രജനീകാന്ത്-പാ രഞ്ജിത് കൂട്ടുകെട്ടിന്റെ ചിത്രം കാലയിലെ കണ്ണമ്മ എന്ന വീഡിയോ ഗാനം പുറത്തുവിട്ടു. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ മൂന്നു ഭാഷകളിലാണ് ഗാനം ഇറങ്ങിയത്. ഗാനം പുറത്തുവിട്ട് ഒരുദിവസം കഴിഞ്ഞപ്പോഴേക്കും 12 ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.
ഉമാദേവിയുടെ വരികള്‍ക്ക് സന്തോഷ് നാരായണനാണ് സംഗതം നല്‍കിയിരിക്കുന്നത്. പ്രദീപ് കുമാറും ധീയും ചേര്‍ന്നാണ് കണ്ണമ്മ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ജൂണ്‍ ഏഴിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. സമ്മിശ്ര പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ് കാല.
ചിത്രത്തില്‍ മുംബൈ അധോലോക നായകനായാണ് രജനി എത്തുന്നത്. രജനിയുടെ ലുക്കും ഏറെ ചര്‍ച്ചയാണ്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ തലൈവര്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം 80 കോടി മുതല്‍മുടക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. പൊളിറ്റിക്കല്‍ ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. നാനാ പടേക്കര്‍, സമുദ്രക്കനി, ഈശ്വരി റാവു, സുകന്യ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ധനുഷും ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ ഏറെ പ്രാധാന്യമുള്ള ചിത്രമാണ് കാല.
ചെന്നൈയില്‍ നിന്നും ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡ് കാല സ്വന്തമാക്കിക്കഴിഞ്ഞു. എന്നാല്‍ മൊത്തമുള്ള കളക്ഷനില്‍ രജനിയുടെ മുന്‍കാല ചിത്രങ്ങളെക്കാളും പിറകിലാണ് കാലയെന്നാണ് റിപ്പോര്‍ട്ട്. സൗദി അറേബ്യയില്‍ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന റെക്കോര്‍ഡും സ്വന്തമാക്കാനൊരുങ്ങുകയാണ് കാല.