ഈറോഡ് സ്വദേശിയായ മുഹമ്മദ് യാസിന്‍ എന്ന ഏഴുവയസുകാരനെ നേരിട്ടുകാണാന്‍ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് നേരിട്ടെത്തി. വെറുതെയല്ല, യാസിന്റെ സത്യസന്ധതയെ അഭിനന്ദിക്കനാണ് രജിനി എത്തിയത്.

കഴിഞ്ഞദിവസം, 50,000 രൂപ അടങ്ങിയ ഒരു ബാഗ് യാസിന് കളഞ്ഞുകിട്ടിയിരുന്നു. തന്റെ പണമല്ല, അത് തനിക്കുള്ളതല്ല എന്നറിയാവുന്ന യാസിന്‍ സ്‌കൂള്‍ അധികൃതര്‍ വഴി ആ ബാഗ് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. ഈ സത്യസന്ധതയെ നേരിട്ട് അംഗീകരിക്കാനാണ് രജിനി വന്നത്.

ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്നു വരുന്ന യാസിന്‍, കളഞ്ഞുകിട്ടിയ പണം തന്റേതല്ലെന്നു മനസിലാക്കി പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചത് തന്നെ വല്ലാതെ സ്പര്‍ശിച്ചുവെന്നും അത് ആ കുട്ടിയുടെ സത്യസന്ധതയാണെന്നും രജിനികാന്ത് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. യാസിന്റെ തുടര്‍ന്നുള്ള വിദ്യാഭ്യാസം താന്‍ ഏറ്റെടുത്തോളാമെന്നും രജിനികാന്ത് ഉറപ്പു നല്‍കിയിട്ടുണ്ട്.

‘യാസിന്റെ വിദ്യാഭ്യാസത്തിന്റെ എല്ലാ ചിലവും ഞാന്‍ ഏറ്റെടുക്കും. എന്തുപഠിക്കണമെങ്കിലും ഞാന്‍ പഠിപ്പിക്കും. എന്റെ മകനായി തന്നെയാണ് ഞാന്‍ കണക്കാക്കുന്നത്,’ രജിനി പറഞ്ഞു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ചിന്നസേമൂര്‍ പഞ്ചായത്തിലെ യൂണിയന്‍ മിഡില്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ യാസിന്‍ എന്ന ഏഴുവയസുകാരന് പണമടങ്ങുന്ന ബാഗ് ലഭിച്ചത്. ഉടന്‍ തന്നെ യാസിന്‍ ഈ വിവരം ക്ലാസ് ടീച്ചറായ വി. ജയന്തി ബായ്‌യെ അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവര്‍ പ്രധാനാധ്യാപിക വഴി പൊലീസ് സ്റ്റേഷനില്‍ എത്തി ബാഗ് ഏല്‍പ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook