ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ‘ജയ ജയ ജയ ജയ ഹേ’ മൂന്നാഴ്ച പിന്നിടുമ്പോഴും തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സമൂഹം അഡ്രസ്സ് ചെയ്യപ്പെടേണ്ട ചില വിഷയങ്ങളെ നർമ്മത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുകയാണ് വിപിൻ ദാസ്. ബേസിലിനും ദർശനയ്ക്കുമൊപ്പം ചിത്രത്തിലെ പ്രധാന അഭിനേതാക്കളായെത്തിയ അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, ആനന്ദ് മന്മഥൻ, ചിത്രത്തിലെ അമ്മ വേഷം ചെയ്ത കനകം, ഉഷ ചന്ദ്രബാബു തുടങ്ങിയവരുടെ പ്രകടനവും ഏറെ ശ്രദ്ധ നേടുകയാണ്.
ചിത്രത്തിൽ നിന്നും ഡിലീറ്റ് ചെയ്തു കളഞ്ഞ ടെയിൽ എൻഡ് സീൻ യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ജയയുടെ സഹോദരൻ ജയന്റെ വിവാഹത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാനാവുക. വിവാഹ ചടങ്ങിനിടെ ജയയുടെ കാമുകനായിരുന്ന ദീപുവും ഭർത്താവായിരുന്ന രാജേഷും മുഖാമുഖം കാണുന്നതും സംസാരിക്കുന്നതുമാണ് വീഡിയോയുടെ ഹൈലൈറ്റ്.
ചിത്രത്തിൽ ഏറെ ചിരിപ്പിച്ച രണ്ടു കഥാപാത്രങ്ങളാണ് ദീപുവും രാജേഷും. ഒരു നാണയത്തിന്റെ രണ്ടുവശങ്ങളായവർ. ഒരാൾ അടിമുടി ടോക്സിക് ഭർത്താവാകുമ്പോൾ മറ്റൊരാൾ പുറത്ത് പുരോഗമനം പറയുകയും ജീവിതത്തിൽ നേർവിപരീതമായി പെരുമാറുകയും ചെയ്യുന്ന ‘കലിപ്പൻ’ കാമുകനാണ്.