ഇതിഹാസ സംവിധായകനും ദാദാസാഹബ് ഫാൽക്കെ പുരസ്കാര ജേതാവുമായ കെ ബാലചന്ദറിന്റെ തൊണ്ണൂറാം ജന്മവാർഷികത്തിൽ അദ്ദേഹത്തെ ഓർക്കുകയാണ് തമിഴകത്തിന്റെ താരരാജാക്കന്മാരായ രജനീകാന്തും കമൽഹാസനും.
ബാലചന്ദർ സാർ ഇല്ലായിരുന്നെങ്കിൽ താനിപ്പോഴും ചെറിയ വേഷങ്ങൾ ചെയ്യുന്ന ഒരു അഭിനേതാവ് മാത്രമായി നിന്നേനെ എന്നാണ് രജനീകാന്ത് ഓർക്കുന്നത്. “അദ്ദേഹമെന്നെ പരിചയപ്പെടുത്തിയില്ലായിരുന്നെങ്കിൽ, കന്നഡ സിനിമയിൽ ചെറിയ കഥാപാത്രങ്ങൾ ചെയ്യുന്ന ഒരു നടനായി ഞാൻ മാറുമായിരുന്നു. ഭാഗ്യവശാൽ എന്നെ പേരും പ്രശസ്തിയും അനുഗ്രഹിച്ചു. പക്ഷേ, അതെല്ലാം കെ ബാലചന്ദർ സാർ കാരണമാണ്. അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച നാല് സിനിമകളിലൂടെ ബാലചന്ദർ സാറെന്നെ ഒരു സമ്പൂർണ്ണ നടനാക്കി. എന്നെ മാത്രമല്ല, നിരവധി അഭിനേതാക്കളെ കണ്ടെത്തിയത് അദ്ദേഹമാണ്,” രജിനികാന്ത് പറയുന്നു.
“കൗമാരം മുതൽ ഞാൻ കേൾക്കുന്ന പ്രശസ്തമായൊരു പേരാണ്- കെ ബാലചന്ദർ എന്നത്. എന്നെ പോലെയുള്ള ഒരു അഭിനേതാവിന്റെ ജീവിതത്തിൽ നിരവധി കഥാപാത്രങ്ങളെ അദ്ദേഹം സമ്മാനിക്കുമെന്ന് ആരാണ് അന്ന് കരുതിയത്. പതിനാറു പതിനേഴ് വയസുമുതലാണ് ഞാനദ്ദേഹത്തിന്റെ സിനിമകളിൽ സജീവമായി പ്രവർത്തിച്ചു തുടങ്ങിയത്. എനിക്ക് ഗുരുതുല്യനായിരുന്നു, ഉപദേഷ്ടാവും വഴികാട്ടിയും പിതൃതുല്യനുമായിരുന്നു. അഭിനയം മാത്രമല്ല എല്ലാകാര്യത്തിലും അദ്ദേഹമെന്നെ ഉപദേശിക്കുമായിരുന്നു. അദ്ദേഹം പറയുന്നതെല്ലാം ഞാൻ ശിരസാ വഹിച്ചിരുന്നു. എന്റെ ജീവിതത്തിൽ വളരെ പ്രധാന പങ്കുള്ള വ്യക്തിയാണ്. സിനിമ, പണം, പ്രശസ്തി…അദ്ദേഹമെനിക്ക് എല്ലാം നൽകി, എന്നെ കോടീശ്വരനാക്കി. പക്ഷേ ഒരിക്കലും പങ്കുചോദിച്ചില്ല, ഞാനാണ് അതിനു പിന്നിലെന്ന് എവിടെയും പറഞ്ഞതുമില്ല. ഇന്ന് അദ്ദേഹത്തെ കുറിച്ച് ചിന്തിക്കുമ്പോൾ അച്ഛനെ കുറിച്ച് മകനുള്ളതുപോലെ ശിശുസമാനമായൊരു അഭിമാനം എനിക്കു തോന്നുന്നു. ‘ഇന്ത്യൻ സിനിമയുടെ സുപ്രധാന പുത്രന്’ എന്റെ സല്യൂട്ട്,” കമൽഹാസൻ കുറിക്കുന്നതിങ്ങനെ.
തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ആയിരുന്നു 1930 ജൂലൈ 9 ന് ചലച്ചിത്രനിർമ്മാതാവും സംവിധായകനും തിരക്കഥാകൃത്തുമായ കെ.ബാലചന്ദറുടെ ജനനം. തമിഴ്, തെലുഗു, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലെല്ലാം സിനിമകൾ സംവിധാനം ചെയ്ത ബാലചന്ദർ, സങ്കീർണമായ വ്യക്തിബന്ധങ്ങളും സാമൂഹിക വിഷയങ്ങളുമാണ് തന്റെ സിനിമകൾക്ക് വിഷയമാക്കിയത്. കമലഹാസൻ, രജനികാന്ത്, പ്രകാശ് രാജ്, വിവേക് തുടങ്ങി ഒട്ടേറെ പ്രശസ്ത നടന്മാരെ സിനിമയിൽ അവതരിപ്പിച്ചത് ബാലചന്ദറാണ്.
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനങ്ങൾ പരിഗണിച്ച് പത്മശ്രീ പുരസ്കാരം(1987), ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം (2011) തുടങ്ങി നിരവധി ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. തമിഴ് സിനിമാലോകത്തെ കാരണവരായ കെ. ബാലചന്ദർ സഹപ്രവർത്തകർക്കിടയിൽ അറിയപ്പെടുന്നത് ഇയക്കുനർ ശിഖരം എന്ന വിളിപ്പേരിലാണ്. അഞ്ചു പതിറ്റാണ്ടു നീണ്ട ചലച്ചിത്രജീവിതത്തിനിടയിൽ ചെറുതും വലുതുമായ നൂറുകണക്കിന് താരങ്ങളെ വാർത്തെടുക്കുകയും കാർക്കശ്യമുള്ള സംവിധാനത്തിലൂടെ അഭിനേതാക്കളുടെ ഏറ്റവും മികച്ച പ്രകടനം സ്വന്തം ചിത്രങ്ങളുടെ നേട്ടമാക്കുകയും ചെയ്ത ഈ പ്രതിഭക്ക് സിനിമാലോകം അറിഞ്ഞുനൽകിയ പേരാണ് ‘പ്രതിഭയുടെ ഉച്ചിയിലുള്ള സംവിധായകൻ’ എന്ന് അർഥം വരുന്ന ഇയക്കുനർ ശിഖരം.
Read more: മൃതദേഹം വിട്ടുകൊടുക്കൂ, പണം ഞാനടയ്ക്കാം, മുൻകാല നായികയ്ക്ക് വേണ്ടി കമൽ നടത്തിയ ഇടപ്പെടൽ