പാ രഞ്ജിത്തിനൊപ്പമുള്ള ‘കബാലി’ എന്ന ചിത്രത്തിനു ശേഷം ഒന്നിനു പുറകെ ഒന്നെന്ന തരത്തിലാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് സിനിമകള്‍ ചെയ്യുന്നത്. 2018ല്‍ പാ രഞ്ജിത്തിനൊപ്പം തന്നെ കാലയും ശങ്കറിന്റെ 2.0യും പുറത്തിറങ്ങി. രണ്ടു ചിത്രങ്ങളും ബോക്‌സ് ഓഫീസ് ഹിറ്റുകളായി മാറിയപ്പോഴാണ് കാര്‍ത്തിക് സുബ്ബരാജിനൊപ്പമുള്ള ‘പേട്ട’യ്ക്കായി അദ്ദേഹം കൈകൊടുത്തത്. ചിത്രം ജനുവരി 10ന് തിയേറ്ററുകളില്‍ എത്തുകയാണ്.

പേട്ടയില്‍ കാളി എന്ന ഹോസ്റ്റല്‍ വാര്‍ഡനായാണ് തലൈവര്‍ എത്തുന്നത്. ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖി, സിമ്രാന്‍, വിജയ് സേതുപതി, തൃഷ എന്നിവരുമുണ്ട്. രജനിയുടെ വില്ലനായാണ് മക്കള്‍ സെല്‍വന്‍ എത്തുന്നത്. പേട്ടയുടെ റിലീസിന് മുമ്പായി എ.ആര്‍.മുരുഗദോസിനൊപ്പമുള്ള ചിത്രത്തിനായി രജനി ഒരുങ്ങുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒരു കംപ്ലീറ്റ് വാണിജ്യ ചിത്രമായിരിക്കും അതെന്നാണ് സൂചന.

എന്നാല്‍ ഇതില്‍ ഏറ്റവും ആകാംക്ഷയുണര്‍ത്തുന്ന വാര്‍ത്ത, ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സ്വന്തം സംവിധായകന്‍ എസ്.എസ്.രാജമൗലിക്കൊപ്പം രജനീകാന്ത് സിനിമ ചെയ്യുന്നു എന്നതാണ്. എന്നാല്‍ ഇതേക്കുറിച്ച് സ്ഥിരീകരണങ്ങള്‍ ഒന്നും വന്നിട്ടില്ല. അതേസമയം, കാര്‍ത്തിക് സുബ്ബരാജിനൊപ്പം രജനി പുതിയ ചിത്രം ചെയ്യുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കിലാണ് രാജമൗലി. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. രജനിയുമൊത്തുള്ള ചിത്രത്തെക്കുറിച്ച് രാജമൗലിയുടെ ഭാഗത്തു നിന്നോ, രജനിയുടെ ഭാഗത്തു നിന്നോ ഇതുവരെ സ്ഥിരീകരണങ്ങള്‍ ഒന്നും വന്നിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ