സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ തലൈവര്‍ എന്നു സ്‌നേഹത്തോടെ തമിഴ് മക്കള്‍ വിളിക്കാറുണ്ട്. അത് ആ നടനോടുള്ള ആരാധനകൊണ്ടു മാത്രമല്ല, ആ മനുഷ്യനോടുള്ള സ്‌നേഹംകൊണ്ടു കൂടിയാണ്. രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് സൂചന നല്‍കിയ നാള്‍ മുതല്‍ തലൈവര്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.

മലേഷ്യയില്‍ നടികര്‍ സംഘം ഒരുക്കിയ നച്ചത്തിറ വിഴ എന്ന മെഗാ പരിപാടിയില്‍ പങ്കെടുക്കവെ രജനികാന്ത് പറഞ്ഞു ‘എന്നൈ വാഴവെയ്ത്ത മക്കളൈ നല്ലാ വാഴ വയ്ക്കണം.’ അതായത് എനിക്ക് നല്ല ജീവിതം തന്ന ജനങ്ങള്‍ക്ക് തിരിച്ചും നല്ല ജീവിതം നല്‍കണം. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഒരു സ്‌കൂട്ടര്‍ വാങ്ങണമെന്നും ഒരു ബെഡ്‌റൂമുള്ള വീട് സ്വന്തമായി വേണമെന്നുമായിരുന്നെന്നും താരം പരസ്യപ്പെടുത്തി.

നടികര്‍ സംഘം നടത്തിയ പരിപാടിയില്‍ കമല്‍ഹാസനും പങ്കെടുത്തിരുന്നു. തങ്ങളുടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനു ശേഷം താരങ്ങള്‍ രണ്ടുപേരും ആദ്യമായാണ് ഒരുമിച്ചൊരു പരിപാടിയില്‍ പങ്കെടുക്കുന്നത്. കറുപ്പുനിറത്തിലുള്ള വസ്ത്രമായിരുന്നു രജനികാന്ത് ധരിച്ചിരുന്നതെങ്കില്‍ വെളുപ്പായിരുന്നു കമലിന്റെ വസ്ത്രം.

പുതുവര്‍ഷത്തിലായിരുന്നു രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം. വെബ്‌സൈറ്റിന്റെ ഉദ്ഘാടനത്തോടെയായിരുന്നു തുടക്കം. ‘ഞാനൊരു വെബ്‌പേജ് ആരംഭിച്ചിരിക്കുന്നു. റജിസ്റ്റര്‍ ചെയ്തതും, അല്ലാത്തതുമായ ഫാന്‍സ് അസോസിയേഷനുകളും, തമിഴ്‌നാട്ടില്‍ മാറ്റം ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളും വോട്ടര്‍ ഐഡി നമ്പറടക്കം സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണം. നമുക്ക് ഇവിടെ നല്ല മാറ്റത്തിനായി പ്രവര്‍ത്തിക്കാം. തമിഴ്‌നാട് വാഴട്ടെ, തമിഴ് ജനത വാഴട്ടെ” എന്നു പറഞ്ഞകൊണ്ടൊരു വിഡിയോയും രജനി അപ്ലോഡ് ചെയ്തിരുന്നു. തന്റെ ബാബ എന്ന സിനിമയിലെ പ്രശസ്തമായ ‘സത്യം, തൊഴില്‍, ഉന്നതി ‘ എന്ന വാചകം ആണ് വിഡിയോയുടെ ലോഗോ.

ജനങ്ങളെ കൊള്ളയടിക്കുന്നവര്‍ എന്ന് രാഷ്ട്രീയ പാര്‍ട്ടികളെ വിശേഷിപ്പിച്ചു കൊണ്ടാണ് രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയത്. താന്‍ ആത്മീയതിയിലൂന്നിയ രാഷ്ട്രീയമായിരിക്കും പിന്തുടരുക എന്നും, അസംബ്ലി തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മല്‍സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ