മലേഷ്യയില്‍ നടന്ന സ്റ്റാര്‍നൈറ്റ് സിനിമാ പ്രേമികള്‍ക്ക് ഒരു ട്രീറ്റ് തന്നെയായിരുന്നു. തമിഴ് സിനിമയുടെ നെടുംതൂണുകളായ രജനീകാന്തും കമല്‍ഹാസനും ഒരുമിച്ചൊരു വേദിയില്‍. ഇരുവരും ഒരു ഫ്രെയിമില്‍ വരുന്നു, രജനിയെക്കുറിച്ച് കമലും, കമലിനെക്കുറിച്ച് രജനിയും സംസാരിക്കുന്നു. ആരാധകരെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോള്‍ ഇരുവരും ഓര്‍മ്മകളിലേക്കു പോയി.

നിനെത്താലേ ഇനിക്കും എന്ന സിനിമയുടെ ചിത്രീകരണത്തിനായി 1979ലാണ് കമലും രജനിയും ആദ്യമായി മലേഷ്യയില്‍ എത്തുന്നത്.

”ആ യാത്ര എനിക്കും കമലിനും ഒരിക്കലും മറക്കാനാകില്ല. കമല്‍ അന്നൊരു വലിയ താരമായിരുന്നു. ഞാനാണെങ്കില്‍ തുടക്കക്കാരനും. എന്നാല്‍ എന്നെ വളരെ സ്‌നേഹത്തോടെയാണ് കമല്‍ എപ്പോഴും ചേര്‍ത്തുനിര്‍ത്തിയതും പരിഗണിച്ചതും. അന്നൊക്കെ കാഴ്ചകാണാന്‍ പോകാന്‍ കമലിന് പ്രത്യേകം കാറയയ്ക്കുമായിരുന്നു. എന്നാല്‍ എനിക്കുവേണ്ടി കമല്‍ കാര്‍ വിടും. പുറത്തുപോകുമ്പോള്‍ എന്നെയും കൂടെക്കൂട്ടുമായിരുന്നു.” രജനീകാന്ത് ഓര്‍ത്തെടുത്തു.

അന്ന് മലേഷ്യയില്‍ ചെലവഴിച്ച ദിവസങ്ങളില്‍ അവിടുത്തെ രാത്രിയാത്രകള്‍ അവിസ്മരണീയമായിരുന്നുവെന്നും പുലര്‍ച്ചെ നാലുമണി വരെ തങ്ങള്‍ പുറത്തു കറങ്ങി നടക്കുമായിരുന്നെന്നും രജനി പറഞ്ഞു.

കഴിഞ്ഞ അരനൂറ്റാണ്ടോളമായി വെള്ളിത്തിരയ്ക്കു പുറമെ അതിമനോഹരമായ ഒരു സൗഹൃദമാണ് രജനിക്കും കമലിനുമുള്ളത്. അടുത്തിടെയാണ് ഇരുവരും രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചത് എന്നാല്‍ ഇതൊന്നും ആ സൗഹൃദത്തെ ബാധിച്ചിട്ടില്ല. വേണമെന്നു വിചാരിച്ചിട്ടല്ല തങ്ങളിരുവരും രാഷ്ട്രീയത്തിലേക്കിറങ്ങുന്നതെന്നും സാഹചര്യങ്ങളുടെ പ്രേരണയാണ് എല്ലാത്തിനും കാരണമെന്നും കമലും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ