scorecardresearch
Latest News

ഈ ചിത്രം സൂപ്പര്‍-ഡ്യൂപ്പര്‍ ഹിറ്റാകും; ഇതെന്റെ വാക്കാണ്: രജനീകാന്ത്

സംവിധായകൻ ശങ്കറിനെ ഇന്ത്യയുടെ ജെയിംസ് ക്യാമറോണ്‍ എന്നാണ് രജനീകാന്ത് വിശേഷിപ്പിച്ചത്

ഈ ചിത്രം സൂപ്പര്‍-ഡ്യൂപ്പര്‍ ഹിറ്റാകും; ഇതെന്റെ വാക്കാണ്: രജനീകാന്ത്

കാത്തിരിപ്പിനൊടുവില്‍ രജനീകാന്ത്-ശങ്കര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം 2.0യുടെ ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ്. ചെന്നൈയില്‍ നടന്ന ട്രെയിലര്‍ ലോഞ്ചില്‍ ചിത്രത്തെക്കുറിച്ച് വന്‍ പ്രതീക്ഷകളാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് പങ്കുവച്ചത്.

ചിത്രം സൂപ്പര്‍ ഹിറ്റായിരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ‘എന്റെ വാക്കുകള്‍ എഴുതിവച്ചോളൂ. 2.0 സൂപ്പര്‍-ഡ്യൂപ്പര്‍ ഹിറ്റായിരിക്കും. 600 കോടി രൂപയ്ക്കടുത്ത് ഇതിനായി മുതല്‍ മുടക്കിയിട്ടുണ്ട്. സുബാസ്‌കരന്‍ ഇത്രയും പണം ഇതില്‍ നിക്ഷേപിച്ചത് എന്നെയോ അക്ഷയെയോ കണ്ടിട്ടല്ല. മറിച്ച് ശങ്കറിനോടുള്ള വിശ്വാസംകൊണ്ടാണ്,’ അദ്ദേഹം പറഞ്ഞു.

ശങ്കറിനെ ഇന്ത്യയുടെ ജെയിംസ് ക്യാമറോണ്‍ എന്നാണ് രജനീകാന്ത് വിശേഷിപ്പിച്ചത്. കഴിഞ്ഞ 25 വര്‍ഷങ്ങളായി ഈ മേഖലയില്‍ അദ്ദേഹം തന്റ കഴിവ് തെളിയിക്കുന്നുണ്ടെന്നും ശങ്കര്‍ ഒരു മാന്ത്രികനാണെന്നും രജനീകാന്ത് പറഞ്ഞു.

Read More: ചിട്ടി റീലോഡഡ്; ത്രസിപ്പിക്കുന്ന ദൃശ്യങ്ങളുമായി രജനീകാന്തിന്റെ ‘2.0’ ട്രെയിലർ എത്തി

ചിത്രത്തില്‍ വില്ലനായെത്തുന്ന ബോളിവുഡ് താരം അക്ഷയ് കുമാറിനേയും ഈ ചിത്രത്തിനായി അദ്ദേഹം നടത്തിയ കഠിനാധ്വാനത്തേയും പ്രശംസിക്കാന്‍ രജനി മറന്നില്ല. കൂടാതെ ഈ ചിത്രത്തിന് രാജ്യാന്തര തലത്തിലുള്ള ഒരു സന്ദേശം ഉണ്ടെന്നും ശങ്കര്‍ എന്ന സംവിധായകന്‍ ഇന്ത്യന്‍ സിനിമാ മേഖലയ്ക്ക് ശങ്കര്‍ ഒരു വജ്രമാണെന്നും രജനി പറഞ്ഞു.

ചിത്രത്തിന്റെ സംഗീത സംവിധാനം എ.ആര്‍.റഹ്മാനാണ് നിർവ്വഹിച്ചിരിക്കുന്നത്. സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് നായകനായെത്തുന്ന 2.0 വിന്റെ സാറ്റ‌ലൈറ്റ് അവകാശം വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക് ആണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ അണിയിച്ചൊരുക്കുന്ന ചിത്രം 110 കോടി രൂപയ്ക്കാണ് സീ ടിവി ചാനല്‍ സ്വന്തമാക്കിയിരിക്കുന്നത്. നവംബര്‍ 29നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Rajinikanth on 2 0 mark my words the film will be a super duper hit