രജനീകാന്ത് ചിത്രങ്ങളും അതുമായി ബന്ധപ്പെട്ട ഓരോ വാര്‍ത്തകളും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ എപ്പോഴും സ്വീകരിക്കാറുള്ളത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രത്തിന്റെ ടൈറ്റിലും റിലീസ് ചെയ്തപ്പോഴും കഥ മറിച്ചല്ല. യൂടൂബില്‍ ആരാധകരുടെ പ്രവാഹമാണ്. റിലീസ് ചെയ്ത് 24 മണിക്കൂർ തികയുന്നതിന് മുമ്പ് 1,584,864 ലക്ഷം ആളുകളാണ് ഫസ്റ്റ് ലുക്ക് യൂടൂബിൽ കണ്ടിരിക്കുന്നത്. ട്വിറ്ററിലും ട്രെൻഡിങ്ങാണ്.

‘പേട്ട’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സ്റ്റൈലിഷ് ലുക്കിലാണ് സൂപ്പര്‍സ്റ്റാര്‍ പ്രത്യക്ഷപ്പെടുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ രജനിയുടെ വില്ലന്‍.

രജനിക്കും വിജയ് സേതുപതിക്കും പുറമേ നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ, സിമ്രാന്‍, തൃഷ, മേഘ ആകാശ്, ഗുരു സോമസുന്ദരം, മുനിഷ്‌കന്ത് രാംദോസ്, സനന്ദ് റെഡ്ഡി, ദീപക് പരമേശ് എന്നിവരും ‘പേട്ട’യില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് പശ്ചാത്തല സംഗീതം നല്‍കുന്നത്.

പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത്. സണ്‍ പിക്‌ചേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്. പ്രഖ്യാപിച്ച ദിവസം മുതല്‍ ‘പേട്ട’യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

രജനീകാന്തിനെ നായകനാക്കി ഒരു ചിത്രം ചെയ്യുക എന്നത് തന്റെ സ്വപ്‌നമാണെന്നാണ് കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞത്. അതേസമയം വിജയ് സേതുപതിയും കാര്‍ത്തിക് സുബ്ബരാജും നേരത്തേയും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook