/indian-express-malayalam/media/media_files/uploads/2019/01/2.0-rajani-kanth.jpg)
നിരവധി ഘടകങ്ങളാൽ പോയവർഷം ഏറ്റവും പ്രതീക്ഷകളോടെ വന്ന് നിരവധി റെക്കോർഡുകൾ കരസ്ഥമാക്കിയ ചിത്രമാണ് ശങ്കർ- രജനീകാന്ത്- അക്ഷയ് കുമാർ കൂട്ടുകെട്ടിലൊരുങ്ങിയ '2.0'. 2018 ലെ ഇന്ത്യൻ സിനിമാ വിപണിയെ അടയാളപ്പെടുത്തുമ്പോൾ അതിൽ ഏറ്റവും ശ്രദ്ധേയമായൊരിടം തന്നെ '2.0' എന്ന ബ്രഹ്മാണ്ഡചിത്രം കയ്യാളുന്നുണ്ട്.
ഇപ്പോഴിതാ, '2.0' സ്വന്തമാക്കിയ മറ്റൊരു റെക്കോർഡ് വിശേഷം കൂടി വാർത്തകളിൽ നിറയുകയാണ്. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോ ആണ് ചിത്രത്തെ സംബന്ധിക്കുന്ന പുതിയൊരു റേക്കോർഡ് നേട്ടം പുറത്തുവിട്ടിരിക്കുന്നത്. സെക്കന്റിൽ 16 ടിക്കറ്റ് എന്ന നിരക്കിലാണ് 2.0 വിന്റെ ടിക്കറ്റുകൾ വിറ്റുപോയിരിക്കുന്നത് എന്നാണ് ബുക്ക് മൈ​ ഷോയുടെ വാർഷിക കണക്കെടുപ്പുകൾ പറയുന്നത്. 2017 ഡിസംബർ ഒന്നു മുതൽ 2018 ഡിസംബർ 18 വരെയുള്ള കണക്കുകളുടെ അനലിറ്റിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് '2.0' ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 2018 ൽ വിവിധ ഭാഷകളിൽ നിന്നായി 1780 ചിത്രങ്ങളുടെ ടിക്കറ്റുകളാണ് ഈ ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോം വഴി വിറ്റുപോയിരിക്കുന്നത്.
മുൻപ് അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലും '2.0' റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു. മൂന്നു ഭാഷകളിലായി ഒരുങ്ങിയ ചിത്രത്തിന്റെ ഒരു മില്യണിലേറെ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ പ്ലാറ്റ്‌ഫോം വഴി മുൻകൂറായി വിറ്റുപോയതെന്ന് ബുക്ക് മൈ ഷോയുടെ ചീഫ് ഓപ്പറേറ്റീവ് ഓഫീസർ ആഷിഷ് സക്സേന വെളിപ്പെടുത്തിയിരുന്നു.
ബുക്ക് മൈ ഷോയുടെ 2018 ലെ ടോപ്പ് ഗ്രോസിംഗ് മൂവികളുടെ പട്ടികയിലും ഒന്നാം സ്ഥാനത്താണ് '2.0' വിന്റെ സ്ഥാനം. 341 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 297 കോടി രൂപ ഗ്രോസ് നേടി 'സഞ്ജു'വും 268 കോടി ഗ്രോസ് നേടി 'പത്മാവതും' തൊട്ടു പിറകിലുണ്ട്. 'ടൈഗർ സിന്ദാ ഹെ', 'അവഞ്ചേഴ്സ്: ഇൻഫിനിറ്റ് വാർ', 'ബാഗി 2', 'റേസ് 3', 'ബധായി ഹോ', 'തംഗ്സ് ഓഫ് ഹിന്ദോസ്ഥാൻ', 'റാസി' എന്നീ ചിത്രങ്ങളും ഈ വർഷത്തെ ടോപ്പ് ഗ്രോസിംഗ് മൂവികളുടെ പട്ടികയിൽ ആദ്യ പത്തിൽ വരുന്നുണ്ട്. മലയാളം, കന്നട ഭാഷാചിത്രങ്ങളുടെ ഓൺലൈൻ ടിക്കറ്റ് വിൽപ്പനയിലും ഈ വർഷം ശ്രദ്ധേയമായ വളർച്ചയുണ്ടായിട്ടുണ്ടെന്നാണ് ബുക്ക് മൈ ഷോയുടെ റിപ്പോർട്ടുകൾ പറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.