തമിഴ് സിനിമയ്ക്ക് നായകന്‍മാര്‍ ഒരുപാടുണ്ട്. എന്നാല്‍ തലൈവര്‍ ഒന്നേയുള്ളൂ. അത് സ്റ്റൈല്‍മന്നന്‍ രജനീകാന്ത് തന്നെ. തുടര്‍ച്ചയായ ഹിറ്റുകളുമായി തമിഴ് ബോക്‌സ് ഓഫീസിന് ജീവന്‍ തിരിച്ചു നല്‍കിയ സൂപ്പര്‍ സ്റ്റാര്‍ അടുത്ത ചിത്രത്തിനായുള്ള ഒരുക്കത്തിലാണ്. വിജയ് നായകനായ ‘സര്‍ക്കാറി’ന് ശേഷം എര്‍.ആര്‍.മുരുഗദോസ് ഒരുക്കുന്ന ചിത്രത്തിലാണ് രജനീകാന്ത് നായകനായി എത്തുന്നത്.

ചിത്രത്തില്‍ രജനിയുടെ നായികമാരായി എത്തുന്നത് തെന്നിന്ത്യന്‍ താര റാണി നയന്‍താരയും കീര്‍ത്തി സുരേഷുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികള്‍ നടക്കുകയാണ്. ഈ മാസം ചിത്രീകരണം ആരംഭിക്കും. ചിത്രത്തില്‍ രണ്ട് കഥാപാത്രങ്ങളാണ് രജനി അവതരിപ്പിക്കുക എന്നായിരുന്നു നേരത്തെ പുറത്തു വന്നിരുന്ന റിപ്പോര്‍ട്ടുകള്‍. ആ റിപ്പോര്‍ട്ടുകള്‍ ശരിയാണെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read more: ‘ദളപതി’യ്ക്ക് ശേഷം രജിനീകാന്തും സന്തോഷ് ശിവനും വീണ്ടുമൊന്നിക്കുന്നു

ചിത്രം രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാകില്ലെന്നും മറിച്ച് ഒരു പക്കാ എന്റര്‍ടെയിനര്‍ ആകുമെന്നുമാണ് സംവിധായകന്‍ എ.ആര്‍.മുരുഗദോസ് അവകാശപ്പെടുന്നത്. എല്ലാ പ്രായത്തിലുള്ള ആളുകളെയും ചിത്രം രസിപ്പിക്കുമെന്നും സംവിധായകന്‍ ഉറപ്പു പറയുന്നു. ചിത്രത്തിൽ മുഖ്യമന്ത്രി ആയാണ് രജിനികാന്ത് അഭിനയിക്കുക എന്നും അഭ്യൂഹങ്ങളുണ്ട്.

ചിത്രം നിര്‍മ്മിക്കുന്നത് ലൈക പ്രൊഡകഷന്‍സ് തന്നെയാണ്. ലൈക തന്നെയാണ് 2.0യും നിര്‍മ്മിച്ചത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. 28 വര്‍ഷത്തിനു ശേഷം രജനീകാന്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നുവെന്ന് തന്റെ ട്വിറ്ററിലൂടെ സന്തോഷ് ശിവന്‍ അറിയിച്ചിരുന്നു. മണി രത്‌നത്തിന്റെ ദളപതിയാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook