ലൈംഗികാതിക്രമങ്ങള്‍ തുറന്നു പറഞ്ഞുകൊണ്ട് സിനിമാ മേഖലയില്‍ നിന്നുള്‍പ്പെടെയുള്ള സ്ത്രീകള്‍ മുന്നോട്ടു വരുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി നാം കാണുന്നത്. ഇതിനെ പിന്തുണച്ചും വിമര്‍ശിച്ചും പലരും രംഗത്തെത്തിയിരുന്നു. ഇപ്പോളിത മീ ടുവിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം നടനും രാഷ്ട്രീയ നേതാവുമായ രജിനികാന്ത് വ്യക്തമാക്കുന്നു. മീടു മൂവ്‌മെന്റ് സ്ത്രീകള്‍ക്ക് വളരെ ഉപകാരപ്രദമാണെന്നും എന്നാല്‍ ഇതിനെ ദുരപയോഗപ്പെടുത്തരുതെന്നും രജിനി പറഞ്ഞു.

തമിഴ് എഴുത്തുകാരനും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരായ മീടൂ ആരോപണത്തെക്കുറിച്ചു ചോദിച്ചപ്പോള്‍, വൈരമുത്തു ആ ആരോപണം നിഷേധിച്ചിരിക്കുകയാണ്, അതിനാല്‍ ആരോപണമുന്നയിച്ചവര്‍ കേസ് ഫയല്‍ ചെയ്യുകയാണ് നല്ലതെന്നായിരുന്നു രജിനികാന്ത് പറഞ്ഞത്. തന്റെ പുതിയ ചിത്രമായ ‘പേട്ട’യുടെ ഷൂട്ടിന് ശേഷം ചെന്നൈയില്‍ തിരിച്ചെത്തിയതായിരുന്നു രജിനികാന്ത്.

Read More: #MeToo: പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സ്ത്രീകളുടെ കമ്മിറ്റി തുടങ്ങുമെന്ന് വിശാല്‍

നേരത്തേ മീടൂ ക്യാംപെയിനെ പിന്തുണച്ചുകൊണ്ട് ഉലകനായകന്‍ കമല്‍ഹാസനും രംഗത്തെത്തിയിരുന്നു. തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും, തുറന്നു പറയാന്‍ ധൈര്യം കാണിച്ച് മുന്നോട്ടു വരുന്ന സ്ത്രീകളെ പ്രോത്സാഹിപ്പിക്കണമെന്നുമായിരുന്നു കമല്‍ പറഞ്ഞത്. കമലിനെ കൂടാതെ ഡിഎംകെ നേതാവ് കനിമൊഴിയും മീടുവിന് പിന്തുണയറിയിച്ചു.

Read More: #MeToo: വൈരമുത്തുവിനെതിരായ ചിന്മയിയുടെ ആരോപണം; പ്രതികരണവുമായി കമല്‍ഹാസന്‍

തന്റെ പുതിയ ചിത്രമായ സണ്ടക്കോഴി രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്സ് മീറ്റില്‍, മീടൂ ആരോപണങ്ങള്‍ പരിശോധിക്കാന്‍ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കുമെന്ന് നടനും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാലും പ്രഖ്യാപിച്ചിരുന്നു. ആക്രമിക്കപ്പെട്ട സ്ത്രീകള്‍ക്കൊപ്പം തന്നെയാണ് തങ്ങളെന്നും സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ സ്ത്രീയുടേയും സുരക്ഷ ഉറപ്പു വരുത്തേണ്ടത് തങ്ങളുടെ കടമയാണെന്നും വിശാല്‍ പറഞ്ഞിരുന്നു.

Read More: #MeToo: സത്യം പുറത്തുവരണം; ആളുകള്‍ ആത്മപരിശോധനയ്ക്ക് തയ്യാറാകണം

വൈരമുത്തുവിനെതിരെ ആരോപണവുമായി ചിന്മയിയും പേരുവെളിപ്പെടുത്താതെ മറ്റൊരു സ്ത്രീയും രംഗത്തെത്തിയിരുന്നു. വൈരമുത്തു രണ്ടുതവണ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ചിന്മയി പറഞ്ഞു. മാധ്യമപ്രവര്‍ത്തക സന്ധ്യാ മേനോനാണ് വൈരമുത്തുവിനെതിരായി മറ്റൊരു സ്ത്രീ പറഞ്ഞ കാര്യങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

എന്നാല്‍ വൈരമുത്തു ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് ചെയ്തത്. പ്രശസ്തരായ ആളുകളെക്കുറിച്ച് ഇത്തരത്തില്‍ ആരോപണമുന്നയിക്കുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും, തനിക്കെതിരെയും അതാണ് നടക്കുന്നതെന്നും പറഞ്ഞ വൈരമുത്തു, സത്യം മാത്രമേ ജയിക്കുകയുള്ളൂവെന്നും പറയുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook