കാവേരി പ്രശ്‌നത്തില്‍ കര്‍ണാടകയ്‌ക്കെതിരായ നിലപാടെടുത്തതിന്റെ പേരില്‍ രജനികാന്തിന്റെ പുതിയ ചിത്രം കാലയ്ക്ക് കര്‍ണാടകയില്‍ പ്രദര്‍ശനാനുമതി നല്‍കുന്നത് സംബന്ധിച്ചുള്ള വിവാദങ്ങള്‍ തുടരുമ്പോഴും, തികഞ്ഞ ആത്മവിശ്വാസത്തിലാണ് സൂപ്പര്‍സ്റ്റാര്‍.

‘കര്‍ണാടകയില്‍ കാല ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നം നേരിടേണ്ടി വരുമെന്ന് ഞാന്‍ കരുതുന്നില്ല. കര്‍ണാടകയില്‍ തമിഴ് ജനത മാത്രമല്ല, മറ്റു ഭാഷകള്‍ സംസാരിക്കുന്ന ആളുകളും കാല കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്കും പ്രേക്ഷകര്‍ക്കും കര്‍ണാടക സര്‍ക്കാവര്‍ ആവശ്യമായ സംരക്ഷണം നല്‍കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ തിങ്കളാഴ്ച ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ രജിനി പറഞ്ഞു.

തങ്ങള്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് എതിരല്ല എന്നാണ് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പറഞ്ഞത്.

‘വിതരണക്കാര്‍ ചിത്രം ഏറ്റെടുക്കാന്‍ തയ്യാറല്ല, തിയേറ്റര്‍ ഉടമകള്‍ ചിത്രം പ്രദര്‍ശിപ്പിക്കാനും തയ്യാറല്ല. പിന്നെ ഞങ്ങള്‍ക്കെന്തു ചെയ്യാന്‍ കഴിയും? കാല പ്രദര്‍ശിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വിതരണക്കാരും തിയേറ്ററുടമകളുമായി ഞങ്ങള്‍ കൂടിക്കാഴ്ച നടത്തി. എന്നാല്‍ അവര്‍ നിഷേധിക്കുകയായിരുന്നു. തീവ്ര കന്നഡ അനുകൂല സംഘടനകളെ അവര്‍ക്ക് ഭയമാണ്. ഈ സംഘടനകളെയും അനുനയിപ്പിക്കാനുള്ള ശ്രമം ഞങ്ങള്‍ നടത്തിയിരുന്നു,’ ഉമേഷ് ഭാസ്‌കര്‍ പറഞ്ഞു.

പ്രശ്‌നത്തില്‍ ഇടപെടണമെന്നും പരിഹാരം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് നടനും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ ധനുഷ് കോടതിയെ സമീപിച്ചിട്ടുണ്ട്. നടന്‍ പ്രകാശ് രാജും കാലയെ പിന്തുണച്ചുകൊണ്ട് പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ