ശങ്കർ- രജനീകാന്ത്- അക്ഷയ് കുമാർ കൂട്ടുകെട്ടിന്റെ ബ്രഹ്മാണ്ഡചിത്രം ‘2.0’ ബോക്സ് ഓഫീസ് ഇളക്കിമറിച്ച് മുന്നേറുന്നു. നാലു ദിവസം കൊണ്ട് ചിത്രം 400 കോടി കളക്റ്റ് ചെയ്തു എന്നാണ് ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന പുതിയ റിപ്പോർട്ടുകൾ.

ട്രേഡ് അനലിസ്റ്റായ തരൺ ആദർശാണ് ‘2.0’ന്റെ ഹിന്ദി വേർഷന്റെ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി വേർഷൻ നാലു ദിവസം കൊണ്ട് ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത് 63.25 കോടി രൂപയാണ്.

ഇന്ത്യയിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ് ‘2.0’. 450 കോടി രൂപയോളം വരുന്ന മെഗാ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ത്രിഡി സാങ്കേതികതയ്ക്ക് ഏറെ പ്രാധാന്യം നൽകിയ ചിത്രത്തിനു പിറകിൽ 1000 ത്തിലേറെ വരുന്ന ടെക്നീഷ്യനമാരുടെ അധ്വാനമുണ്ട്. ഏതാണ്ട് നാലു വർഷത്തോളം സമയമെടുത്താണ് ചിത്രം പൂർത്തിയാക്കിയത്. റിലീസിങ്ങിന്റെ അന്നു തന്നെ പൈറസി വെബ്സൈറ്റായ തമിഴ് റോക്കേഴ്സ് ചിത്രം ചോർത്തി ഇന്റർനെറ്റിൽ റിലീസ് ചെയ്തത് ചിത്രത്തിനെ പ്രതികൂമായി ബാധിക്കുമെന്ന ആശങ്കയിലായിരുന്നു നിർമ്മാതാക്കൾ.

ചിത്രത്തിന്റെ പൈറേറ്റഡ് വേർഷനെ പ്രോത്സാഹിപ്പിക്കരുതെന്നും തിയേറ്റർ അനുഭവം മിസ്സാക്കരുതെന്നും ആരാധകരോട് അഭ്യർത്ഥിച്ചുകൊണ്ട് നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും രംഗത്തു വന്നിരുന്നു. കൺമുന്നിൽ കാണുന്ന ചിത്രത്തിന്റെ പൈറസി ലിങ്കുകൾ റിപ്പോർട്ട് ചെയ്യാനും നിർമ്മാതാക്കൾ ആരാധകരോട് അഭ്യർത്ഥിച്ചിരുന്നു. തിയേറ്ററുകളിൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും മുടക്കുമുതൽ തിരിച്ചുപിടിച്ചു കൊണ്ട് മുന്നേറുന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിജയം നിർമ്മാതാക്കൾക്ക് ആശ്വാസകരമാവുകയാണ്.

ഏറെ പ്രതീക്ഷകളോടെ ആരാധകർ കാത്തിരുന്ന ചിത്രമായിരുന്നു ‘2.0’ എങ്കിലും കഥാപരമായും മറ്റും പ്രേക്ഷകരെ സംതൃപ്തരാക്കുന്നതിൽ ചിത്രം വേണ്ടത്ര വിജയിച്ചിരുന്നില്ല. ” സിനിമ ഒന്ന് ‘ക്ലച്ച് പിടിക്കുന്നത്‌’ ഇന്റെര്‍വെല്ലിനു ശേഷമാണ് – പക്ഷിരാജയായി അക്ഷയ് കുമാര്‍ എത്തിയതിനു ശേഷം. ഭയം കൊണ്ടും, ദേഷ്യം കൊണ്ടും വില്ലനായിത്തീര്‍ന്ന നല്ലവനാണയാള്‍. തന്റെ കൂട്ടുകാരെ രക്ഷിക്കാനായി പക്ഷിരാജ എന്തും ചെയ്യും. കൊല്ലണമെങ്കില്‍ കൊല്ലും, സെല്‍ ഫോണ്‍ പിടിച്ചിരിക്കുന്ന കൈകള്‍, സെല്‍ ടവറുകള്‍, കെട്ടിടങ്ങള്‍ എന്നിവ നിഷ്കരുണം തകര്‍ക്കും. സിനിമയ്ക്ക് ആവശ്യമുള്ള എനെര്‍ജി കൊണ്ട് വരുന്നത് അക്ഷയ് ആണ്, ഹൃദയത്തില്‍ തൊടുന്ന ചില നിമിഷങ്ങളും അക്ഷയ് സമ്മാനിക്കുന്നുണ്ട്. സ്വര്‍ണ്ണ തിളക്കമുള്ള ആ കണ്ണുകള്‍ ഒരു മെറ്റല്‍ കേസില്‍ വച്ച് പൂട്ടിക്കഴിഞ്ഞാല്‍, ക്ലൈമാക്സില്‍ ഇനി ശങ്കര്‍ എന്ത് ചെയ്യും എന്ന ചോദ്യം ബാക്കി നില്‍ക്കും. സംവിധായകന്‍ പക്ഷേ എന്തൊക്കെയോ ചെയ്യുന്നുണ്ട്. ആദ്യത്തെ ഞെട്ടലും, അന്തംവിടലും കഴിഞ്ഞാല്‍ ഒന്നും മനസ്സില്‍ തട്ടുന്നില്ല എന്ന് മാത്രം,” ഇന്ത്യൻ എക്‌പ്രസ് ഫിലിം ക്രിട്ടിക്കായ ശുഭ്ര ഗുപ്ത എഴുതുന്നു.

Read more: Rajinikanth’s 2.0 Review: കൊട്ടിഘോഷിക്കുന്ന പോലെ ഒന്നുമില്ല

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ