സൂപ്പർസ്റ്റാർ രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനം ഏവരും ഉറ്റുനോക്കുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് നിരവധി വാർത്തകളാണ് ഇടയ്ക്കിടെ പുറത്തുവരുന്നത്. രജനീകാന്ത് ബിജെപിയിലേക്ക് പോകുമെന്നും അതല്ല കോൺഗ്രസിലേക്കാണ് പോകുന്നതെന്നും നിരവധി പ്രചാരണങ്ങളുണ്ടായി. ഒടുവിലിതാ സ്റ്റൈൽ മന്നൻ തന്നെ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നു. ചെന്നൈയിലെ രാഘവേന്ദ്ര മണ്ഡപത്തിൽ തന്റെ ആരാധകരുമായി നടത്തിയ കൂടിക്കാഴചയിലാണ് ഭാവിയിൽ താൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുമോ എന്നതിനെക്കുറിച്ച് രജനീകാന്ത് വ്യക്തമാക്കിയത്.

”21 വർഷങ്ങൾക്കു മുൻപ് ഞാനൊരു രാഷ്ട്രീയ അപകടത്തിൽപ്പെട്ടു. അന്നു ചില കാരണങ്ങളാൽ എന്റെ പിന്തുണ ഒരു രാഷ്ട്രീയ കക്ഷിക്ക് പ്രഖ്യാപിച്ചു. എന്റെ ആരാധകരും തമിഴ്നാട് ജനങ്ങളും ആ കക്ഷിക്ക് വിജയം ഉറപ്പു നൽകി. അന്നു മുതൽ ഏതു തിരഞ്ഞെടുപ്പ് സമയത്തും എന്റെ പേര് വലിച്ചിഴക്കപ്പെടുന്നു. അതിനാലാണ് ഒരു രാഷ്ട്രീയ പാർട്ടിക്കും ഞാൻ പിന്തുണ പ്രഖ്യാപിക്കില്ല എന്നു പറയുന്നത്”.

1996 ലെ തിരഞ്ഞെടുപ്പു സമയത്ത് രജനീകാന്ത് ഒരു പ്രസ്താവന നടത്തി. ”ജയലളിത തിരികെ അധികാരത്തിലെത്തുകയാണെങ്കിൽ ദൈവത്തിനുപോലും തമിഴ്നാടിനെ രക്ഷിക്കാനാവില്ല”. ഇതായിരുന്നു ആ പ്രസ്താവന. ആ തിരഞ്ഞെടുപ്പിൽ ഡിഎംകെ-ടിഎംസി സഖ്യം വിജയിക്കുകയും ജയലളിതയുടെ എഐഎഡിഎംകെ പരാജയപ്പെടുകയും ചെയ്തിരുന്നു.

Read More: ഞാനൊരു അമിത മദ്യപാനിയായിരുന്നു, അതിനു മാറ്റം വരുത്തിയത് ഒരു വ്യക്തിയാണ്: രജനീകാന്ത്

തന്റെ ചില ആരാധകരും രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങളും പണം സമ്പാദിക്കാനായി തന്റെ പേര് ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”എംഎൽഎ ആകണമെന്നും കൗൺസിലർമാർ ആകണമെന്നും ആഗ്രഹമുണ്ടെന്ന് അറിയിച്ച് എന്റെ ആരാധകരിൽനിന്നും നിരവധി കത്തുകൾ എനിക്ക് കിട്ടാറുണ്ട്. അവരെക്കാൾ പ്രായം കുറഞ്ഞവർ എംഎൽഎമാരായും മന്ത്രിമാരായും വില കൂടിയ കാറുകളിൽ യാത്ര ചെയ്യുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്യുന്നു. അവരെപ്പോലെ ഞങ്ങൾക്കും എപ്പോൾ പണം സമ്പാാദിക്കാൻ കഴിയുമെന്ന് അവർ എന്നോട് ചോദിക്കുന്നു. എംഎൽഎയോ മന്ത്രിയോ ആകണമെന്ന് ആഗ്രഹിക്കുന്നത് തെറ്റല്ല. പക്ഷേ പണം സമ്പാദിക്കാൻ ജനങ്ങൾ രാഷ്ട്രീയത്തിലേക്ക് കടന്നുവരണം എന്നാഗ്രഹിക്കുന്നത് എനിക്ക് മനസ്സിലാക്കാനാവുന്നില്ല”

”ദൈവത്തിന്റെ ഇച്ഛ പോലെയാണ് ഞാൻ ജീവിക്കുന്നത്. ഞാൻ ഒരു നടനാവണമെന്നതും ജനങ്ങളെ സന്തോഷിപ്പിക്കണമെന്നതും ദൈവത്തിന്റെ ആഗ്രഹമാണ്. ഞാനത് ചെയ്യുന്നു. ഞാൻ മറ്റെന്തെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുവെങ്കിൽ അത് ചെയ്യും. എനിക്ക് കിട്ടുന്ന എന്തു ചുതമലയും സത്യസന്ധമായും ധാർമികതയോടെയും നിറവേറ്റും. ദൈവനിശ്ചയം അതാണെങ്കിൽ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ താൻ തയാറാണെന്നും” രജനീ വെളിപ്പെടുത്തി.

”വ്യക്തിഗതനേട്ടത്തിനായി രാഷ്ട്രീയത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നവർ ഞാൻ രാഷ്ട്രീയത്തിലേക്ക് വരുന്നില്ലെങ്കിൽ വിഷമിക്കരുത്. അതേസമയം, ഞാൻ രാഷ്ട്രീയത്തിലേക്ക് കടക്കാൻ തീരുമാനിക്കുകയാണെങ്കിൽ ഒരിക്കലും അങ്ങനെയുളള ആൾക്കാരെ എന്റെ അടുത്തേക്ക് വരാൻ അനുവദിക്കില്ല. അവരെയൊക്കെ ഞാൻ അകറ്റിനിർത്തും”. രജനി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ