നീണ്ട എട്ടുവർഷത്തെ ഇടവേളയ്ക്കുശേഷം സൂപ്പർ സ്റ്റാർ രജനീകാന്ത് ആരാധകരുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ രാഘവേന്ദ്ര മണ്ഡപത്തിലാണ് അദ്ദേഹം തന്റെ ആരാധകരെ കണ്ടത്. ആരാധകർക്കൊപ്പം ഫോട്ടോ എടുക്കുകയും അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

സിനിമയിൽ വരുന്ന സമയത്ത് തനിക്ക് മദ്യപാനശീലം ഉണ്ടായിരുന്നതായി രജനീ ആരാധകരോട് വെളിപ്പെടുത്തി. ”എന്റെ മൂത്ത സഹോദരൻ ബെംഗളൂരുവിലാണ്. ഞാൻ ജ്യോഷ്ഠതുല്യനായി കാണുന്ന മറ്റൊരാൾ ചെന്നൈയിലാണ്. അദ്ദേഹമാണ് എസ്‌പി മുത്തുരാമൻ സർ. അച്ചടക്കവും സത്യസന്ധതയും ഉൾപ്പെടെ നിരവധി ജീവിതപാഠങ്ങൾ എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്. ഒരിക്കൽ ഒരു സിനിമയുടെ ചിത്രീകരണ സമയത്ത് മദ്യപിച്ചതുകാരണം വൈകിയാണ് ഞാൻ സെറ്റിലെത്തിയത്. അന്ന് അദ്ദേഹം എന്നോട് പറഞ്ഞു, ഞാനൊരു ഹീറോയാണ്. ഞാൻ താമസിച്ചു ചെന്നാൽ അത് മറ്റുളള മുഴുവൻ താരങ്ങളെയും അണിയറപ്രവർത്തകരെയും ബാധിക്കും. അന്നു മുതൽ ഞാൻ കൃത്യസമയത്ത് ഷൂട്ടിങ്ങിനെത്തും” രജനി പറഞ്ഞു. തമിഴ് സിനിമയിൽ മുൻനിര നായകനായി രജനീകാന്ത് വളർന്നതിൽ മുത്തുരാമൻ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.

Read More: ‘എല്ലാം ദൈവനിശ്ചയംപോലെ’; രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് രജനീകാന്തിന്റെ വെളിപ്പെടുത്തൽ

”വളരെ വർഷങ്ങൾക്കുശേഷമാണ് ഞാൻ ആരാധകരെ ഇത്തരത്തിൽ കാണുന്നത്. 2010 ൽ യന്തിരൻ വൻ വിജയമായിരുന്നു. എന്നാൽ അതിനുശേഷം പുറത്തിറങ്ങിയ ചില ചിത്രങ്ങൾ ബോക്സ് ഓഫിസിൽ വിജയം കണ്ടില്ല. കബാലി വിജയമായിരുന്നു. പക്ഷേ ചില കാരണങ്ങളാൽ ആ സമയത്ത് ആഘോഷം സംഘടിപ്പിക്കാൻ കഴിഞ്ഞില്ല”.

”ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതിന് ഞാൻ ഭയപ്പെടുന്നുവെന്നു മാധ്യമരംഗത്തെ ചിലർ എഴുതിയിട്ടുണ്ട്. ഒരു തീരുമാനം എടുക്കുന്നതിന് മുൻപ് ഞാൻ വളരെയധികം ചിന്തിക്കും. എന്നാൽ ചില സമയത്ത് ചില കാരണങ്ങളാൽ ആ തീരുമാനങ്ങളെ എനിക്ക് ഒന്നു കൂടി പുനർചിന്തിക്കേണ്ടി വരും. ഞാൻ വെളളത്തിലേക്ക് ഇറങ്ങിച്ചെന്നശേഷമാണ് എനിക്ക് മനസ്സിലാകുന്നത് അവിടെ മുതലകളുണ്ടെന്ന്. പിന്നെ എനിക്ക് എന്തെങ്കിലും ചെയ്യാനാകുമോ? അന്ധമായ ധൈര്യം നല്ലതല്ല”.

”എന്റെ സിനിമകളുടെ റിലീസ് സമയത്ത് ഞാൻ ചില വിവാദ പരാമർശങ്ങൾ നടത്താറുണ്ടെന്നും അത് സിനിമയുടെ പ്രമോഷനുവേണ്ടിയാണെന്നും ചിലർ പറയാറുണ്ട്. എനിക്ക് നിങ്ങളുടെ അനുഗ്രഹവും സ്നേഹവുമുണ്ട്. പിന്നെ എനിക്ക് ഇത്തരം കാര്യങ്ങൾ ചെയ്യേണ്ട ആവശ്യമില്ല.
ഒരു സിനിമ മോശമാണെകിൽ അത് തീർച്ചയായും പരാജയപ്പെടും. അതിനുവേണ്ടി എന്തു ചെയ്തിട്ടും കാര്യമില്ല. ജനങ്ങൾ നല്ല സ്മാർട്ടാണ്” രജനി പറഞ്ഞു.

ആരാധകരുമായി കഴിഞ്ഞ മാസം നടത്താനിരുന്ന കൂടിക്കാഴ്ചയാണ് രജനീകാന്ത് ഈ മാസത്തേക്ക് മാറ്റിയത്. വിവിധ ജില്ലകളിൽനിന്നും തിരഞ്ഞെടുത്തവർക്കാണ് സ്റ്റൈൽമന്നനെ കാണാൻ അവസരം ലഭിച്ചത്. 2009 ൽ ശിവാജിയുടെ റിലീസ് സമയത്താണ് രജനീകാന്ത് അവസാനമായി ആരാധകരുമായി കൂടിക്കാഴ്ച നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ