തമിഴ് സൂപ്പര്‍സ്റ്റാറുകളായ രജനീകാന്തിന്റെയും കമല്‍ഹാസന്റെയും സിനിമകള്‍ കർണാടകയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്ത്. കാവേരി വാട്ടര്‍ മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് താരങ്ങള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് കർണാടകയിലെ കാവേരി പ്രതിഷേധ സംഘടനകള്‍ ഇവര്‍ക്കെതിരെ തിരിഞ്ഞത്.

വറ്റല്‍ നാഗരാജിന്റെ നേതൃത്വത്തിലുള്ള കന്നഡ ചളുവലി വറ്റല്‍ പക്ഷ സംഘടന, കെഎഫ്‌സിസി തുടങ്ങിയ സംഘടനകളാണ് ഇരു താരങ്ങളുടെയും സിനിമകള്‍ നിരോധിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. കാവേരി മാനേജ്മെന്റ് രൂപീകരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം തമിഴ് സിനിമാ താരങ്ങള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയില്‍ എത്രയും പെട്ടെന്ന് മാനേജ്ന്റ് രൂപീകരിക്കണമെന്നും കാവേരി ജലം തമിഴ്നാടിനും കർണാടകയ്ക്കും തുല്യമായി പങ്കുവയ്ക്കണമെന്നും രജനിയും കമല്‍ഹാസനും അഭിപ്രായപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിലാണ് കന്നഡ സംഘടകള്‍ രജനിക്കും കമലിനുമെതിരെ തിരിഞ്ഞിരിക്കുന്നത്. ഇരുവരുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്ന് കെഎഫ്സിസി സംഘടനയുടെ നേതാവ് സാ രാ ഗോവിന്ദു വ്യക്തമാക്കി. കര്‍ണാടകയിലെ സിനിമാ വിതരണക്കാര്‍ ഇരുവരുടേയും ചിത്രങ്ങള്‍ ഏറ്റെടുക്കാതെ സഹകരിക്കണമെന്നും ഗോവിന്ദു ആവശ്യപ്പെട്ടു.

അതേസമയം, കാവേരി പ്രശ്‌നവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. കഴിഞ്ഞ ദിവസം ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ബന്ദ് അടക്കമുളള പ്രതിഷേധപരിപാടികള്‍ അരങ്ങേറിയിരുന്നു. ചിലയിടങ്ങളില്‍ പ്രതിഷേധക്കാര്‍ ആത്മഹത്യാ ശ്രമം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook