സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 2.0. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനിക്കൊപ്പം ബോളിവുഡ് താരം അക്ഷയ് കുമാറുമുണ്ട്. നേരത്തേ ചിത്രം ഡിസംബറില്‍ തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീടത് ജനുവരിയിലേക്ക് മാറ്റി. എന്നാല്‍ ഏറ്റവും ഒടുവില്‍ അറിയുന്നത് 2.0 ഏപ്രില്‍ 27ന് തിയേറ്ററുകളില്‍ എത്തുമെന്നാണ്. ട്വിറ്ററിലൂടെയാണ് റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പ്രത്യേക തീയതിയൊന്നും ഇതുവരെ പറഞ്ഞിട്ടില്ല. ബാഹുബലി രണ്ടാം ഭാഗം തിയേറ്ററുകളിലെത്തിയത് കഴിഞ്ഞ ഏപ്രില്‍ 28നാണ്. ബാഹുബലിയുടെ വിജയം പോലെ ചരിത്രം ആവര്‍ത്തിക്കാന്‍ പോകുകയാണെന്നും തരണ്‍ തന്റെ ട്വീറ്റില്‍ പറയുന്നു.

അക്ഷയ് കുമാര്‍ തന്റെ പുതിയ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതിനു പുറമെയാണ് 2.0യുടെ റിലീസ് തീയതിയും പ്രഖ്യാപിക്കുന്നത്. അക്ഷയ് കുമാര്‍ നിര്‍മ്മിച്ച ചിത്രം പദ്മന്‍ അടുത്ത ജനുവരി 26ന് പുറത്തിറങ്ങും. 2.0യും ജനുവരി 26ന് എത്തും എന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്.

2.0യില്‍ രജനീകാന്തിനേയും അക്ഷയ് കുമാറിനേയും കൂടാതെ എമി ജാക്‌സണും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തെന്നിന്ത്യയിലേക്കുള്ള അക്ഷയ് കുമാറിന്റെ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ