‘കാല’യെ കാത്തിരിക്കുകയാണ് ആരാധകര്‍. പോസ്റ്ററും, ട്രെയിലറും, പാട്ടുകളും നല്‍കിയ പ്രതീക്ഷ, കബാലിക്കു ശേഷം പാ രഞ്ജിത്തും രജനിയും ഒന്നിക്കുന്നു എന്ന പ്രതീക്ഷ. അതിനിടയിലാണ് ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ചേരി എന്നറിയപ്പെടുന്ന ധാരാവിയെയാണ് തമിഴ്‌നാട്ടില്‍ സെറ്റിട്ട് ഒരുക്കിയിരിക്കുന്നത്. ആയിരക്കണക്കിന് തൊഴിലാളികള്‍ മാസങ്ങളോളം അധ്വാനിച്ചാണ് ഇത് ഒരുക്കിയിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ധാരാവിയിലെ പേരുകേട്ട ഇടങ്ങളായ ധോബി ഘട്ടും കുംമ്പര്‍വാഡയും എല്ലാം സെറ്റില്‍ അതുപോലെ പകര്‍ത്തിയിരിക്കുകയാണ്.

ജൂണ്‍ ഏഴിനാണ് ചിത്രം ലോകത്തെല്ലായിടത്തും തിയേറ്ററുകളില്‍ എത്തുന്നത്. കേരളത്തില്‍ മാത്രം ഇരുന്നൂറോളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. കര്‍ണാടകയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്ന തീരുമാനത്തിലാണ് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സും തീവ്ര കന്നഡ അനുകൂല സംഘടനകളും. കാവേരി പ്രശ്‌നത്തില്‍ തമിഴ്‌നാടിന് അനുകൂലമായി രജനീകാന്ത് നിലപാടെടുത്തതാണ് കാരണം.

ചിത്രത്തില്‍ മുംബൈ അധോലോക നായകനായാണ് രജനി എത്തുന്നത്. രജനിയുടെ ലുക്കും ഏറെ ചര്‍ച്ചയാണ്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ തലൈവര്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം 80 കോടി മുതല്‍മുടക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. പൊളിറ്റിക്കല്‍ ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. നാനാ പടേക്കര്‍, സമുദ്രക്കനി, ഈശ്വരി റാവു, സുകന്യ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ധനുഷും ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ ഏറെ പ്രാധാന്യമുള്ള ചിത്രമാണ് കാല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ