ബോളിവുഡിലെ മീടൂ വിവാദങ്ങൾ അനുദിനം ആളിപ്പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മീടു ക്യാംപെയിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജ് (മാമി). 20-ാമത് ‘മാമി’ ഫിലിം ഫെസ്റ്റിവലിൽ ആരോപണവിധേയരുടെ സിനിമകൾ സ്ക്രീൻ ചെയ്യേണ്ടതില്ലെന്ന നിലപാടാണ് അക്കാദമി കൈകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഫെസ്റ്റിവലിൽ നിന്നും രണ്ടു ചിത്രങ്ങൾ ‘മാമി’ നീക്കം ചെയ്തു. എഐബിയുടെ ‘ചിന്തു കാ ബർത്ത്ഡേ’, രജത് കപൂറിന്റെ ‘കടഖ്’ എന്നീ ചിത്രങ്ങളാണ് ഫെസ്റ്റിവലിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്.

“മീ ടൂ മൂവ്മെന്റിനെ പിന്തുണയ്ക്കുന്ന അക്കാദമിയാണ് ‘മാമി’. അടുത്തിടെയുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് എഐബിയുടെയും രജത് കപൂറിന്റെയും ചിത്രങ്ങൾ ഫെസ്റ്റിവലിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നത്,” സംഘടന ഭാരവാഹികൾ പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ പറയുന്നു.

രജത് കപൂർ അപമര്യാദയായി പെരുമാറി എന്ന വെളിപ്പെടുത്തലുമായി രണ്ടു സ്ത്രീകൾ മുന്നോട്ടുവരികയും തുടർന്ന് രജത് കപൂർ മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. മുംബൈ ആസ്ഥാനമായ കോമഡി കളക്ടീവായ എഐബിയുടെ മെംബറും എഴുത്തുകാരനും കോമേഡിയനുമായ ഉത്സവ് ചക്രബർത്തിക്കെതിരെയും സമാനമായ ലൈംഗിക ആരോപണം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് എഐബി, ഉത്സവ് ചക്രബർത്തിയെ സംഘടനയിൽ നിന്നും പുറത്താക്കുകയും എഐബിയുടെ ഫൗണ്ടിങ് മെംബറും സിഇഒയുമായ തൻമയ് ഭട്ട് സംഘടനയിൽ നിന്ന് രാജിവയ്ക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, മീ ടൂവിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഇവരുടെ സിനിമകൾ സ്ക്രീൻ ചെയ്യേണ്ടെന്ന നിലപാട് മാമി എടുത്തിരിക്കുന്നത്.

“ഈ അവസരം ഫലപ്രദമായി​ ഉപയോഗപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ജോലിസ്ഥലത്തെ പീഡനങ്ങൾ, ലൈംഗിക അതിക്രമം, അപമര്യാദയായി പെരുമാറൽ തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള തുറന്ന സംവാദങ്ങൾക്കും പരിഹാരങ്ങൾ കണ്ടെത്താനുമുള്ള ഒരു പ്ലാറ്റ്‌ഫോമായി ഫെസ്റ്റിവലിനെ ഉപയോഗപ്പെടുത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പോസിറ്റീവും ക്രിയാത്മകവുമായ രീതിയിൽ പ്രശ്നത്തെ അഭിമുഖീകരിക്കുന്നതിനായി സമൂഹത്തിലൊരു ഒത്തൊരുമ ഉണ്ടാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്,” പ്രസ്താവനയിൽ ‘മാമി’ കൂട്ടിച്ചേർക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ