scorecardresearch
Latest News

100 രൂപ അഡ്വാൻസ് ചോദിച്ചിട്ട് തന്നില്ല, കാറിൽ കയറ്റില്ല, മുൻകാല അനുഭവം പങ്കുവച്ച് രജനീകാന്ത്; വീഡിയോ

വർഷങ്ങൾക്ക് മുൻപ് ഒരു നിർമാതാവിൽ നിന്നും ഏൽക്കേണ്ടി വന്ന അപമാനമാണ് തന്നിൽ വീറും വാശിയും നിറച്ച് മുന്നോട്ട് പോവാൻ പ്രചോദനമായതെന്ന് താരം പറയുന്നു

Rajinikanth, Happy birthday Rajinikanth, Superstar Rajinikanth birthday, HBD Rajini, രജിനികാന്ത്, രജനികാന്ത്, Indian express malayalam, IE malayalam

ഏറെ കഠിനാധ്വാനത്തിലൂടെ ഉയർന്നു വന്ന രജനീകാന്തിന്റെ ജീവിതം അഭിയനമോഹവുമായി നടക്കുന്ന ഓരോരുത്തർക്കും ഒരു പാഠപുസ്തകമാണ്. ഒരു ബസ് കണ്ടക്ടറിൽ നിന്നും തമിഴകത്തിന്റെ സ്വന്തം സൂപ്പർസ്റ്റാറായി മാറിയ ആ ജീവിതം ഒരു സിനിമാക്കഥയെ പോലെ ആശ്ചര്യപ്പെടുത്തുകയും പ്രചോദനമാവുകയും ചെയ്യുന്ന ഒന്നാണ്. തമിഴ് സിനിമാപ്രേമികൾക്ക് രജനീകാന്ത് ഇന്ന് ഒരു വികാരമാണ്, സ്നേഹത്തോടെയും ആദരവോടെയും അല്ലാതെ തലൈവർ എന്നു വിളിക്കാൻ അവർക്ക് കഴിയില്ല.

തമിഴകത്ത് അനിഷേധ്യമായൊരു സ്ഥാനം തന്നെ കയ്യാളുന്ന രജനീകാന്തിന് വർഷങ്ങൾക്ക് മുൻപ് ഒരു നിർമാതാവിൽ നിന്നും ഏൽക്കേണ്ടി വന്ന അപമാനം ചെറുതല്ല. ഉള്ളിൽ വാശിയും നിശ്ചയദാർഢ്യവും നിറച്ച ആ അനുഭവത്തെ കുറിച്ച് രജനീകാന്ത് സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്.

എഴുപതുകളിൽ രജനീകാന്ത് അത്ര പ്രശസ്തനായിരുന്നില്ല. സിനിമയിൽ തന്റെ കാലുറപ്പിക്കാൻ അദ്ദേഹം ശ്രമിക്കുന്ന കാലം. ’16 വയതിനിലെ’ എന്ന ചിത്രം ഇറങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോഴുള്ള ഒരു സംഭവമാണ് വീഡിയോയിൽ രജനീകാന്ത് ഓർത്തെടുക്കുന്നത്.

ഭാരതിരാജയുടെ ’16 വയതിനിലെ’ എന്ന ചിത്രമാണ് എഴുപതുകളിൽ തനിക്കേറെ പ്രശസ്തി നേടിതന്നതെന്ന് രജനീകാന്ത് പറഞ്ഞു. “അതിനുമുമ്പ് ഞാൻ ഒരുപിടി സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ’16 വയതിനിലെ’ എന്ന ചിത്രത്തിലെ പരട്ടായി എന്ന കഥാപാത്രമാണ് തമിഴ്‌നാട്ടിലുടനീളമുള്ള ആളുകൾ എന്നെ ശ്രദ്ധിക്കാൻ കാാരണമായത്,” രജനീകാന്ത് ഓർക്കുന്നു. ആ ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ച കഴിഞ്ഞപ്പോൾ മറ്റൊരു വേഷവുമായി ഒരു പ്രൊഡ്യൂസർ രജനീകാന്തിനെ സമീപിച്ചു.

“അതൊരു നല്ല കഥാപാത്രമായിരുന്നു, ഭാഗ്യവശാൽ ആ സമയത്തേക്ക് എനിക്ക് ഡേറ്റും ഉണ്ടായിരുന്നു. ഞാൻ സമ്മതിക്കുകയും എന്റെ പ്രതിഫലം ചർച്ച ചെയ്യുകയും ചെയ്തു. 10,000 രൂപയാണ് ഞാനാദ്യം ആവശ്യപ്പെട്ടത്, ഒടുവിൽ 6,000 രൂപയ്ക്ക് സമ്മതിച്ചു. ഞാൻ അദ്ദേഹത്തോട് 100 അല്ലെങ്കിൽ 200 രൂപ ടോക്കൺ അഡ്വാൻസ് ചോദിച്ചു. തന്റെ കയ്യിൽ ഇപ്പോൾ പണമില്ലെന്നും 1,000 രൂപ പിന്നീട് നൽകാമെന്നും നിർമ്മാതാവ് പറഞ്ഞു. എന്നാൽ ഷൂട്ടിംഗ് ദിവസം പ്രൊഡക്ഷൻ മാനേജർ അഡ്വാൻസ് നൽകിയില്ല.”

രജനീകാന്ത് ഒരു ടെലിഫോൺ ബൂത്തിൽ പോയി നിർമാതാവിനെ വിളിച്ച് തന്റെ അഡ്വാൻസിനെ കുറിച്ച് അന്വേഷിച്ചു. “ഷൂട്ടിംഗ് സ്ഥലത്തേക്ക് വരാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു, എന്റെ മേക്കപ്പ് ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം എനിക്ക് അഡ്വാൻസ് നൽകാമെന്നു പറഞ്ഞു. അടുത്ത ദിവസം ഞാൻ ഷൂട്ടിംഗിന് പോയി, എന്നിട്ടും എനിക്ക് അഡ്വാൻസ് ശമ്പളം ലഭിച്ചില്ല. ചിത്രത്തിലെ നായകൻ എത്തിയിട്ടുണ്ട്, വേഗം മേക്കപ്പിനായി ഇരിക്കൂ എന്ന് പ്രൊഡക്ഷൻ മാനേജർ എന്നോട് പറഞ്ഞു. ഞാൻ നിരസിച്ചു. 1,000 രൂപ ലഭിക്കാതെ മുന്നോട്ട് പോകില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ”രജനീകാന്ത് കൂട്ടിച്ചേർത്തു.

പിന്നീട് ചെന്നൈയിലെ എവിഎം സ്റ്റുഡിയോയിൽ വെച്ച് നിർമ്മാതാവിനെ കണ്ടപ്പോൾ അദ്ദേഹം തന്നോട് രോഷാകുലനായി സംസാരിക്കുകയും അപമാനിക്കുകയും ചെയ്തെന്ന് താരം പറഞ്ഞു. “അദ്ദേഹം പ്രകോപിതനായിരുന്നു. അദ്ദേഹം എന്നോട് കയർത്തു, നീയൊരു വലിയ കലാകാരനാണോ?കുറച്ച് സിനിമകൾ ചെയ്തതുകൊണ്ട് അഡ്വാൻസ് ഇല്ലാതെ മേക്കപ്പിനായി ഇരിക്കില്ലേ? നിനക്കൊരു കഥാപാത്രവുമില്ല, പുറത്തു പോവൂ.”

നിർമാതാവിന്റെ അംബാസഡർ കാറിൽ വീട്ടിൽ ഡ്രോപ്പ് ചെയ്യാവോ എന്നു ചോദിച്ചപ്പോൾ നിർമാതാവ് നിരസിച്ചുവെന്നും താരം ഓർക്കുന്നു. “എന്റെ പക്കൽ പണമില്ലായിരുന്നു, ഞാൻ വീട്ടിലേക്ക് നടന്നു. ഞാൻ നടക്കുമ്പോൾ, ബസ്സുകളിൽ നിന്നും തലയിട്ട് ആളുകൾ ‘പരട്ടായി, ഇത് എപ്പടി ഇര്ക്ക്? (16 വയതിനിലിലെ രജനീകാന്തിന്റെ ശ്രദ്ധേയ ഡയലോഗ്) എന്നു ചോദിക്കുന്നുണ്ടായിരുന്നു. ആളുകൾ എന്നെ പരിഹസിക്കുകയാണെന്ന് ഞാൻ കരുതി. പക്ഷേ, അവർ യഥാർത്ഥത്തിൽ എന്റെ ഡയലോഗ് ആവർത്തിക്കുകയായിരുന്നു. അപ്പോഴാണ് എവിഎം സ്റ്റുഡിയോയിലേക്ക് ഒരു വിദേശ കാറിൽ തിരിച്ചെത്തിയില്ലെങ്കിൽ ഞാൻ രജനീകാന്ത് ആവില്ലെന്നു എനിക്കു തോന്നിയത്,” തന്നിൽ വാശിയും നിശ്ചയദാർഢ്യവും നിറച്ച ആ അനുഭവം താരം പങ്കിട്ടു.

രണ്ടര വർഷം കൊണ്ട് തമിഴകത്തെ സൂപ്പർസ്റ്റാറായി രജനീകാന്ത് വളർന്നു. നാലര ലക്ഷം രൂപയോളം ചെലവഴിച്ച് ഒരു ഇറ്റാലിയൻ നിർമ്മിതമായ ഫിയറ്റ് കാർ രജനീകാന്ത് സ്വന്തമാക്കി. “എനിക്ക് അഭിമാനം തോന്നി. ആ സമയത്ത്, ഞാൻ താമസിച്ചിരുന്ന തെരുവിന് കാറിനെ ഉൾക്കൊള്ളാൻ പോലും കഴിഞ്ഞിരുന്നില്ല. എങ്ങനെയൊക്കെയോ ഞങ്ങൾ കാർ വീട്ടിലെത്തിച്ചു, ഒരു വിദേശ ഡ്രൈവറെ നിയമിക്കാൻ ഞാൻ ആഗ്രഹിച്ചു. വിദേശ കാറിന് ഒരു വിദേശി ഡ്രൈവർ തന്നെയുണ്ടാകണമെന്ന് ഞാൻ കരുതി. ഏതാനും ആഴ്ചകൾക്കുശേഷം, റോബിൻസൺ എന്ന ആംഗ്ലോ-ഇന്ത്യൻ ഡ്രൈവറെ ഞങ്ങൾ കണ്ടെത്തി. അദ്ദേഹത്തിന് 6 അടി ഉയരമുണ്ടായിരുന്നു, അദ്ദേഹം എത്തിയ ഉടനെ ഞാൻ ഒരു തയ്യൽക്കാരനോട് വീട്ടിലെത്തിച്ച് യൂണിഫോമിനായി അളവുകൾ എടുക്കാൻ ആവശ്യപ്പെട്ടു.”

“റോബിൻസൺ എനിക്ക് ഇരിക്കാനായി പിൻവാതിൽ തുറന്നുതന്നു. കാലിനു മുകളിൽ കാൽ കയറ്റിവച്ച് ഞാൻ രാജകീയമായി ഇരിക്കുകയായിരുന്നു. എന്റെ കാർ എവിഎം സ്റ്റുഡിയോയിൽ പ്രവേശിച്ചു, നിർമ്മാതാവ് കാർ പാർക്ക് ചെയ്യാറുള്ള സ്ഥലത്ത് റോബിൻസൺ എന്റെ കാർ പാർക്ക് ചെയ്തു. ഞാൻ ഇറങ്ങി രണ്ട് സിഗരറ്റ് വലിച്ചു.” രജനീകാന്ത് പറഞ്ഞു. 2020 ജനുവരിയിൽ ‘ദർബാർ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് രജനീകാന്ത് ഈ കഥ സദസ്സുമായി പങ്കുവച്ചത്.

Read more: രജനിയെ സൂപ്പര്‍ സ്റ്റാറാക്കിയ പ്രണയിനി; ആദ്യ പ്രണയത്തെ കുറിച്ചോര്‍ത്ത് പൊട്ടിക്കരഞ്ഞ തലൈവര്‍

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Rajinikanth shared an untold story