തമിഴകത്തിന്റെ സൂപ്പർ താരം രജനികാന്തിന്റെ 72-ാം ജന്മദിനമാണ് ഇന്ന്. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ സ്റ്റൈൽ മന്നന് ആശംസകൾ നേരുന്നത്. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും രജനികാന്തിന് ആശംസകൾ നേർന്നിട്ടുണ്ട്.
രജനീകാന്തിനൊപ്പം അഭിനയിച്ച അഭിനയിച്ച ‘ദളപതി’ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടി ആശംസകൾ നേർന്നിരിക്കുന്നത്. “പ്രിയപ്പെട്ട രജനീകാന്ത്, ജന്മദിനാശംസകൾ, നല്ലൊരു വർഷമാവട്ടെ. എല്ലായ്‌പ്പോഴും സന്തോഷത്തോടെയും ആരോഗ്യത്തോടെയും അനുഗ്രഹീതനായുമിരിക്കൂ,” മമ്മൂട്ടി കുറിച്ചു.
ധനുഷ്, കമൽഹാസൻ എന്നിവരും രജനികാന്തിന് ആശംസകൾ നേർന്നിട്ടുണ്ട്.
1950 ഡിസംബര്‍ 12 ന് കര്‍ണാടകയിലാണ് രജനികാന്തിന്റെ ജനനം. കര്‍ണാടക ആര്‍.ടി.സിയില്‍ കണ്ടക്ടറായി ജോലി ചെയ്തിരുന്ന ശിവാജി റാവു ഗെയ്ക്ക്വാദ് എന്ന രജനി 1975ലാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ‘അപൂര്‍വ രാഗങ്ങള്‍’ ആയിരുന്നു ആദ്യ ചിത്രം.
തമിഴിനു പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി, ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള രജനികാന്തിന്റെ സൂപ്പർ താരപദവിയിലേക്കുള്ള വളർച്ച അതിവേഗമായിരുന്നു. ചലച്ചിത്ര രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾക്ക് പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, ദാദസാഹേബ് ഫാല്‍കേ പുരസ്‌കാരങ്ങൾ ഉൾപ്പെടെ ലഭിച്ചു.
അഭിനയത്തിന് പുറമേ, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, പിന്നണി ഗായകന്‍ എന്നീ നിലകളിലും രജനികാന്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്സ് ഇന്ത്യ മാസികയും അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട്.