മണിരത്നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിനായി 26 വര്‍ഷം മുമ്പാണ് മമ്മൂട്ടിയും രജനീകാന്തും ഒന്നിച്ചത്. മഹാഭാരതത്തിലെ കര്‍ണന്‍റെ കഥയുടെ പശ്ചാത്തലത്തിലാണ് മണിരത്നത്തിന്റെ ചിത്രത്തിലെ കഥാപാത്ര നിര്‍മ്മിതി. ഇത്രയും പ്രത്യേകതകളെല്ലാം പരിഗണിച്ചാലും ‘ദളപതി’യുടെ പ്രേക്ഷകപ്രീതിക്ക് പ്രധാന കാരണം അത് മമ്മൂട്ടിയും രജനികാന്തും ഒരുമിച്ച സിനിമയാണ് എന്നതാണ്.

സൂര്യ എന്ന കഥാപാത്രമായി രജനീകാന്തും ദേവരാജന്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയും തകര്‍ത്താടിയ സിനിമ. എന്നാല്‍ ഈ രണ്ട് താരങ്ങളും വീണ്ടും ഒന്നിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തവണ തമിഴ് ചിത്രത്തില്‍ അല്ല സൂപ്പര്‍താരങ്ങള്‍ ഒരുമിക്കുന്നത്. ഒരു മറാത്തി ചിത്രത്തിനായാണ് രണ്ട് ദശാബ്ദത്തിന് ശേഷമുളള കൂടിച്ചേരല്‍.

മിറര്‍ ഓണ്‍ലൈനിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ‘പസായദന്‍’ എന്ന് പേരിട്ട ചിത്രത്തിലൂടെ ഇരുവരും മറാത്തിയില്‍ അരങ്ങേറ്റം നടത്തും. നവാഗതനായ ദീപക് ഭാവെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 48-ാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘ഇടക്’ എന്ന മറാത്തി ചിത്രത്തിന്റെ സഹ- എഴുത്തുകാരനാണ് ദീപക് ഭാവെ.

നിര്‍മ്മാതാവും രാഷ്ട്രീയ നേതാവുമായ ബാലകൃഷ്ണ സുര്‍വെ ആണ് ചിത്രം നിര്‍മ്മിക്കുക. അതേസമയം രജനിയുടെ അടുത്ത തമിഴ് ചിത്രമായ ‘കാല’യില്‍ മമ്മൂട്ടി അംബേദ്കറായി അഭിനയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനി ഒരു അധോലോക നേതാവായാണ് അഭിനയിക്കുക.

നിലവില്‍ ശങ്കറിന്റെ 2.0 എന്ന ചിത്രത്തിലാണ് രജനി അഭിനയിക്കുന്നത്. ഏഷ്യയിലെ തന്നെ ചെലവേറിയ ചിത്രമായി ഇത് മാറിയേക്കും. അക്ഷയ് കുമാര്‍, എമി ജാക്സണ്‍, എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എ.ആര്‍.റഹ്മാന്‍ സംഗീതമൊരുക്കുന്ന ചിത്രം ത്രിഡിയിലാണ് ഒരുങ്ങുന്നത്. മാസ്റ്റര്‍പീസിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook