scorecardresearch

എന്റെ ദുശ്ശീലങ്ങളെല്ലാം മാറ്റിയത് ഭാര്യ ലതയാണ്: രജനീകാന്ത്

“ഞാൻ ബസ് കണ്ടക്ടറായിരുന്ന കാലത്ത് ദിവസവും രണ്ടുനേരം മട്ടൺ കഴിക്കുമായിരുന്നു. നിത്യവും മദ്യപിക്കും, ഓരോ ദിവസവും എത്ര സിഗരറ്റാണ് വലിച്ചുകൂട്ടിയതെന്ന് പോലും അറിയില്ല.”

rajinikanth, rajinikanth latest speech, rajinikanth with wife

തന്റെ ആരോഗ്യകരമായ ജീവിതത്തിന്റെ ക്രെഡിറ്റ് ഭാര്യ ലതയ്ക്ക് നൽകി സൂപ്പർസ്റ്റാർ രജനീകാന്ത്. ബസ് കണ്ടക്ടറായിരുന്ന സമയത്ത് തനിക്ക് ധാരാളം ദുശ്ശീലങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഒരു വ്യക്തിയെന്ന നിലയിൽ തന്നെ മാറ്റിമറിച്ച് ദീർഘവും ആരോഗ്യകരവുമായ ഒരു ജീവിതത്തെ സ്നേഹിക്കാൻ പ്രചോദനമായത് ലതയാണെന്നും താരം പറഞ്ഞു. ഭാര്യാ സഹോദരനും നടനും നാടകകൃത്തുമായ വൈ ജി മഹേന്ദ്രയ്ക്ക് ഒപ്പം ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു രജനീകാന്തിന്റെ വാക്കുകൾ.

“വൈ ജി മഹേന്ദ്രയെക്കുറിച്ച് ഞാൻ എന്താണ് പറയുക? ലതയെ പരിചയപ്പെടുത്തിയതും എനിക്ക് വിവാഹം കഴിച്ചു തന്നതും അദ്ദേഹമാണ്. എനിക്ക് ഇപ്പോൾ 73 വയസ്സായി, എന്റെ ആരോഗ്യത്തിന് കാരണം എന്റെ ഭാര്യയാണ്. ഞാൻ ഒരു ബസ് കണ്ടക്ടറായിരിക്കുമ്പോൾ, തെറ്റായ കൂട്ടുക്കെട്ടുകൾ കാരണം, എനിക്ക് നിരവധി മോശം ശീലങ്ങൾ ഉണ്ടായിരുന്നു. അന്നൊക്കെ ദിവസവും രണ്ടുനേരം മട്ടൺ കഴിക്കുമായിരുന്നു ഞാൻ. നിത്യവും മദ്യപിക്കുമായിരുന്നു, ഓരോ ദിവസവും എത്ര സിഗരറ്റാണ് വലിച്ചുകൂട്ടിയതെന്ന് പോലും അറിയില്ല. സിനിമയിൽ വന്നതിനു ശേഷം പണവും പ്രശസ്തിയും കൂടിയപ്പോൾ ഇതൊക്കെ എത്രത്തോളം വർധിച്ചിട്ടുണ്ടാവുമെന്ന് സങ്കൽപ്പിച്ചുനോക്കൂ.”

“ദിവസവും രാവിലെ എനിക്ക് മട്ടൺ പായ സൂപ്പും അപ്പവും ചിക്കനും കഴിക്കണം. സസ്യാഹാരികളെ ഞാൻ പുച്ഛത്തോടെയാണ് കണ്ടിരുന്നത്. അവരൊക്കെ എന്താണ് കഴിക്കുന്നതെന്ന് വരെ ഞാൻ അത്ഭുതപ്പെടുമായിരുന്നു. സത്യസന്ധമായി പറഞ്ഞാൽ, സിഗരറ്റ്, മദ്യം, മാംസം എന്നിവ അപകടകരമായൊരു കോമ്പിനേഷനാണ്. പരിധിയില്ലാതെ ഇതെല്ലാം ചെയ്യുന്നവർ 60 വയസ്സ് വരെ ആരോഗ്യത്തോടെ ജീവിച്ചിട്ടില്ല. 60 വയസ്സ് തികയുന്നതിന് മുമ്പ് തന്നെ പലർക്കും ആരോഗ്യപ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അതിന് നിരവധി ഉദാഹരണങ്ങളുണ്ട്, ആരെയും പേരെടുത്ത് പരാമർശിക്കുന്നില്ല.” അദ്ദേഹം പറഞ്ഞു.

തന്റെ നല്ല ആരോഗ്യത്തിന് കാരണം ഭാര്യ ലതയാണെന്നും രജനീകാന്ത് കൂട്ടിച്ചേർത്തു. “അവളെന്നെ സ്നേഹം കൊണ്ട് മാറ്റിയെടുത്തു. സ്നേഹത്തോടെയും ശരിയായ ഡോക്ടർമാരുടെയും സഹായത്തോടെയും അവളെന്റെ ജീവിതം ചിട്ടപ്പെടുത്തിയെടുത്തു. അതിന് വൈ ജി മഹേന്ദ്രനോട് നന്ദി പറയുന്നു,” രജനീകാന്തിന്റെ വാക്കുകളിങ്ങനെ.

സ്റ്റൈലിൽ സിഗരറ്റ് വലിക്കുന്നത് ഒരുകാലത്ത് രജനികാന്ത് ചിത്രങ്ങളുടെ ട്രേഡ് മാർക്ക് ആയിരുന്നു. നിരവധി ചിത്രങ്ങളിൽ രജനീകാന്ത് ഇത്തരത്തിൽ ആരാധകരുടെ കയ്യടി നേടിയിട്ടുണ്ട്. ഇതെല്ലാം വർഷങ്ങളായി താരത്തിന്റെ ആരാധകരെ സ്വാധീനിച്ചിട്ടുണ്ടെന്ന് പറയുന്നതിലും തെറ്റില്ല.

എന്നാൽ 2005ൽ ഇറങ്ങിയ ‘ചന്ദ്രമുഖി’ എന്ന സിനിമ മുതൽ, സ്‌ക്രീനിൽ ഈ ശീലം പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന് രജനീകാന്ത് തീരുമാനിച്ചു. പേട്ടയിൽ (2019) വിജയ് സേതുപതിയുടെ സിഗരറ്റിൽ നിന്ന് വലിച്ചെടുക്കുന്ന സീൻ കാണിക്കുന്നുണ്ടെങ്കിലും, “ഇത് ആരോഗ്യത്തിന് നല്ലതല്ല. അനുഭവത്തിൽ നിന്ന് വരുന്നതാണ്,” എന്ന് ആ കഥാപാത്രം പറയുന്നുണ്ട്. അതുപോലെ, കാലായിൽ (2018), ഒരു പാട്ടിൽ രജനീകാന്ത് മദ്യപിക്കുന്നത് കാണിക്കുന്നുവെങ്കിലും പിന്നീട് വരുന്ന സീനിൽ മദ്യം അശ്രദ്ധയാണെന്ന് കുറ്റപ്പെടുത്തുന്നു. ചിത്രത്തിൽ ആ കഥാപാത്രത്തിന്റെ ഭാര്യയുടെ മരണത്തിലേക്ക് നയിക്കുന്നതും മദ്യം തന്നെ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Rajinikanth credits wife latha for his long healthy life