നാലര പതിറ്റാണ്ടിലേറെയായി തമിഴകത്തിന്റെ ഒരേ ഒരു സൂപ്പർസ്റ്റാറും തലൈവറുമാണ് രജനികാന്ത്. 45 വർഷം പൂർത്തിയാകുന്ന തന്റെ അഭിനയ ജീവിതത്തിനിടയിൽ 160ലേറെ ചിത്രങ്ങളിലായി നിരവധി കഥാപാത്രങ്ങൾക്ക് രജനീകാന്ത് ജീവൻ പകർന്നു. ഇപ്പോഴും ബാക്കിയുള്ള ഒരു അഭിനയസ്വപ്നത്തെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് തമിഴകത്തിന്റെ സ്വന്തം തലൈവർ ഇപ്പോൾ.
“എല്ലാ കാറ്റഗറികളിലുള്ള ചിത്രങ്ങളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. 160 ലേറെ സിനിമകൾ, 40-45 വർഷത്തെ അഭിനയജീവിതം. ഇപ്പോഴും ഒരാഗ്രഹം ബാക്കി, ഒരു ട്രാൻസ്ജെൻഡർ കഥാപാത്രത്തെ വേദിയിൽ അവതരിപ്പിക്കണം,” രജനീകാന്ത് പറയുന്നു. മുംബൈയിൽ ‘ദർബാർ’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020 ജനുവരിയിൽ ആണ് ചിത്രത്തിന്റെ റിലീസ്.
‘ദർബാറി’ൽ ഒരു പൊലീസ് ഓഫീസറുടെ കഥാപാത്രത്തെയാണ് രജനീകാന്ത് അവതരിപ്പിക്കുന്നത്. “സത്യത്തിൽ ഒരു പൊലീസ് കഥാപാത്രത്തെ ചെയ്യാൻ എനിക്കിഷ്ടമല്ല, കാരണം ഏറെ ഉത്തരവാദിത്തങ്ങൾ ഉള്ള കഥാപാത്രമാണത്. ഈസി-ഗോയിങ് കഥാപാത്രങ്ങൾ ചെയ്യാനാണ് എനിക്കിഷ്ടം. എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു കഥയുമായാണ് എ ആർ മുരുഗദോസ് വന്നത്. ഇതൊരു സാധാരണ പൊലീസ് കഥാപാത്രമല്ല. വളരെ വ്യത്യസ്തമായൊരു കഥാപാത്രമാണ്, അദ്ദേഹത്തിന്റെ ഭാവനയും വിഷ്വലൈസേഷനും വേറിട്ടതാണ്, ” രജനീകാന്ത് പറഞ്ഞു.
നിരവധി വർഷങ്ങൾ ക്യാമറയ്ക്ക് മുന്നിൽ ചെലവഴിക്കുകയും പതിറ്റാണ്ടുകളായി ആരാധകരെ രസിപ്പിക്കുകയും ചെയ്തിട്ടും കാലം ഒരു കലാകാരനെന്ന നിലയിൽ തന്നിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
“സത്യം പറഞ്ഞാൽ, എനിക്കെന്തേലും മാറ്റം വന്നിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഒരുപക്ഷേ ഞാൻ തുടങ്ങിയ സമയത്ത് ലജ്ജയും പരിഭ്രാന്തിയും ഉള്ളവനായിരുന്നിരിക്കാം, അല്ലാത്തപക്ഷം, ഇതെല്ലാം സംവിധായകനെ ആശ്രയിച്ചിരിക്കും. ഞാൻ സംവിധായകരുടെ നടനാണ്. തരുന്ന സാഹചര്യങ്ങളോട് പ്രതികരിക്കുന്നതാണല്ലോ അഭിനയം. അതിലുപരിയായി, ഞാൻ മാറിയിട്ടുണ്ടെന്ന് കരുതുന്നില്ല, ”ദർബാർ നടൻ പറഞ്ഞു.
‘സൂപ്പർസ്റ്റാർ’ വിശേഷണം തന്റെ ജീവിതത്തിലേക്ക് വന്ന കാലത്തെ കുറിച്ചും ചടങ്ങിൽ ഓർത്തെടുത്തു. “40 വർഷം മുൻപായിരുന്നു അത്. എൺപതുകളുടെ തുടക്കത്തിലാണെന്നു തോന്നുന്നു, ഒരു തിയേറ്ററിലിരുന്ന് ഞാനെന്റെ ഒരു സിനിമ കാണുകയായിരുന്നു. ക്രെഡിറ്റിൽ പെട്ടെന്ന് സൂപ്പർസ്റ്റാർ രജനീകാന്ത് എന്നെഴുതിയത് കണ്ടു. ഞാനുടനെ നിർമ്മാതാവിനെ വിളിച്ചു ചോദിച്ചു, എന്നോട് പോലും ചോദിക്കാതെ അതെങ്ങനെ എഴുതി കാണിക്കുമെന്ന് ഞാനദ്ദേഹത്തോട് ചോദിച്ചു. എനിക്ക് വളരെ ലജ്ജ തോന്നി. ഒരു സൂപ്പർസ്റ്റാർ എന്ന് എന്നെ വിളിക്കപ്പെടുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. എനിക്കിപ്പോഴും അങ്ങനെ തോന്നുന്നു. എന്താണ് അവരെന്നെ സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നതെന്ന് എനിക്കറിയില്ല.”
Read more: രജനിയെ സൂപ്പര്‍ സ്റ്റാറാക്കിയ പ്രണയിനി; ആദ്യ പ്രണയത്തെ കുറിച്ചോര്‍ത്ത് പൊട്ടിക്കരഞ്ഞ തലൈവര്‍