രജനീകാന്തും സംവിധായകൻ എ ആർ മുരുകദോസും ആദ്യമായി കൈകോർത്ത ദർബാർ ബോക്സ് ഓഫീസിൽ വലിയ വിജയം നേടുമെന്ന പ്രതീക്ഷയിലായിരുന്നു സിനിമാപ്രവർത്തകരും വിതരണക്കാരും. എന്നാൽ ബോക്സ് ഓഫീസിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയാതെ ചിത്രം പരാജയപ്പെടുകയാണ് ചെയ്തത്. ഇതുവഴി നിർമ്മാതാവിനും വിതരണക്കാർക്കും വലിയ നഷ്ടമുണ്ടായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലൈക്ക പ്രൊഡക്ഷൻസ് ആയിരുന്നു ചിത്രത്തിന്റെ നിർമാതാക്കൾ.

നിലവിൽ ‘ദർബാറി’ന്റെ മൊത്തം നഷ്ടം എത്രയെന്ന് കൃത്യമായ റിപ്പോർട്ടുകൾ പുറത്തു വന്നിട്ടില്ല. എന്നിരുന്നാലും, തങ്ങളുടെ നഷ്ടം നികത്താൻ രജനീകാന്തിനോട് ആവശ്യപ്പെടാനാണ് വിതരണക്കാർ പദ്ധതിയിടുന്നത്.

സിനിമയുടെ ബോക്സ് ഓഫീസ് പരാജയത്തിൽ അസ്വസ്ഥരായ വിതരണക്കാർ നഷ്ടം വിവരിക്കുന്ന ഒരു കത്ത് തയ്യാറാക്കി, രജനീകാന്തിന് സമർപ്പിച്ചിരിക്കുകയാണെന്ന് വിതരണക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. “സാധാരണഗതിയിൽ നഷ്ടം 10 മുതൽ 20 ശതമാനം വരെയാണെങ്കിൽ വിതരണക്കാർ മനസ്സിലാക്കാറുണ്ട്. എന്നാൽ നഷ്ടം ആ മാർജിനും കടന്നാൽ അവ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്,” നിർമ്മാതാവും വിതരണക്കാരനുമായ ജി ധനഞ്ജയൻ ഇന്ത്യൻഎക്സ്‌പ്രസ്.കോമിനോട് പറഞ്ഞു.

Read more: ദർബാർ’ അനുഭവങ്ങള്‍: രജനികാന്ത് ചിത്രത്തിന്റെ മലയാളി സഹസംവിധായകന്‍ പറയുന്നു

മുൻപ് തന്റെ സിനിമകൾക്ക് പ്രതീക്ഷിച്ച വിജയം നേടാനാവാതെ നഷ്ടം സംഭവിച്ചപ്പോൾ രജനീകാന്ത് വിതരണക്കാർക്ക് പണം തിരികെ നൽകിയിരുന്നു. ലിംഗ (2014), ബാബ (2002) എന്നീ സിനിമകൾ ബോക്സ് ഓഫീസിൽ പരാജയമായപ്പോൾ രജനീകാന്ത് വിതരണക്കാർക്കും എക്സിബിറ്റർമാർക്കും നഷ്ടപരിഹാരം നൽകിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook