പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഏ.ആര്‍ മുരുഗദോസ്- രജനികാന്ത്- നയൻതാര ടീം ഒരുമിക്കുന്ന ‘ദർബാർ’. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ‘ദർബാറി’ന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നയന്‍താരയും രജനികാന്തും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പൊലീസ് യൂണിഫോമിലാണ് രജനികാന്ത് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.
രജനികാന്ത് 25 വര്‍ഷത്തിനു ശേഷം പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൊലീസ് യൂണിഫോമില്‍ നിറയെ ആയുധങ്ങളുടെ ബാക്ക്ഗ്രൗണ്ടിലുള്ള രജനികാന്തായിരുന്നു ഫസ്റ്റ്‌ലുക്ക്. രജനികാന്തും എ.ആര്‍ മുരുഗദോസും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് ‘ദര്‍ബാര്‍’. ‘പേട്ട’ എന്ന ചിത്രത്തിന്റെ മെഗാ വിജയത്തിനു ശേഷം അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കുന്ന രജനി ചിത്രം എന്ന പ്രത്യേകതയും ‘ദർബാറി’നുണ്ട്.
ഇത് നാലാമത്തെ തവണയാണ് രജനീകാന്തും നയന്‍താരയും ഒന്നിക്കുന്നത്. ‘ചന്ദ്രമുഖി’, ‘കുശേലന്‍’, ‘ശിവജി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നയന്‍താര തലൈവര്‍ക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ദര്‍ബാറി’നുണ്ട്. 2020 ല്‍ പൊങ്കലിന് റിലീസ് ചെയ്യാവുന്ന രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്.
Read More: രജനികാന്തിനൊപ്പം ഇത് നാലാം തവണ; നയൻതാര ‘ദർബാറി’ൽ
‘തുപ്പാക്കി’,’ഗജിനി’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ മുരുഗദോസ്’സര്‍ക്കാറി’നു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദര്‍ബാര്‍’. രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘2.0’ന്റെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് ‘ദര്‍ബാറും’ നിര്‍മ്മിക്കുന്നത്. മുരുഗദോസിന്റെ ‘കത്തി’ (2014) എന്ന ചിത്രം നിര്‍മ്മിച്ചു കൊണ്ട് നിര്‍മ്മാണരംഗത്തേക്ക് കടന്നുവന്ന ലൈക പ്രൊഡക്ഷന്‍സ് വീണ്ടും മുരുഗദോസ് ചിത്രത്തിനു വേണ്ടി കൈകോര്‍ക്കുന്നു എന്നതും യാദൃശ്ചികമാണ്.
സന്തോഷ് ശിവനാണ് ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫര്‍. ദളപതി’യ്ക്ക് ശേഷം നീണ്ടൊരു ഇടവേളയ്ക്കു ശേഷമാണ് രജനീകാന്ത് ചിത്രത്തിന് സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.