‘ലാൽ സലാം’ എന്ന പുതിയ ചിത്രവുമായി ബിഗ് സ്ക്രീനിൽ തിരിച്ചെത്താൻ ഒരുങ്ങുകയാണ് സൂപ്പർസ്റ്റാർ രജനികാന്ത്. ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്ന രജനികാന്തിന്റെ ഫസ്റ്റ് ലുക്ക് ഞായറാഴ്ച്ച അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. രജനികാന്തിന്റെ മകൾ ഐശ്വര്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിൽ മെയ്തീൻ ഭായ് എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. എ ആർ റഹ്മാൻ ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കുന്നു.
“മുംബൈയിലെ എല്ലാവരുടെയും പ്രിയപ്പെട്ട ഭായ്, ലാൽ സലാമിൽ മൊയ്തീൽ ഭായ് എന്ന വേഷത്തിലെത്തുക സൂപ്പർസ്റ്റാർ രജനികാന്തായിരിക്കും” പോസ്റ്ററിനു താഴെയുള്ള അടികുറിപ്പിങ്ങനെയാണ്.
എട്ടു വർഷങ്ങൾക്കു ശേഷമാണ് ഐശ്വര്യ ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. ‘വൈ രാജ വൈ’ ആണ് അവസാനമായി ഐശ്വര്യ സംവിധാനം ചെയ്ത ചിത്രം. 2012ൽ പുറത്തിറങ്ങിയ ധനുഷ് ചിത്രം ‘3’ യിലൂടെയാണ് ഐശ്വര്യ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
2021 ൽ പുറത്തിറങ്ങിയ ദീപാവലി റിലീസ് ചിത്രം ‘അണ്ണാത്ത’യിലാണ് രജനികാന്ത് അവസാനമായി അഭിനയിച്ചത്. നെൽസൺ ന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ജെയിലറി’ന്റെ തിരക്കിലാണിപ്പോൾ രജനികാന്ത്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിൽ ഒരുങ്ങുന്ന ചിത്രം 2023 ആഗസ്റ്റ് 10 നു തീയേറ്ററുകളിലെത്തും. ഈ വർഷം തന്നെ ‘ലാൽ സലാ’മും റിലീസിനെത്തുമെന്നാണ് റിപ്പോർട്ട്.