പ്രശസ്ത ഛായാഗ്രഹകനും സംവിധായകനും നിർമ്മാതാവുമായ രാജീവ് രവി തന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് സംവിധായകൻ അഭിനേതാക്കളെ തേടുന്ന കാര്യം രാജീവ് രവിയുടെ ഭാര്യയും നടിയും സംവിധായികയുമായ ഗീതുമോഹൻദാസ് ആണ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. 18 നും 55 നും ഇടയിൽ പ്രായമുള്ള അഭിനേതാക്കളെയാണ് തേടുന്നത്.

ദുൽഖർ സൽമാനും വിനായകനും മണികണ്ഠനും ശ്രദ്ധേയ വേഷങ്ങളിലെത്തിയ ‘കമ്മട്ടിപ്പാടം’ ആയിരുന്നു രാജീവ് രവി അവസാനം സംവിധാനം ചെയ്ത മലയാളചിത്രം. കമ്മട്ടിപ്പാടത്തും കൊച്ചിയുടെ പരിസരങ്ങളിലും ചതുപ്പിൽ താഴ്ത്തപ്പെട്ടവരുടെയും റിയൽ എസ്റ്റേറ്റ് മാഫിയാ രാജാക്കന്മാരുടെയും കഥ പറഞ്ഞ ചിത്രം ഏറെ നിരൂപകപ്രശംസ നേടുകയും വിനായകന് 2016-ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടികൊടുക്കുകയും ചെയ്തിരുന്നു. രണ്ടു വർഷങ്ങൾക്കു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രവും കൊച്ചിയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്.

എൻ എൻ പിളളയുടെ ജീവിതം ആസ്പദമാക്കിയാണ് രാജീവ് രവിയുടെ അടുത്തചിത്രമെന്നും നിവിന്‍ പോളിയായിരിക്കും ചിത്രത്തിലെ നായകൻ എന്നും മുൻപ് വാർത്തകളുണ്ടായിരുന്നു. അതേ ചിത്രത്തിലേക്കു തന്നെയാണോ ഇപ്പോൾ താരങ്ങളെ തേടുന്നത് എന്ന കാര്യം വ്യക്തമല്ല.

കേരളത്തിനെ ദുരിതത്തിലാഴ്ത്തിയ പ്രളയത്തെ ആസ്പദമായി ഒരുങ്ങുന്ന ഡോകുമെന്ററിയുടെ അണിയറയിലും രാജീവ് രവിയുണ്ട്. സിനിമാ മേഖലയിലെ പ്രഗല്‍ഭര്‍ ഒന്നിക്കുന്ന ഈ ഉദ്യമം പ്രളയത്തിനെ രേഖപ്പെടുത്തുന്നതിനൊപ്പം തന്നെ, കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങാവാനുമാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന-ദേശീയ പുരസ്കാരങ്ങള്‍ നേടിയ ‘ബയോസ്കോപ് ‘ എന്ന സിനിമ സംവിധാനം ചെയ്ത കെ.എം.മധുസൂദനനാണ് പ്രളയത്തെക്കുറിച്ചുള്ള ഡോകുമെന്ററിയുടെ സംവിധായകൻ. ഡോക്യുമെന്ററിയുടെ സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്യുന്നത് രാജീവ്‌ രവിയും എം ജെ രാധാകൃഷ്ണന്നും (ക്യാമറ) ഹരികുമാറും (ശബ്ദലേഖനം) ചേർന്നാണ്.

Read more: “ഇന്ത്യയിലെ മികച്ച ഛായാഗ്രാഹകൻ, പക്ഷേ സെൽഫിയെടുക്കാൻ അറിയില്ലെന്നു തോന്നുന്നു”: പ്രളയമുഖത്ത് ‘മുഖം തരാതെ’ രാജീവ് രവി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook