എന്നാല്‍ അത് ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിച്ചു. പകര്‍പ്പവകാശത്തെ കുറിച്ച് ബോധമില്ലാതെ പെരുമാറുന്നവര്‍ക്ക് ഇതൊരു പാഠമാണ്. തിയറ്ററില്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് പോലും കുറ്റകരമാണെന്ന് അറിയാത്തവരുണ്ട്. ഇതൊരു ഗുരുതരമായ കുറ്റമാണെന്ന് അറിയണം', വിശാല്‍ പറഞ്ഞു.
ചിത്രം തിയേറ്ററുകളിലെത്തിയതിനുപിന്നാലെ ചിത്രത്തിന്റെ വ്യാജൻ തമിഴ് റോക്കേഴ്സ് വെബ്സൈറ്റ് പുറത്തുവിട്ടു. സിനിമയുടെ എച്ച്ക്യു, എച്ച്ഡി പ്രിന്റുകൾ തമിഴ് റോക്കേഴ്സ് അവരുടെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. പുലർച്ചെ 5.28 ഓടെ വ്യാജ പതിപ്പ് അപ്‌ലോഡ് ചെയ്തതായാണ് വിവരം.
അതേസമയം, തമിഴ് റോക്കേഴ്സിന്റെ പ്രവൃത്തിക്കെതിരെ രജനി ആരാധകർ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ലോകത്താകമാനമുളള ആയിരക്കണക്കിന് രജനി ആരാധകരുടെ സന്തോഷത്തെയാണ് തമിഴ് റോക്കേഴ്സ് തച്ചുടച്ചതെന്നാണ് ആരാധകരുടെ അഭിപ്രായം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.