മാത്യൂ മാഞ്ഞൂരാന്‍ എന്ന റിട്ടയേര്‍ഡ് പൊലീസ് ഓഫീസറുടെ ത്രസിപ്പിക്കുന്ന കഥയുമായി തിയേറ്റര്‍ ഇളക്കിമറിക്കാന്‍ എത്തുകയാണ് മോഹന്‍ ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍. വരുന്ന 27ാം തിയതിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. അതിനിടയിലാണ് സ്റ്റൈല്‍മന്നന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് തന്റെ ആഗ്രഹം ഉണ്ണികൃഷ്ണനോട് പങ്കുവെച്ചത്. തനിക്കും വില്ലന്‍ കാണണമെന്ന് രജനി പറഞ്ഞതായി ഓണ്‍ലുക്കേഴ്‌സ് മീഡിയയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ബി. ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തി. മഞ്ജുവാര്യരാണ് ചിത്രത്തിലെ നായിക.

മാടമ്പിക്കും ഗ്രാന്റ് മാസ്റ്ററിനും മിസ്റ്റര്‍ ഫ്രോഡിനും ശേഷം ബി.ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന ‘വില്ലന്‍’ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം ഉറ്റു നോക്കുന്നത്. അതിനിടയിലാണ് രജനി തന്റെ ആഗ്രഹം തുറന്നു പറയുന്നത്.

രജനിയുടെ ‘ലിങ്ക’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ റോക്ക്‌ലൈന്‍ ഫിലിംസ് തന്നെയാണ് വില്ലനും നിര്‍മ്മിക്കുന്നത്. രജനിക്കായി ചെന്നൈയില്‍ വില്ലന്റെ പ്രത്യേക സ്‌ക്രീനിംഗ് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘ഒപ്പ’വും ചൈന്നൈയില്‍ പ്രത്യേക പ്രദര്‍ശനം നടത്തിയിരുന്നു.

ബോളിവുഡിലെ പ്രധാന മ്യൂസിക് ലേബലുകളിലൊന്നായ ‘ജംഗ്ലീ മ്യൂസിക്കാ’ണ് ചിത്രത്തിന്റെ ഓഡിയോ അവകാശം നേടിയത്. 50 ലക്ഷം രൂപയാണ് ‘ജംഗ്ലീ’ ഇതിനായി മുടക്കിയിരിക്കുന്നത്. ഈ വിഭാഗത്തില്‍ ഒരു മലയാളസിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. 10-15 ലക്ഷം രൂപയാണ് സാധാരണയായി മ്യൂസിക് റൈറ്റ് വില്‍പനയില്‍ ഒരു മലയാളസിനിമ നേടുന്നത്.

തമിഴില്‍ നിന്ന് വിശാലും ഹന്‍സികയും തെലുങ്കില്‍ നിന്ന് ശ്രീകാന്തും റാഷി ഖന്നയുമൊക്കെ ചിത്രത്തിലുണ്ട്. ആക്ഷന്‍ കൊറിയോഗ്രഫിക്കുള്ള ആദ്യ ദേശീയ പുരസ്‌കാരം പുലിമുരുകനിലൂടെ നേടിയ പീറ്റര്‍ ഹെയ്ന്‍ വീണ്ടും മോഹന്‍ലാലുമൊത്ത് എത്തുകയാണ് ‘വില്ലനി’ല്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ