/indian-express-malayalam/media/media_files/2026/01/29/rajinikanth-arvind-swamy-2026-01-29-17-42-53.jpg)
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായിട്ടും രജനീകാന്ത് പുലർത്തുന്ന ലാളിത്യം സിനിമാലോകത്ത് എന്നും ചർച്ചയാകാറുണ്ട്. തന്റെ ആദ്യ ചിത്രമായ 'ദളപതി'യുടെ ഷൂട്ടിംഗിനിടെ നടന്ന അവിസ്മരണീയമായ ഒരു അനുഭവം പങ്കുവെക്കുകയാണ് നടൻ അരവിന്ദ് സാമി. മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു നടൻ.
താൻ രജനീകാന്തിന്റെ കട്ടിലിൽ കിടന്ന് ഉറങ്ങിപ്പോയപ്പോൾ തന്റെ ഉറക്കം തടസ്സപ്പെടുത്താതിരിക്കാൻ തറയിൽ കിടന്നുറങ്ങിയ താരത്തെ കുറിച്ചുള്ള ഒരോർമ്മയാണ് അരവിന്ദ് സ്വാമി പങ്കിട്ടത്.
1991-ൽ മണിരത്നം സംവിധാനം ചെയ്ത 'ദളപതി'യിലൂടെയാണ് അരവിന്ദ് സാമി സിനിമയിലെത്തിയത്. അന്ന് സിനിമാ സെറ്റുകളിലെ കീഴ്വഴക്കങ്ങളെക്കുറിച്ചോ താരങ്ങൾക്കുള്ള പ്രത്യേക സൗകര്യങ്ങളെക്കുറിച്ചോ തനിക്ക് അറിവില്ലായിരുന്നു എന്ന് അരവിന്ദ് സ്വാമി പറഞ്ഞു.
Also Read: കാമുകനുമായുള്ള വേർപിരിഞ്ഞു, ആക്‌സൈറ്റി മൂലം അഭിനയത്തിൽ നിന്ന് വിട്ടുനിന്നു: ശ്രുതി ഹാസൻ
"സിനിമയിലെ പ്രോട്ടോക്കോളുകളെക്കുറിച്ചൊന്നും എനിക്ക് അന്ന് വലിയ ധാരണയില്ലായിരുന്നു. ഷൂട്ടിംഗിനായി നേരത്തെ എത്തിയ ഞാൻ കടുത്ത ക്ഷീണം കാരണം സെറ്റിൽ കണ്ട ഒരു കട്ടിലിൽ കിടന്നുറങ്ങി. അത് രജനി സാറിന് വേണ്ടി ഒരുക്കിയ കട്ടിലായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു."
കുറച്ചു കഴിഞ്ഞ് ഉറക്കമുണർന്ന അരവിന്ദ് സാമി കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. താൻ കിടന്ന അതേ മുറിയിൽ തറയിൽ രജനീകാന്ത് കിടന്നുറങ്ങുന്നു! "ഞാൻ അദ്ദേഹത്തിന്റെ മുറിയിൽ കയറി കട്ടിലിൽ ഉറങ്ങുകയായിരുന്നു എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. അദ്ദേഹം എന്തിനാണ് തറയിൽ കിടന്നുറങ്ങിയത് എന്ന് ആലോചിച്ച് ഞാൻ അമ്പരന്നുപോയി," അരവിന്ദ് സാമി ഓർത്തെടുത്തു.
Also Read: ഓട്ടോയിൽ വന്നിറങ്ങി മോഹൻലാലും യൂസഫലിയും; വീഡിയോ
രജനീകാന്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റാണ് അന്ന് നടന്ന കാര്യം അരവിന്ദ് സാമിയോട് വിശദീകരിച്ചത്. ഉറങ്ങിക്കിടക്കുന്ന അരവിന്ദ് സ്വാമിയെ ശല്യപ്പെടുത്തേണ്ടെന്ന് രജനീകാന്ത് നിർദ്ദേശിക്കുകയായിരുന്നു.
"എന്നെ വിളിക്കണ്ട എന്നാണ് അദ്ദേഹം മേക്കപ്പ് ആർട്ടിസ്റ്റിനോട് പറഞ്ഞത്. അതായിരുന്നു രജനി സാർ," അരവിന്ദ് സ്വാമിയുടെ വാക്കുകളെ കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.
ഈ ഒരു സംഭവത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും അരവിന്ദ് സാമി പറഞ്ഞു. "പുതുതായി വന്ന ഒരാളല്ലേ, അവനെ എഴുന്നേൽപ്പിക്കൂ എന്ന് അദ്ദേഹം ചിന്തിച്ചില്ല. മറ്റൊരാളുടെ ഉറക്കം കെടുത്താൻ പാടില്ല എന്ന അദ്ദേഹത്തിന്റെ ആ മനസ്സ് വലിയൊരു പാഠമാണ്. ഒപ്പം തറയിൽ കിടന്നുറങ്ങാൻ പോലും മടിയില്ലാത്ത അദ്ദേഹത്തിന്റെ ലാളിത്യവും എന്നെ അത്ഭുതപ്പെടുത്തി."
രജനീകാന്ത്, മമ്മൂട്ടി, അരവിന്ദ് സാമി എന്നിവർ തകർപ്പൻ പ്രകടനം കാഴ്ചവെച്ച 'ദളപതി' ഇന്നും തെന്നിന്ത്യൻ സിനിമയിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായി തുടരുന്നു.
Also Read: 44 വർഷം പഴക്കമുള്ളൊരു കല്യാണക്കുറിയും കല്യാണവും; ചിത്രത്തിലെ വരനെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us