ഏവരിൽ നിന്നും നല്ല അഭിപ്രായം നേടി കൊണ്ട് മുന്നേറുകയാണ് എസ്.എസ്.രാജമൗലി സംവിധാനം ചെയ്‌ത ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2. സിനിമാ പ്രേമികളും സിനിമാ പ്രവർത്തകരും ഇരു കൈയ്യും നീട്ടിയാണ് ഈ ചിത്രത്തെ സ്വീകരിച്ചിരിക്കുന്നത്. ബാഹുബലിയെയും സംവിധായകൻ രാജമൗലിയെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്‌റ്റൈൽ മന്നൻ രജനീകാന്ത്. വ്യത്യസ്‌തമായ വേഷങ്ങൾ കൊണ്ട് നമ്മെ വിസ്‌മയിപ്പിച്ച രജനീകാന്തിനെയും വിസ്‌മയിപ്പിച്ചിരിക്കുകയാണ് രാജമൗലിയും കൂട്ടരും.

“ബാഹുബലി 2 ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണ്. ദൈവത്തിന്റെ സ്വന്തം മകനായ രാജമൗലിക്കും സംഘത്തിനും എന്റെ അഭിനന്ദനം “.രജനീകാന്ത് ട്വിറ്ററിൽ കുറിച്ചു. മാസ്റ്റർ പീസ് സിനിമകളിലൊന്നാണ് ബാഹുബലിയെന്നും രജനീകാന്ത് പറയുന്നു.

രജനീകാന്തിന്റെ അഭിനന്ദനത്തിൽ സന്തോഷവനാണ് രാജമൗലിയെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും മനസിലാക്കാം. തലൈവാ….ദൈവം നേരിട്ടുവന്ന് അനുഗ്രഹിച്ച പോലുളള അനുഭവമാണ്. ഇതിലും വലുതായി മറ്റൊന്നുമില്ലെന്നും രാജമൗലി ട്വിറ്ററിൽ കുറിച്ചു.

രജനീകാന്തിനെ മാത്രമല്ല, ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകൻ ശങ്കറിനെയും ഞെട്ടിച്ചിരിക്കുകയാണ് ബാഹുബലി 2. ഇന്ത്യൻ സിനിമയുടെ അഭിമാനമെന്നാണ് ചിത്രം കണ്ട ശേഷം ശങ്കർ ട്വിറ്ററിൽ കുറിച്ചത്. രാജമൗലിയെയും ടീമിനെയും അകമഴിഞ്ഞ് അഭിനന്ദിക്കുന്നുമുണ്ട് അദ്ദേഹം. ഇനിയും കഠിനമായി പ്രവർത്തിക്കാനുളള പ്രചോദനമാണ് ഈ വാക്കുകളെന്ന് രാജമൗലി ട്വിറ്ററിൽ കുറിക്കുന്നു. ബിഗ് ബജറ്റ് സിനിമകൾ ഒരുക്കുന്നതിൽ പേര് കേട്ട നടനാണ് ശങ്കർ. 400 കോടിയ്‌ക്ക് മുകളിൽ ബജറ്റിലാണ് ശങ്കറിന്റെ ‘2.0’ ഒരുങ്ങുന്നത്.

2015 ൽ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗമാണ് ബാഹുബലി 2. ഏപ്രിൽ 28നാണ് ചിത്രം തിയേറ്ററിലെത്തിയത്. പ്രേക്ഷകരുടെ ഇഷ്‌ടം നേടി ജൈത്രയാത്ര തുടരുകയാണ് ഈ ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ