സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായെത്തുന്ന ‘ദർബാറി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സംവിധായകൻ എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. എ ആർ മുരുഗദോസും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദർബാർ’. അതേസമയം ഇത് നാലാമത്തെ തവണയാണ് രജനീകാന്തും നയൻതാരയും ഒന്നിക്കുന്നത്. ‘ചന്ദ്രമുഖി’, ‘കുശേലൻ’, ‘ശിവജി’ എന്നീ ചിത്രങ്ങൾക്കു ശേഷം നയൻതാര തലൈവർക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ദർബാറി’നുണ്ട്.
Here We Go! #Thalaivar167 is #Darbar @rajinikanth @ARMurugadoss #Nayanthara @anirudhofficial @santoshsivan @sreekar_prasad pic.twitter.com/bNoEhne6xo
— Lyca Productions (@LycaProductions) April 9, 2019
‘തുപ്പാക്കി’,’ഗജിനി’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ മുരുഗദോസ്’സർക്കാറി’നു ശേഷം സംവിഘാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ദർബാർ’. ലൈക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘2.0’ന്റെ നിർമ്മാതാക്കളും ലൈക പ്രൊഡക്ഷൻസ് ആയിരുന്നു. മുരുഗദോസിന്റെ ‘കത്തി’ (2014) എന്ന ചിത്രം നിർമ്മിച്ചു കൊണ്ട് നിർമ്മാണരംഗത്തേക്ക് കടന്നുവന്ന ലൈക പ്രൊഡക്ഷൻസ് വീണ്ടും മുരുഗദോസ് ചിത്രത്തിനു വേണ്ടി കൈകോർക്കുന്നു എന്നതും യാദൃശ്ചികമാണ്.
എസ് ജെ സൂര്യയും ചിത്രത്തിലുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ചിത്രത്തിലെ താരങ്ങളെ കുറിച്ച് പുറത്തുവരുന്ന തെറ്റായ റിപ്പോർട്ടുകൾ പ്രചരിപ്പിക്കരുതെന്ന് രജനീകാന്തുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ട്വീറ്റ് ചെയ്തിരുന്നു. നിലവിൽ നയൻതാരയെ മാത്രമാണ് കാസ്റ്റ് ചെയ്തിരിക്കുന്നതെന്നും കാസ്റ്റിംഗിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി ഉടനെ അറിയിക്കുമെന്നും അതുവരെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നുമായിരുന്നു ട്വീറ്റ്.
Read more: ദളപതി’യ്ക്ക് ശേഷം രജിനീകാന്തും സന്തോഷ് ശിവനും വീണ്ടുമൊന്നിക്കുന്നു
ചിത്രത്തിൽ ഒരു പൊലീസുകാരനായിട്ടാണ് രജനീകാന്ത് എത്തുന്നതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഷൂട്ട് ഈ മാസം ആരംഭിക്കും. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫർ. ദളപതി’യ്ക്ക് ശേഷം നീണ്ടൊരു ഇടവേളയ്ക്കു ശേഷമാണ് രജനീകാന്ത് ചിത്രത്തിന് സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്, മുൻ ചിത്രം ‘പേട്ട’യുടെ സംഗീതമൊരുക്കിയതും അനിരുദ്ധായിരുന്നു.