ഏഴ് മാസക്കാലയളവില്‍ മൂന്ന് രജനികാന്ത് ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തിയത്. കാല, 2.0, പേട്ട. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി സിനിമകള്‍ ചെയ്യുന്നതില്‍ ഒരുപരിധിവരെ സ്വയം വിലക്കേര്‍പ്പെടുത്തിയിരുന്ന സൂപ്പര്‍സ്റ്റാറിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ വിരളമായൊരു സന്ദര്‍ഭമാണ്. കഴിഞ്ഞ കുറേ കാലങ്ങളായി അദ്ദേഹത്തിന്റെ സിനിമകള്‍ റിലീസ് ചെയ്തിരുന്നത് രണ്ട് വര്‍ഷത്തെ ഇടവേളകളിലായിരുന്നു.

കരിയറിന്റെ തുടക്കത്തില്‍ ഇതായിരുന്നില്ല തലൈവര്‍ സ്‌റ്റൈല്‍ ഓരോ വര്‍ഷവും കൈനിറയെ ചിത്രങ്ങളായിരുന്നു. 1978ല്‍ ഭൈരവി എന്ന ചിത്രത്തില്‍ അദ്ദേഹം ഹീറോ ആയ വര്‍ഷം 21ഓളം ചിത്രങ്ങളാണ് ഒരൊറ്റവര്‍ഷം മാത്രം റിലീസ് ചെയ്തത്.

ജിഎസ്ടിയും, തുടര്‍ച്ചയായ സമരങ്ങളും, ഓണ്‍ലൈനില്‍ സിനിമ ചോര്‍ത്തലും, സാമ്പത്തിക പ്രതിസന്ധിയുമെല്ലാമായി തളര്‍ന്നു കിടന്ന തമിഴ് നാടിന്റെ ബോക്്‌സ് ഓഫീസിനെ രജനികാന്തിന്റെ തുടര്‍ച്ചയായി റീലീസ് ചെയ്ത് ഈ മൂന്ന് ചിത്രങ്ങളും പുനരുജ്ജീവിപ്പിച്ചു എന്നു പറയേണം.

ഓരോ വര്‍ഷവും ഒന്നിലധികം ചിത്രങ്ങളില്‍ രജനികാന്ത് ഒപ്പുവയ്ക്കണം എന്നതു മാത്രമാണ് സിനിമാ മേഖലയിലുള്ളവരുടെ ആഗ്രഹം.

തമിഴ് നാട്ടിലെ അങ്ങോളമിങ്ങോളമുള്ള തിയേറ്ററുകളിലേക്ക് വീണ്ടും ആഘോഷങ്ങളെ തിരിച്ചു കൊണ്ടുവരാന്‍ ഈ രജനി ചിത്രങ്ങള്‍ സഹായിച്ചു എന്നാണ് നിര്‍മ്മാതാവും വിതരണക്കാരനുമായ ജി.ധനഞ്ജയന്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞത്.

‘ഏഴ് മാസക്കാലയളവില്‍ പുറത്തിറങ്ങിയ മൂന്ന് രജനികാന്ത് ചിത്രങ്ങളും വലിയ വരുമാനമാണ് തമിഴ് സിനിമയ്ക്ക് ഉണ്ടാക്കി തന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ബോക്‌സ് ഓഫീല്‍ ഏറ്റവുമധികം പണം വാരിത്തന്നത് ഈ ചിത്രങ്ങളാണ്. എല്ലാ സിനിമകളും സാമ്പത്തികമായി വിജയിച്ചോ എന്നതില്‍ പ്രാധാന്യമില്ല, എന്നാല്‍ ഈ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ തിരയിളക്കം സൃഷ്ടിച്ചു എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്,’ അദ്ദേഹം പറഞ്ഞു.

അഭിനയ ജീവിതം ആരംഭിച്ച് 40 വര്‍ഷങ്ങള്‍ പിന്നിടുമ്പോളും തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാനുള്ള ആവേശം രജനികാന്ത് പ്രകടിപ്പിക്കുന്നു എന്നത് വളരെ പ്രതീക്ഷയുള്ള ഒന്നാണ്. തമിഴ് നാട്ടിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും സൂപ്പര്‍സ്റ്റാര്‍ പ്രഖ്യാപിച്ചിരുന്നു.

അദ്ദേഹത്തിന്റെ സമകാലികനായ കമല്‍ ഹാസന്‍ ഇതിനോടകം രാഷ്ട്രീയ പ്രവേശം നടത്തിക്കഴിഞ്ഞു. മക്കള്‍ നീതി മയം എന്ന പേരില്‍ അദ്ദേഹം പാര്‍ട്ടി ആരംഭിച്ചു. തന്റെ പുതിയ ചിത്രമായ ഇന്ത്യന്‍ 2 പൂര്‍ത്തിയാക്കിയതിനു ശേഷം അഭിനയ ജീവിതത്തിന് വിരാമമിടുകയാണെന്ന് ഉലകനായകന്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സജീവ രാഷ്ട്രീയത്തിന്റെ ഭാഗമാകാനാണ് കമല്‍ ഹാസന്റെ തീരുമാനം.

എന്നാല്‍ രജനികാന്ത് ഇക്കാര്യങ്ങള്‍ ഇനിയും പുറത്തവിട്ടിട്ടില്ല. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയിട്ടും ഇപ്പോളും തുടര്‍ച്ചയായി അദ്ദേഹം സിനിമാ കരാറുകളില്‍ ഒപ്പുവയ്ക്കുന്നത് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ടോ? പ്രത്യക്ഷമായി ഇല്ല.

‘പ്രേക്ഷകര്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് അത്ര ആശങ്കാകുലരല്ല.അവര്‍ക്ക് സിനിമകള്‍ ആസ്വദിക്കണം,’ പ്രശസ്ത സിനിമാ വിതരണക്കാരന്‍ തിരുപ്പൂര്‍ സുബ്രഹ്മണ്യന്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.

സിനിമയിലെ യുവ താരങ്ങള്‍ രജനിയെ കണ്ടു പഠിക്കണമെന്നാണ് ധനഞ്ജയന്റെ അഭിപ്രായം
‘വിജയ്, സൂര്യ, അജിത് തുടങ്ങിയവര്‍ക്കൊക്കെ രജനി ഒരു ഉദാഹരണമാണ്. വര്‍ഷത്തില്‍ ഒരു ചിത്രത്തില്‍ മാത്രം അഭിനയിക്കുന്നതിന് പകരം അവരെല്ലാം കൂടുതല്‍ സിനിമകള്‍ ചെയ്യണം,’ അദ്ദേഹം വ്യക്തമാക്കി.

‘രജനികാന്തിനെ പോലൊരു വലിയ ഹീറോയ്ക്ക് മൂന്ന് ചിത്രങ്ങളില്‍ അഭിനയിക്കുക എന്നതൊരു വലിയ കാര്യമല്ല. അജിത്തിന്റെ വിശ്വാസം പൊങ്കലിനാണ് റിലീസ് ചെയ്തത്. അദ്ദേഹത്തിന്റെ അടുത്ത ചിത്രം മെയ് ഒന്നിന് റീല്‌സ ചെയ്യും. അത് വളരെ ആരോഗ്യകരമായ ഒന്നാണ്. ഓരോ കലാകാരരും വര്‍ഷത്തില്‍ കുറഞ്ഞത് മൂന്ന് സിനിമയെങ്കിലും ചെയ്യണം. എങ്കില്‍ മാത്രമേ പ്രേക്ഷകര്‍ തിയേറ്ററുകളില്‍ എത്തുകയും സിനിമാ വ്യവസായം ലാഭത്തിലാകുകയും ചെയ്യൂ. കഴിഞ്ഞ 15 വര്‍ഷത്തിനിടെ വലിയ ഹീറോകളെല്ലാം വര്‍ഷത്തില്‍ ഒരു സിനിമ വച്ചാണ് ചെയ്യുന്നത്. അത് ഇന്‍ഡസ്ട്രിയെ ശരിക്കും ബാധിക്കുന്നുണ്ട്,’ സുബ്രഹ്മണ്യം പറഞ്ഞു.

രജനികാന്ത്, ഒരു ബോക്‌സ്-ഓഫീസ് ഭീകരന്‍

രജനികാന്തിന്റെ മൂന്ന് ചിത്രങ്ങളും ആഗോളതലത്തില്‍ 1000 കോടിയിലേറെ രൂപയാണ് സമാഹരിച്ചത്.

‘കാല ഹിറ്റായില്ല. ബോക്‌സ് ഓഫീസില്‍ പോലും തകര്‍ന്നു. പക്ഷെ 2.0യും പേട്ടയും ഹിറ്റായിരുന്നു,’ സുബ്രഹ്മണ്യം പറയുന്നു.

ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകള്‍ പ്രകാരം ആഗോള തലത്തില്‍ കാലയുടെ കളക്ഷന്‍ 150 കോടിയും 2.0യുടേത് 700 കോടിയുമായിരുന്നു. പേട്ട തമിഴ് നാട്ടില്‍ മാത്രം 15 ദിവസം കൊണ്ട് 100 നേടിയെന്നും സുബ്രഹ്മണ്യം പറയുന്നു. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ടയുടെ വിതരണക്കാരന്‍ കൂടിയാണ് സുബ്രഹ്മണ്യം

ഫെബ്രുവരി അവസാനത്തോടെ പേട്ട തമിഴ് നാട്ടിലെ തിയേറ്ററുകളില്‍ കുതിപ്പ് അവസാനിക്കും എന്നും അപ്പോളേക്കും 120 കോടി നേടുമെന്നുമാണ് കണക്കു കൂട്ടല്‍. അന്താരാഷ്ട്ര വിപണികളില്‍ ചിത്രത്തിന്റെ കളക്ഷന്‍ സംബന്ധിച്ച്, പേട്ടയുടെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ഒരു വീഡിയോ സന്ദേഷം കഴിഞ്ഞയാഴ്ച ട്വീറ്റ് ചെയ്തിരുന്നു.
‘ജനുവരി 27 വരെ പേട്ട 65 കോടിയാണ് നേടിയത്. എല്ലാ വിതരണക്കാരും സന്തോഷത്തിലാണ്,’ രാജ്യാന്ത്ര വിപണിയില്‍ ചിത്രത്തിന്റെ വിതരണക്കാരനായ മാലിക് സ്ട്രീംസ് ഉടമ മാലിക് പറഞ്ഞു.

‘ഈ മൂന്ന് ചിത്രങ്ങളും കൂടി ഇതുവരെ 1000 കോടി നേടി. ഈ ചെറിയ കാലയളവില്‍ ഇത്രയും വലിയൊരു നേട്ടം കൈവരിയ്ക്കാന്‍ മറ്റൊരു നായകനും സാധിക്കില്ല. രജനികാന്ത് എപ്പോളും നമ്പര്‍ വണ്‍ ആണ്. അജിത്, വിജയ് എന്നിവരെക്കാള്‍ 50 ശതമാനം കൂടുതല്‍ പ്രതിഫലവും രജനികാന്തിന് ലഭിക്കുന്നുണ്ട് എന്നതു കൂടി ഈ അവസരത്തില്‍ പറയേണം,’ സുബ്രഹ്മണ്യന്‍ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook