കഠിനാധ്വാനത്തിലൂടെ ഉയർന്നു വന്ന് തമിഴകത്തിന്റെ സ്വന്തം തലൈവറായി മാറിയ രജനീകാന്തിന്റെ ജീവിതം അഭിയനമോഹവുമായി നടക്കുന്ന ഓരോരുത്തർക്കും ഒരു പാഠപുസ്തകമാണ്. ഒരു ബസ് കണ്ടക്ടറിൽ നിന്നും സൂപ്പർസ്റ്റാറായി മാറിയ ആ ജീവിതം ഒരു സിനിമാക്കഥയെ പോലെ ആശ്ചര്യപ്പെടുത്തുകയും പ്രചോദനമാവുകയും ചെയ്യുന്ന ഒന്നാണ്. തമിഴ് സിനിമാപ്രേമികൾക്ക് രജനീകാന്ത് ഇന്ന് ഒരു വികാരമാണ്, സ്നേഹത്തോടെയും ആദരവോടെയും അല്ലാതെ തലൈവർ എന്നു വിളിക്കാൻ അവർക്ക് കഴിയില്ല.
ഇന്ന് രജനീകാന്തിന്റെ 70-ാം പിറന്നാളാണ്. എന്നാൽ രജനീകാന്ത് എന്ന താരത്തെ സംബന്ധിച്ച് അദ്ദേഹത്തിന് രണ്ട് പിറന്നാളുകൾ ഉണ്ടെന്ന് പറയാം. ഒന്ന് ജനിച്ച ദിവസവും രണ്ട് ശിവാജി റാവു ഗെയ്ക്ക്‌വാദ് എന്ന ചെറുപ്പക്കാരൻ രജിനികാന്ത് ആയി മാറിയ ദിവസവും. സിനിമാമോഹിയായ ശിവാജി റാവു ഗെയ്ക്ക്‌വാദ് എന്ന ചെറുപ്പക്കാരന് അതൊരു ഹീറോയ്ക്ക് പറ്റിയ പേരല്ലെന്ന് പറഞ്ഞ് രജിനികാന്ത് എന്ന പേരു നൽകുന്നത് സംവിധായകൻ കെ ബാലചന്ദർ ആണ്. ബാലചന്ദറിന്റെ തന്നെ ഒരു ചിത്രമായ ‘മേജർ ചന്ദ്രകാന്തി’ലെ കഥാപാത്രത്തിന്റെ പേരായിരുന്നു അത്.
1972ൽ ഒരു മാർച്ച് 27 നാണ് ശിവാജി റാവു രജനീകാന്ത് എന്ന പേരു സ്വീകരിക്കുന്നത്. അന്നു മുതൽ തുടർച്ചയായി ഒരുപാട് വർഷകാലം ആ ദിവസത്തിന്റെ ഓർമ്മയെന്ന രീതിയിൽ തന്റെ വഴികാട്ടിയായ ബാലചന്ദറിനെ പോയി കണ്ട് കാൽതൊട്ട് അനുഗ്രഹം വാങ്ങുന്നൊരു ശീലം കാത്തുസൂക്ഷിച്ചിരുന്നു രജിനികാന്ത്. ഹോളിയും പൗർണമിയും ഒത്തുവന്ന ഒരു ദിവസമായിരുന്നു ആ മാർച്ച് 27 എന്നത് താനെപ്പോഴും ഓർക്കാറുണ്ടെന്നും ഒരവസരത്തിൽ രജിനികാന്ത് പറഞ്ഞിരുന്നു.
കർണ്ണാടക-തമിഴ്‌നാട് അതിർത്തിയിലുളള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മറാഠ കുടുംബങ്ങളിലൊന്നിലാണ് രജനീകാന്തിന്റെ പിതാവായ റാണോജിറാവു ഗെയ്ക്‌വാദ് ജനിച്ചത്. റാണോജി റാവുവിന് കോൺസ്റ്റബിൾ ആയി ജോലി കിട്ടിയതിനെ തുടർന്ന് രജനികാന്തിന്റെ കുടുംബം ബാംഗ്ലൂരിലേക്ക് താമസം മാറി. റാണോജി റാവുവിന്റെയും റാംബായിയുടെ നാലാമത്തെ മകനായാണ് ശിവാജിറാവു എന്ന രജിനികാന്തിന്റെ ജനനം. ഏഴാം വയസ്സിൽ അദ്ദേഹത്തിന് അമ്മയെ നഷ്ടമായി.
അമ്മയുടെ നിയന്ത്രണമില്ലാതെ വളർന്ന ബാല്യകാലം ശിവാജിയെ മോശമായ കൂട്ടുകെട്ടുകളിലേക്കും ദുഃശ്ശീലങ്ങളിലേക്കുമാണ് കൊണ്ടെത്തിച്ചത്. ആ ബാലന് പഠനത്തിലും താൽപ്പര്യം സിനിമ കാണുന്നതിലായിരുന്നു. പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ ശിവാജി തുടർപഠനമെന്ന പിതാവിന്റെ നിർദ്ദേശം കണക്കിലെടുക്കാതെ സിനിമാമോഹവുമായി മദ്രാസിലേക്ക് വണ്ടി കയറി. പക്ഷേ ആ ശ്രമം വിജയിച്ചില്ല. ഒടുവിൽ പരാജിതനായി ബാംഗ്ലൂരിൽ തന്നെ മടങ്ങിയെത്തിയ ശിവാജിയ്ക്ക് മൂത്ത സഹോദരൻ സത്യനാരായണ റാവു മുൻകൈയ്യെടുത്ത് കർണ്ണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ കണ്ടക്ടറായി ജോലി വാങ്ങി നൽകി. കണ്ടക്ടറായി ജോലി ചെയ്യുമ്പോഴും തന്റെ ഉള്ളിലെ അഭിനയമെന്ന മോഹം മുറുകെ പിടിച്ചിരുന്നു ശിവാജി റാവു. അഭിനയം പഠിക്കാനായി അദ്ദേഹം 1973-ൽ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു.
കെ. ബാലചന്ദ്രന്‍ സംവിധാനം ചെയ്ത്, 1975 ആഗസ്റ്റ് 18ന് റിലീസായ അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കന്നഡിഗനായ ശിവാജി റാവു ഗേക്‌വാദ് തമിഴരുടെ രജനികാന്തായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഒന്നിനു പുറകെ ഒന്നായി ചിത്രങ്ങള്‍. ആദ്യ കാലത്ത്, വില്ലന്‍ വേഷങ്ങളായിരുന്നുവെങ്കില്‍ പിന്നീട്, നായകവേഷങ്ങള്‍ പതിവായി. തമിഴ് സിനിമയില്‍ പുതിയ തരംഗമായി രജനി ആസ്വാദകരുടെ സിരകളില്‍ രജനി കത്തിക്കയറി. രജനിയുടെ ചലനങ്ങളും, ഭാവങ്ങളും യുവാക്കള്‍ക്ക് ഹരമായി. എസ് പി മുത്തുരാമന്റെ ഭുവാന ഒരു കേള്‍ക്കിവാരി എന്ന ചിത്രം രജനിയുടെ ചലച്ചിത്രജീവിതത്തിലെ വഴിത്തിരിവായി. അരങ്ങേറ്റം കുറിച്ച ആദ്യ നാല് വര്‍ഷങ്ങളില്‍ നാല് ഭാഷകളിലായി 50 ഓളം സിനിമകളിലാണ് രജനീകാന്ത് അഭിനയിച്ചത്. നാന്‍ സിഗപ്പുമണിതന്‍, പഠിക്കാത്തവന്‍, വേലക്കാരന്‍, ധര്‍മ്മത്തിന്‍ തലൈവന്‍, നല്ലവനുക്ക് നല്ലവന്‍ എന്നിവയായിരുന്നു ഇക്കാലത്തെ രജനിയുടെ പ്രധാന ചിത്രങ്ങള്‍. 1988 അമേരിക്കന്‍ ചിത്രമായ ബ്ലഡ്സ്റ്റോണില്‍ ഇന്ത്യന്‍ ടാക്‌സി ഡ്രൈവറായും രജനി അഭിനയിച്ചു. 1978 ല്‍ ഐ വി ശശി സംവിധാനം ചെയ്്ത അലാവുദ്ദീനും അത്ഭുതവിളക്കും എന്ന മലയാള ചിത്രത്തിലും രജനി അഭിനയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ ദളപതിയില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു.
ആരും അനുകരിക്കാനാഗ്രഹിക്കുന്ന, എന്നാല്‍ ആരെക്കൊണ്ടും അനുകരിക്കാന്‍ കഴിയാത്ത സ്റ്റൈല്‍ കണ്ടു തന്നെയാണ് ഈ മനുഷ്യനെ ആരാധകര്‍ സ്റ്റൈല്‍ മന്നന്‍ എന്നു വിളിച്ചത്. കൂലിക്കാരന്‍, കര്‍ഷകന്‍, ഓട്ടോറിക്ഷ ഡ്രൈവര്‍, ഹോട്ടല്‍ വെയ്റ്റര്‍ തുടങ്ങിയ വേഷങ്ങളിലൂടെയാണ് രജനികാന്ത് ജനലക്ഷങ്ങളുടെ തലൈവനായത്. സിഗരറ്റ് കറക്കി ചുണ്ടില്‍ വച്ച് വലിക്കുന്നതു മുതല്‍ ചുറുചുറുക്കോടെയുള്ള സ്‌റ്റൈലന്‍ നടത്തം വരെ… രജനികാന്ത് എന്ന ബ്രാന്‍ഡ് ജനിച്ചത് അങ്ങനെയൊക്കെയായിരുന്നു. ആക്ഷനുകളും സംഭാഷണങ്ങളും.. എല്ലായിടത്തുമുണ്ട് ആ രജനി ടച്ച്.
തൊണ്ണൂറുകളില്‍ മന്നന്‍, പടയപ്പ, മുത്തു, ബാഷ തുടങ്ങിയ ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഉത്സവമായി. ഇവിടെ രജനിയുടെ താര പരിവേഷം ക്രമേണ വാനോളമുയരുകയായിരുന്നു. 1993-ല്‍ വള്ളി എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ രജനി താന്‍ ചലച്ചിത്ര രംഗം വിടുകയാണെന്ന് വാര്‍ത്താ സമ്മേളത്തില്‍ പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. 1995-ല്‍ പുറത്തിറങ്ങിയ രജനി ചിത്രമായ മുത്തു ജാപ്പനീസ് ഭാഷയില്‍ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ഖ്യാതി നേടി. ഈ ഒറ്റ ചിത്രത്തോടെ രജനി ജപ്പാനില്‍ ജനപ്രിയനായി. എങ്കിലും ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാതിരുന്നതുമൂലം മുത്തു വിതരണക്കാരന് നഷ്ടമുണ്ടാക്കി. വിതരണക്കാരന് നഷ്ടപരിഹാരം നല്‍കിക്കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ തന്നെ ശ്രദ്ധേയമായ മാതൃക കാട്ടാന്‍ രജനി തയാറായി.
തമിഴിനു പുറമെ മലയാളം, തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി ചിത്രങ്ങളില്‍ രജനി അഭിനയിച്ചിട്ടുണ്ട്. ആധാ കാനൂന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച രജനിക്ക് അവിടെ ചുവടുറപ്പിക്കാനായില്ല. പത്മഭൂഷൺ അടക്കമുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള രജിനികാന്തിനെ ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്സ് ഇന്ത്യ മാസികയും ഒരിക്കൽ തിരഞ്ഞെടുത്തിരുന്നു.