ആരാധകരുടെ പ്രതീക്ഷകൾ വാനോളമുയർത്തി കൊണ്ട് രജനീകാന്തിന്റെ പുതിയ ചിത്രത്തിന്റെ പേര് പുറത്ത് വിട്ടു. ‘കാലാ കരികാലൻ’ എന്നാണ് ചിത്രത്തിന്റെ പേര്. നടനും നിർമ്മാതാവുമായ ധനുഷാണ് ചിത്രത്തിന്റെ പേര് പുറത്ത് വിട്ടത്. വണ്ടർ ബാർ ഫിലിംസിന്റ ബാനറിൽ ധനുഷാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഒരു പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്താത്ത ചിത്രമായിരിക്കും ഇതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

സൂപ്പർഹിറ്റായ കബാലി ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. കബാലിയൊരുക്കിയ പാ രഞ്‌ജിത്താണ് കാലാ കരികാലൻ സംവിധാനം ചെയ്യുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ശ്രീകർ പ്രസാദാണ് കാലാ കരികാലന്റെ എഡിറ്റർ. ടി.രാമലിംഗമാണ് ചിത്രത്തിന്റെ ആർട്ട് ഡയറക്‌ടർ.

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ എന്ന് പറഞ്ഞാണ് ധനുഷ് പോസ്റ്റർ പങ്ക് വെച്ചിരിക്കുന്നത്. ധനുഷും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിതെന്ന പ്രത്യേകതയും കാലാ കരികാലനുണ്ട്. ഹുമാ ഖുറേഷിയാണ് ചിത്രത്തിൽ നായികയായെത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിലെ മറ്റുളള താരനിർണയം പുരോഗമിക്കുന്നു.

കാലാ കരികാലനിൽ ഒരു ഗ്യാങ്സ്റ്ററായാണ് രജനീകാന്ത് എത്തുന്നതെന്നാണ് സൂചന. നേരത്തെ മുംബൈയിലെ അധോലോക നായകനായിരുന്ന ഹാജി മസ്‌താന്റെ ജീവിത്തെ ആസ്‌പദമാക്കിയാണ് ചിത്രമെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. തുടർന്ന് ഹാജി മസ്‌താന്റെ ദത്തു പുത്രൻ രജനീകാന്തിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു. തുടർന്ന് ഈ സിനിമ ഹാജി മസ്‌താന്റെ ജീവിതത്തെ ആസ്‌പദമാക്കിയല്ലെന്ന് വിശദീകരണവുമായി അണിയറ പ്രവർത്തകർ തന്നെ രംഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ