സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ആദ്യ പ്രണയത്തെ കുറിച്ച് പങ്കുവച്ച് നടന്‍ ദേവന്‍. ആദ്യ പ്രണയിനിയെ കുറിച്ചോര്‍ത്ത് തനിക്കു മുന്‍പിലിരുന്ന് രജനികാന്ത് പൊട്ടിക്കരഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നതായി ദേവന്‍ പറയുന്നു. അധികമാരോടും പറയാത്ത ഈ സംഭവത്തെ കുറിച്ച് മനോരമ മാക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദേവന്‍ പങ്കുവയ്ച്ചത്.
‘ബാഷ’ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്തുള്ള കാര്യമാണ് ദേവന്‍ പറഞ്ഞത്. ബോംബെയില്‍ പത്ത് ദിവസത്തെ ഷൂട്ടിങ്ങിനായാണ് താനും രജനിയും ഒന്നിച്ചുണ്ടായിരുന്നതെന്ന് ദേവന്‍ പറഞ്ഞു. ഹോട്ടലില്‍ താമസിക്കുമ്പോള്‍ രജനിയുടെയും തന്റെയും റൂം തൊട്ടടുത്തായിരുന്നു. ഒരു ദിവസം രാത്രി അത്താഴത്തിനായി രജനി തന്നെ റൂമിലേക്ക് ക്ഷണിച്ചെന്ന് ദേവന്‍ പറയുന്നു. പൊതുവേ സൂപ്പര്‍ താരങ്ങളെല്ലാം ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുമെങ്കിലും അതിലൊന്നും അത്ര ആത്മാര്‍ഥതയുണ്ടാകാറില്ല. അതുകൊണ്ട് തന്നെ രജനികാന്ത് വിളിച്ചപ്പോഴും അത് അത്ര കാര്യമായെടുത്തില്ല.
രാത്രി പുറത്തുപോയി ഷോപ്പിങ് കഴിഞ്ഞുവന്നപ്പോള്‍ രജനികാന്ത് നിരവധി തവണ തന്നെ തിരക്കിയ കാര്യം ഹോട്ടല്‍ ജീവനക്കാരന്‍ അറിയിച്ചു. രജനി സാര്‍ പലതവണ റൂമിലേക്ക് വിളിച്ചതായും ഹോട്ടല്‍ ജീവനക്കാരന്‍ പറഞ്ഞു. അതോടെ താന്‍ ആകെ സങ്കടത്തിലായെന്നും ദേവന്‍ പറയുന്നു. ഉടന്‍ തന്നെ രജനിയുടെ റൂമിലേക്ക് പോയി. അദ്ദേഹം തന്നെ കാത്തിരിക്കുകയായിരുന്നു. വളരെ സന്തോഷത്തോടെ രജനി സാര്‍ എന്നെ സ്വാഗതം ചെയ്തു. റൂമിലെത്താന്‍ വൈകിയതിനു രജനി സാറിനോട് ക്ഷമ ചോദിച്ചു. എന്നാല്‍, അതൊന്നും സാരമില്ലെന്ന മറുപടിയാണ് രജനി സര്‍ നല്‍കിയത്. റൂമില്‍ ഒരു ഫുള്‍ ബോട്ടില്‍ മദ്യവും രണ്ട് ഗ്ലാസുമുണ്ടായിരുന്നു. രജനി സാറും താനും തമ്മില്‍ ഏറെ സംസാരിച്ചു.
സംസാരത്തിനിടയില്‍ ആദ്യ പ്രണയത്തെ കുറിച്ചായി ചര്‍ച്ച. എനിക്ക് ആദ്യ പ്രണയമുണ്ടോ എന്ന് രജനി സാര്‍ ചോദിച്ചു. കോളേജ് കാലഘട്ടത്തിലെ പ്രണയത്തെ കുറിച്ച് രജനി സാറിനോട് പങ്കുവച്ചു. എന്റെ പ്രണയകഥ കേട്ടപ്പോള്‍ രജനി സാര്‍ കുറേ കരഞ്ഞു. പിന്നീട് രജനി സാറിന് പ്രണയമുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം ആദ്യ പ്രണയത്തെ കുറിച്ച് എന്നോട് പങ്കുവച്ചു.
Read Also: ആ ചായ മുഴുവന്‍ കുടിക്കരുത്; കല്യാണപ്പിറ്റേന്ന് സംയുക്ത പറഞ്ഞത്
നിര്‍മല എന്നു പേരുള്ള പെണ്‍കുട്ടിയോടായിരുന്നു ആദ്യ പ്രണയമെന്ന് രജനി സാര്‍ പറഞ്ഞു. നിമ്മി എന്നാണ് അവരെ വിളിക്കുന്നതെന്നും രജനി സാര്‍ പറഞ്ഞു. പിന്നീട് അദ്ദേഹം തന്റെ പ്രണയത്തെ കുറിച്ച് പങ്കുവയ്ക്കാന്‍ തുടങ്ങി.
രജനി സര്‍ ബസ് കണ്ടക്ടറായിരിക്കെ ഒരിക്കല്‍ ഒരു പെണ്‍കുട്ടി ബസിന്റെ ഫ്രണ്ട് ഡോര്‍ വഴി കയറി. പൊതുവേ ബാക്ക് ഡോറുവഴിയാണ് കയറുക. ഫ്രണ്ട് ഡോര്‍ വഴി പുറത്തിറങ്ങുകയാണ് വേണ്ടത്. അതുകൊണ്ട് തന്നെ ഫ്രണ്ട് ഡോര്‍ വഴി ആ പെണ്‍കുട്ടി കയറിയപ്പോള്‍ രജനി സാര്‍ തടയാന്‍ ശ്രമിച്ചു. അന്ന് തുടങ്ങിയ ബന്ധമാണ് പിന്നീട് രജനി സാറിന്റെ ജീവിതത്തിലെ ആദ്യ പ്രണയമായത്.
Read Also: ദുൽഖറിന് ചെക്ക് പറഞ്ഞ് സുരേഷ് ഗോപി
ഒരു ദിവസം താന്‍ അഭിനയിച്ച നാടകം കാണാനായി രജനി സാര്‍ നിമ്മിയെ ക്ഷണിച്ചു. അവര്‍ നാടകം കണ്ടു. പിന്നെയും കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ രജനി സാറിന് ഒരു ഇന്റർവ്യൂ കാര്‍ഡ് വന്നു. ചെന്നൈ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്നാണ് അതു വന്നത്. എന്നാല്‍, രജനി സാര്‍ അങ്ങോട്ട് അപേക്ഷ അയച്ചിട്ടുണ്ടായിരുന്നില്ല. പിന്നീട് ചോദിച്ചറിഞ്ഞപ്പോള്‍ നിമ്മിയാണ് അപേക്ഷ അയച്ചതെന്ന് രജനി സാറിന് മനസ്സിലായി. നാടകത്തിലെ അഭിനയം കണ്ട് രജനി സാറില്‍ വലിയൊരു നടനുണ്ടെന്ന് മനസ്സിലാക്കിയപ്പോഴാണ് നിമ്മി അപേക്ഷ അയച്ചത്. ഇക്കാര്യം നിര്‍മല തന്നെ രജനി സാറിനോട് പറഞ്ഞിട്ടുണ്ടായിരുന്നു. അങ്ങനെ നിമ്മി നല്‍കിയ 500 രൂപയും കൊണ്ടാണ് ചെന്നൈയിലേക്ക് രജനികാന്ത് വണ്ടി കയറിയത്.
ചെന്നൈയില്‍ പഠനം തുടങ്ങി കുറച്ച് കഴിഞ്ഞ് നിമ്മിയെ കുറിച്ച് അന്വേഷിച്ചു. എന്നാല്‍, രജനി സാറിന് യാതൊരു വിവരവും നിമ്മിയെ കുറിച്ച് ലഭിച്ചില്ല. അത് രജനി സാറിനെ നന്നായി വേദനിപ്പിച്ചു. നാട്ടിലെത്തി അന്വേഷിച്ചപ്പോള്‍ നിമ്മിയും കുടുംബവും വീട് മാറിപ്പോയതായി അറിഞ്ഞു. പിന്നെയും അവരെ കുറിച്ചുള്ള അന്വേഷണം രജനി സാര്‍ തുടര്‍ന്നു. ഹിമാലയത്തില്‍ പോയാലും അമേരിക്കയില്‍ പോയാലും രജനി സാര്‍ നിമ്മിയെയാണ് തിരയുന്നത്. ഇതെല്ലാം പറഞ്ഞ് അദ്ദേഹം കുറേ പൊട്ടിക്കരഞ്ഞു. ഒടുവില്‍ തീര്‍ച്ചയായും ഒരു ദിവസം താങ്കള്‍ക്ക് നിമ്മിയെ കാണാന്‍ സാധിക്കുമെന്ന് പറഞ്ഞ് രജനി സാറിനെ ആശ്വസിപ്പിക്കുകയാണ് ചെയ്തതെന്നും ദേവന്‍ പറഞ്ഞു.