ജയ്‌പൂർ: പത്മാവത് സിനിമ പ്രദർശിപ്പിക്കരുതെന്ന ആവശ്യവുമായി രാജസ്ഥാനിലെ ബിജെപി സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി സമർപ്പിക്കും. ആഭ്യന്തര മന്ത്രി ഗുലാബ് ചന്ത് കട്ടാറിയ ആണ് സഞ്ജയ് ലീല ബൻസാലി ചിത്രത്തിന്റെ പ്രദർശനം തടയാൻ റിവ്യു ഹർജി നൽകുമെന്ന് വ്യക്തമാക്കിയത്.
തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് കട്ടാറിയ പറഞ്ഞു. അതേസമയം, ഇൻഡോറിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും സുപ്രീംകോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വീണ്ടും പരമോന്നത നീതിപീഠത്തിന്റെ വാതിലിൽ മുട്ടുമെന്നാണ് ഇക്കാര്യത്തെ കുറിച്ച് ചൗഹാൻ പ്രതികരിച്ചത്.
ജനുവരി 25 ന് രാജ്യത്താകമാനം സിനിമ റിലീസ് ചെയ്യുന്നതിനുളള അനുമതിയാണ് സുപ്രീംകോടതി നൽകിയത്. രജ്പുത് കർണി സേന റിലീസ് ദിവസം ഭാരത് ബന്ദ് നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജസ്ഥാന്റെ സമ്പന്നമായ ചരിത്രം സംരക്ഷിക്കുന്നതിനാണ് വീണ്ടും സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് ഗുലാബ് ചന്ദ് കട്ടാറിയ വ്യക്തമാക്കി.
കേസ് കൂടുതൽ ശക്തമാക്കാൻ രജ്‌പുത് കർണ്ണി സേനയോടും രജ്‌പുത് സമുദായത്തോടും ഉദയ്‌പൂർ രാജ കുടുംബത്തോടും കേസിൽ കക്ഷി ചേരാനും കട്ടാറിയ ആവശ്യപ്പെട്ടു. കർണി സേന സ്ഥാപകൻ ലോകേന്ദ്ര സിങ് കൽവി സിനിമ ബഹിഷ്കരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 25 ന് സിനിമ പ്രദർശിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമ കാണാൻ ആവശ്യപ്പെട്ട് പത്മാവതിന്റെ അണിയറ പ്രവർത്തകർ കൽവിക്കയച്ച കത്ത്, കത്തിച്ചുകളയുമെന്നും അദ്ദേഹം പ്രതികരിച്ചു.